ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ തരില്ലേ? എങ്കില്‍ ചിലതൊക്കെ പറയാനുണ്ട്!

വ്യാഴം, 30 ജൂണ്‍ 2016 (17:10 IST)
ഹെല്‍മറ്റ് ധരിക്കാതെ വരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ പുതിയ ഉത്തരവ്. ആഗസ്റ്റ് ഒന്നു മുതല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുകയും പിന്നീട് സംസ്ഥാനമൊട്ടാകെ ഇത് നടപ്പിലാക്കുകയും ചെയ്യും. ഹെല്‍മറ്റ് ഇല്ലെങ്കില്‍ 1000 രൂപ ഫൈന്‍ ഈടാക്കുകയും ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. 
 
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പുതിയ നടപടി പ്രായോഗികമല്ലെന്നും പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് തീരുമാനത്തെ കുറിച്ച് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ പ്രതികരണം. 
 
ഹെല്‍മറ്റ് ധരിക്കേണ്ടത് അവനവന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നതിനാല്‍ ഇരുചക്രവാഹന ഉപയോക്താക്കളായ സ്ത്രീകളില്‍ ഭൂരിപക്ഷവും കമ്മിഷണറുടെ പുതിയ നടപടിയെ സ്വാഗതം ചെയ്യുന്നു. കമ്മിഷണറുടെ നടപടിയില്‍ രോഷം കൊള്ളുന്നവരില്‍ ഭൂരിഭാഗം പേരും ചെറുപ്പക്കാരാണ്. അബദ്ധത്തില്‍ ഹെല്‍മറ്റ് എടുക്കാന്‍ മറന്നുപോയാല്‍ വണ്ടി തള്ളിക്കൊണ്ടു നടക്കുകയാണോ ചെയ്യേണ്ടതെന്നാണ് ഇവരുടെ ചോദ്യം. 
 
ഹെല്‍മറ്റില്ലെങ്കില്‍ വാഹനം മറ്റെവിടെയെങ്കിലും നിര്‍ത്തിവച്ച്  പെട്രോള്‍ പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ വാങ്ങാമല്ലോയെന്നാണ് തലമുതിര്‍ന്ന ചിലരുടെ പ്രതികരണം.
 
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയോ ക്യാമറ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമാക്കുകയോ നിയമ ലംഘനങ്ങള്‍ തടയുകയോ ചെയ്യാതെ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നു വാദിക്കുന്നവരുമുണ്ട്.
 
എന്നാല്‍ ആരെയും ശിക്ഷിക്കാനോ സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാനോ വേണ്ടിയല്ല പുതിയ നടപടിയെന്നും കഴിഞ്ഞ വര്‍ഷം 4150 പേര്‍ മരിച്ചതില്‍ 1330 പേരും ഇരുചക്ര വാഹനക്കാരായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പറയാനുള്ളത്. 
 

വെബ്ദുനിയ വായിക്കുക