സദാചാരവും പ്രണയവും; പ്രേമം നിർത്തലാക്കണമെന്ന് പറയാന്‍ നീ ആരാണ് ?

വ്യാഴം, 9 മാര്‍ച്ച് 2017 (15:55 IST)
സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ് സദാചാര ഗുണ്ടായിസം. കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ യുവതീയുവാക്കള്‍ക്ക് നേരെ ശിവസേന പ്രവർത്തകര്‍ നടത്തിയ അഴിഞ്ഞാട്ടമാണ് ഏറ്റവും അവസാനത്തേത്. ഏതു തരത്തിലുള്ള ആർഷഭാരത സംസ്കാരം കെട്ടിപ്പെടുക്കുന്നതിനാണ് ഈ സദാചാര ഗുണ്ടായിസം ആവര്‍ത്തിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

സദാചാര ഗുണ്ടായിസത്തിന് ഇരയായിതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തിട്ട് ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. എന്നാല്‍ മറൈൻഡ്രൈവില്‍ നടന്ന ശിവസേന ആക്രമണം ആസൂത്രിതമായിരുന്നു. യുവതീയുവാക്കൾ മറൈൻഡ്രൈവില്‍ വെച്ച് കാണുന്നതിനും മിണ്ടുന്നതിനുമെതിരെ ദിവസങ്ങളായി ചില സംഘടനകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് രാജ്യാന്തര വനിതാ ദിനത്തിൽ തന്നെ സദാചാര ഗുണ്ടായിസം നടത്താന്‍ ശിവസേന തീരുമാനിച്ചതും പ്രവര്‍ത്തിച്ചതും.

ശിവസേനയുടെ മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസം പൊലീസ് നോക്കി നില്‍ക്കെയാണെന്നതാണ് അത്ഭുതം.  ബിജെപിയുടെയും ആര്‍ എസ് എസിന്റെ പാതയില്‍ തന്നെ സഞ്ചരിക്കുന്ന ശിവസേനയില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കെ പ്രകടനമായെത്തിയ പ്രവർത്തകർ യുവതീയുവാക്കളെ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും വിരട്ടിയോടിക്കുമ്പോള്‍ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ കാഴ്‌ചക്കാരായി നിന്നു.

പ്രേമം നിർത്തലാക്കുക, പെൺകുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ മറൈൻഡ്രൈവിലെക്ക് പ്രകടനം നടത്തുമ്പോള്‍ തന്നെ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളെ പൊലീസ് മുന്‍ കൂട്ടി കാണേണ്ടതായിരുന്നു. കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും ചൂരൽവടിയുമായി യുവതീയുവാക്കളെ ഇവര്‍ വിരട്ടിയോടിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊലീസ് നോക്കു കുത്തിയായി. മുഖ്യമന്ത്രിയുടെ പൊലീസ് പരാജയമാണെന്നതിന് മറ്റൊരു തെളിവു കൂടിയാണ് ബുധനാഴ്‌ച കൊച്ചിയില്‍ കണ്ടത്.

കിടപ്പറയില്‍ അല്ലെങ്കില്‍ വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ചെയ്യാന്‍ അനുവദിക്കില്ലെന്ന് വാദിക്കുന്നവര്‍ കാണേണ്ട ചില സത്യങ്ങളുണ്ട്. നൂറ് കണക്കിനാളുകള്‍ ഒത്തുകൂടുന്ന മറൈൻഡ്രൈവില്‍ എല്ലാവരും ശരീരം പങ്കുവയ്‌ക്കാനല്ല എത്തുന്നത്. എനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് കിട്ടുന്നു, അത് അനുവദിച്ചു കൂടാ എന്ന നിര്‍ബന്ധം മാത്രമെ ഈ സദാചാര ഗുണ്ടകള്‍ക്കുള്ളൂ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി ഇല്ലാത്തത് കണ്ടെന്ന് വാദിക്കുന്ന ഇത്തരക്കാരെ മനോരോഗികളായിട്ടെ കാണാന്‍ സാധിക്കു.

സദാചാര ഗുണ്ടായിസമെന്ന രോഗത്തിന് ചികിത്സ നല്‍കിയേ മതിയാകു. മുന്‍ കൈയെടുക്കേണ്ട പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സഹായിക്കാനാണോ എന്ന ചോദ്യവും സജീവമാണ്. സംസ്‌കാര സമ്പന്നതിയിലാണ് ജീവിക്കുന്നതെന്ന മലയാളികളുടെ ഹുങ്കിന് ലഭിക്കുന്ന മറ്റൊരു തിരിച്ചടി കൂടിയാണ് സദാചാര ഗുണ്ടായിസം. ഇതിന് തടയിടാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടത് അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക