‘’ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത‘’ ഈ ഘന ഗംഭീരമായ ശബ്ദം ഭാരതത്തിന്റെ മുക്കിലും മൂലയിലും മുഴങ്ങി, അതുവരെ ദീര്‍ഘ സുഷുപ്തിയില്‍ അടിമത്തത്തിന്റെ ആലസ്യത്തില്‍ കിടന്നിരുന്ന ഭാരതം ഉണരാന്‍ തുടങ്ങി. അന്നുണര്‍ന്ന നമ്മുടെ ഭാരതം പിന്നെ ഉറങ്ങിയിട്ടേയില്ല. ഉറക്കത്തില്‍ നിന്നും നമ്മെ ഉണര്‍ത്തിവിട്ട ആ ശബദത്തിന്റെ ഉടമയെ പിന്നീട് ലോകവും ഭാരതവും വിവേകാനന്ദന്‍ എന്ന് വിളിച്ചു. അതെ അദ്ദേഹമായിരുന്ന് സ്വാമി വിവേകാനന്ദന്‍, ഇന്ത്യയുടെ ആത്മീയ തേജസ് ലോകത്തിന് മുമ്പാകെ ഉയര്‍ത്തി വിട്ട മഹാത്മാവ്, ഒരുവേള ഇന്ത്യന്‍ സ്വാത്ന്ത്ര്യത്തിന്റെ കാരണങ്ങളില്‍ ഒരാളായി ഗണിക്കപെടുന്ന ഇന്ത്യയുടെ ക്ഷാത്രവീര്യത്തെ ഉണര്‍ത്തിയ യോഗീവര്യന്‍.
രാജ്യവും ലോകവും ഇന്ന് ആ മഹാനുഭാവന്റെ പാദങ്ങളില്‍ നമിക്കുന്നു. ഇന്ന് സ്വാമി വിവേകാന്ദന്റെ 152-ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഇന്ന് ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് രാജ്യമെങ്ങും വിവിധ ചടങ്ങുകള്‍ നടക്കും. ആധ്യാത്മിക ചിന്തയെ പച്ചയായ ജീവിത തലങ്ങളിലേക്ക് പിടിച്ചിറക്കിക്കൊണ്ടുവന്ന വ്യത്യസ്തനായ വിപ്ളവ തേജസ്സായിരുന്നു സ്വാമി വിവേകാനന്ദന്‍.
സ്വതന്ത്രഭാരതത്തിന്റെ പിതാവായി ഗാന്ധിജിയെ കരുതുകയാണെങ്കില്‍ സ്വതന്ത്ര ഭാരതത്തിന്റെ പ്രവാചകന്‍ നിശ്ചയമായും വിവേകാനന്ദ സ്വാമികളാണ് . മാതൃഭൂമിയെ അദ്ദേഹം പ്രാണവായുവായിക്കണ്ടു . വിപ്ലവകാരികള്‍ക്കും മിതവാദികള്‍ക്കും സാധാരണജനങ്ങള്‍ക്കുമെന്നു വേണ്ട ഭാരതീയ ജീവിതത്തിന്റെ സര്‍വ്വമേഖലകളിലുള്ളവര്‍ക്കും അദ്ദേഹം സ്വാതന്ത്ര്യചിന്തയുടെ പൊന്‍വെളിച്ചം നല്‍കി . ഒരുപിടിച്ചോറുണ്ടാല്‍ ത്രൈലോക്യം ജയിക്കാന്‍ കഴിവുള്ള ദരിദ്രനാരായണന്മാരെപ്പറ്റി ഗാന്ധിജി പഠിച്ചത് വിവേകാനന്ദനില്‍ നിന്നായിരുന്നു .ലാലാ ലജ്പത് റായിയും അരവിന്ദ ഘോഷും , തിലകനും സര്‍വ്വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങള്‍ ഹൃദയത്തിലേറ്റിയവരാണ് . സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനില്‍ നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട് .
രാജ്യത്താകമാനം ആത്മീയമായും ഭൌതികമായും വിപ്ലവങ്ങള്‍ ഉണ്ടായത് അദ്ദേഹത്തിന്റെ വാഗ്ദാരണിയുടെ പ്രകമ്പനം കൊണ്ടയിരുന്നു. ഇങ്ങ് കേരളത്തില്‍ ശ്രീനാരായണ ഗുരുവിലൂടെ കേരളം സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയിലെത്തിയത്, രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി ദര്‍ശിച്ചത് ഒക്കെ നരേന്ദ്രന്‍ എന്ന വിവേകാന്ദനിലൂടെയായിരുന്നു. ഹിന്ദുമതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.
കൊല്‍ക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തില്‍ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും ആയ ഭുവെനേശ്വരിയുടെയും പത്തു സന്താനങ്ങളില്‍ ആറാമത്തെ സന്താനമായാണ് 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്.
വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ് നരേന് പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. അതിനു ശേഷം കുട്ടിയെ ഏഴാം വയസ്സില്‍ മെട്രൊപൊളിറ്റന്‍ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍ തുടങ്ങി. 1879-ല്‍ നരന്‍ ഹൈസ്കൂള്‍ പരീക്ഷ ഒന്നാം ക്ലാസ്സില്‍ ജയിച്ച് പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. പിന്നീട് ജനറല്‍ അസ്സംബ്ലീസ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ചേര്‍ന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. മധുരശബ്ദത്തിനുടമയായിരുന്ന നരന്‍ വായ്പാട്ടും ഹിന്ദി, ഉര്‍ദു, പേര്‍ഷ്യന്‍ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു.
അക്കാലത്ത് തന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയില്‍ നിന്നായിരുന്നു നരേന്ദ്രന്‍ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച് അറിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടല്‍, നരേന്ദ്രന്‍ തന്റെ ആത്മീയഗുരുവിനെ ആണ് ശ്രീരാമകൃഷ്ണനില്‍ കണ്ടത്. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനില്‍ തന്റെ പിന്‍ഗാമിയെയും കണ്ടെത്തി. 1886-ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായതിനു ശേഷം ശ്രീരാമകൃഷ്ണന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദന്‍ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളില്‍ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര.
1892-ല്‍ ബാംഗളൂര്‍ വഴി ഷൊര്‍ണൂരില്‍ എത്തി. ഇവിടെ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട് വിവേകാനന്ദന്‍ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ് വിവേകാനന്ദന് ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികള്‍ മതപരിവര്‍ത്തനം നടത്തിയ താഴ്ന്നജാതിക്കാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവര്‍ക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു
പിന്നീട് രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികള്‍, തന്റെ ഹിമാലയം മുതല്‍ കന്യാകുമാരി വരെ നീണ്ട യാത്രയില്‍ കണ്ടത് മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്. കന്യാകുമാരി കടലില്‍ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ പാറയാണ് പിന്നീട് വിവേകാനന്ദപ്പാറ ആയി മാറിയത്. അതിനു ശേഷം അദ്ദേഹം ഷിക്കഗോയില്‍ നടക്കാനിരിക്കുന്ന ലോക മതമഹാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
കാനഡയിലെ വാന്‍കൂവറില്‍ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദന്‍, മേളയുടെ അന്വേഷണ വിഭാഗത്തില്‍ നിന്നും മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദന്‍ പൗരസ്ത്യ ആശയങ്ങളില്‍ താല്‍പര്യമുള്ളവനും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറും ആയിരുന്ന ജെ. എച്ച്. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ് വിവേകാനന്ദന് മേളയില്‍ സ്വയം പ്രതിനിധീകരിക്കാന്‍ സാധിച്ചത്. മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം. ഇദ്ദേഹത്തോട് യോഗ്യത ചോദിക്കുന്നത് സൂര്യന്‍ പ്രകാശിക്കാനുള്ള അനുമതി ചോദിക്കുന്നത് പോലെയാണ്.
1893 സെപ്റ്റംബര്‍11ന് മേളയില്‍ കൊളംബസ് ഹാളില്‍ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാര്‍ത്ഥമായി സ്പര്‍ശിച്ചു.കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. പാമ്പാട്ടികളുടെയും അനാചാരികളുടേയും നാടല്ല ഭാരതമെന്നും അവിടെ മഹത്തായ ദര്‍ശനം ഉടലെടുത്തിരുന്നു എന്നും ലോകത്തെ പഠിപ്പിച്ച ദിഗ് വിജയിയായാണ് അദ്ദേഹം പിന്നീട് ഭാരതത്തില്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് ഭാരതത്തിലുടനീളം സഞ്ചരിച്ച് ജനമനസുകളെ ഒരുമിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ വിവേകാന്ദന്‍ ഏര്‍പ്പെട്ടു. ദരിദ്രനാരായണന്മാരില്‍ നിന്ന് നവഭാരതം ഉദിച്ചുയരുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ആമഹാ മനീഷി പറഞ്ഞത് ഇപ്രകാരമായിരുന്നു. അടുത്ത അന്‍പതു കൊല്ലത്തേക്ക് മഹതിയായ ഭാരതമാതാവായിരിക്കണം നമ്മുടെ ഈശ്വരന്‍. അത് അക്ഷരം പ്രതി പാലിച്ച ഇന്ത്യാക്കാര്‍ കൃത്യം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യത്തിന്റ്രെ വായു ശ്വസിച്ചു. ഭാരതം സ്വതന്ത്ര്യയാകുമെന്ന് ഉറപ്പുണ്ടായിരുന്ന് വിവേകാന്ദന്‍ ഇതിനായി ജനങ്ങളില്‍ ആത്മ വിശ്വാസം ഉണര്‍ത്തേണ്ടതുണ്ടെന്ന് മനസിലാക്കിയിരുന്നു. അതിനാല്‍ അദ്ദേഹം ഒരിക്കല്‍ ഇപ്രകാരം ആഹ്വാനം ചെയ്തു
"നവീന ഭാരതം ഉടലെടുക്കട്ടെ ! കലപ്പയുമേന്തി കര്‍ഷകന്റെ കുടിലില്‍ നിന്ന് - ചെരുപ്പുകുത്തികളുടെ , തൂപ്പുകാരുടെ , മീന്‍ പിടുത്തക്കാരുടെ ചാളകളില്‍ നിന്ന് - നവീന ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ ! ഉയരട്ടെ- വഴിയരികില്‍ പാക്കും കടലയും വില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് , ചെറുകടകളില്‍ നിന്ന് ! അവതരിക്കട്ടെ, ചന്തകളില്‍ , അങ്ങാടികളില്‍ , പണിപ്പുരയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍ നിന്ന് , നാട്ടിലും കാട്ടിലും മേട്ടിലും അദ്ധ്വാനിക്കുന്നവരുടെ ഇടയില്‍ നിന്ന് .ഇവര്‍ ഒരുപിടിച്ചോറുണ്ട് ഉലകം കിടുക്കാന്‍ കെല്‍പ്പുള്ളവരാണ് . അരവയര്‍ നിറഞ്ഞാല്‍ ഇവരുടെ ശക്തി ത്രൈലോക്യം ജയിക്കും"
അന്തരംഗത്തെ ഉണര്‍ത്തിയ ഈ വാക്കുകള്‍ രാജ്യത്തെ മുഴുവനായുമാണ് ഉണര്‍ത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഭാരതത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് ഒരു നൂറ്റാണ്ട് മുന്‍പ് പറഞ്ഞതും സ്വാമിജി തന്നെയാണ് .ജംഷഡ്ജി ടാറ്റയ്ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങാനുള്ള പ്രേരണ ലഭിച്ചത് സ്വാമിജിയുമായി ഒരു കപ്പല്‍ യാത്രയ്ക്കിടെ നടന്ന സംഭാഷണമാണ് !. ഇന്ത്യയുടെ ഈ പ്രവാചക ശബ്ദത്തിന്റെ ഉടമയെ കാലം തന്നെ ചിപ്പിക്കുള്ളിലേക്ക് തിരികെ കൊണ്ടുപോയെങ്കിലും വിലയേറിയ മുത്തുകളേക്കാള്‍ പകരം വയ്ക്കാനില്ലാത്ത വാക്കുകള്‍ അമൃത സന്ദേശങ്ങള്‍ ഭാരതത്തിനായി നല്‍കിയിട്ടാണ് വിവേകാനന്ദന്‍ മറഞ്ഞത്. ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാന്‍ ഏറെ ഉത്സാഹിച്ച വിവേകാനന്ദന്‍ സര്‍വ്വസംഗ പരിത്യാഗിയായി വേദാന്തധര്‍മ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കര്‍മ്മം ചെയ്യാനാണ് ആവശ്യപെട്ടത്.