പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ പോകുന്നു. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്നതിനായുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രക്രിയ പൂര്‍ത്തിയാകും.
വരുന്ന മാര്‍ച്ച് മാസത്തോടെ രാജ്യത്തെ 20,000 ഗ്രാമങ്ങളില്‍ ഒപ്ടികല്‍ ഫൈബര്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിലാണ് തുടങ്ങിയത്. കേരളത്തിലെ പദ്ധതി പൂര്‍ത്തിയായതിനു ശേഷം കര്‍ണാടക, സീമാന്ധ്ര എന്നീ സംസ്ഥാനങ്ങളിലാകും പദ്ധതി തുടര്‍ന്ന് നടപ്പാക്കുക. മറ്റ് സംസ്ഥാനങ്ങളിലും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
രാജ്യമാകെ കേബിളുകള്‍ സ്ഥാപിക്കുന്നതിന് 2016 ഡിസംബര്‍വരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡിനാണ് പദ്ധതി ചുമതല. കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.