കേരളത്തിലെ യഥാർത്ഥ പ്രശ്നമെന്താണ്?. ഈ ചോദ്യത്തിന് പെട്ടന്നൊരു മറുപടി നൽകാൻ ആകില്ല എന്നതാണ് സത്യം. എന്നാൽ, ഭൂരിപക്ഷം ആളുകളും പറയുന്ന പ്രശ്നങ്ങളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറെ നാളുകളായി വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്.
മാതാപിതാക്കൾ കുട്ടികൾക്ക് ഒരു സംരക്ഷണ കവചമായിരിക്കുക. ലൈംഗികതയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച വ്യക്തമായ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കുക. അപരിചിതരുമായി ഇടപഴകുമ്പോൾ ആത്മരക്ഷയ്ക്കായി എന്തൊക്കെ ചെയ്യണമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും അവർക്ക് പറഞ്ഞ് കൊടുക്കുക. ഇതിന്റെയെല്ലാം ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണമെന്ന് പറയുമ്പോൾ മാതാപിതാക്കൾക്ക് ഓർമ വരിക അപരിചിതരെയാകും. അവരുടെ കാഴ്ചപ്പാടിൽ അവരായിരിക്കും വില്ലന്മാർ. എന്നാൽ, കണക്കുകൾ പ്രകാരം കുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ ഏകദേശം 90 ശതമാനം ആളുകളും കുട്ടിക്ക് അറിയാവുന്ന, അവർക്ക് വിശ്വാസമുള്ള വ്യക്തികളാണു വില്ലന്മാർ.