തിയറ്ററുകളില്‍ പോയി സിനിമ കാണുന്ന കാലമൊക്കെ കഴിഞ്ഞെന്ന് പറഞ്ഞവര്‍ പോലും തിയേറ്ററില്‍ ക്യൂ നിന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടാഴ്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. ‘പ്രേമം’ എന്ന രണ്ടക്ഷരത്തിനു മുന്നില്‍ കേരളത്തിലെ ക്യാംപസ് മുഴുവന്‍ തലകുത്തിവീണു. നിവിന്‍ പോളിയെന്ന താരത്തെ യുവജനത നെഞ്ചേറ്റി ലാളിച്ചു. പക്ഷേ, സങ്കടം അതല്ല, സിനിമാലോകത്ത് ഒരു നിവിന്‍ പോളി ഉദിച്ചതു പോലെ, കേരള രാഷ്‌ട്രീയത്തില്‍ ഒരു താരമുണ്ടാകുന്നില്ല. എന്താണ് അതിന്റെ കാരണം?
കേരളരാഷ്‌ട്രീയത്തിലെ യുവനേതാക്കള്‍ എന്നു പറഞ്ഞാല്‍ തപ്പിത്തടഞ്ഞ് ചില പേരുകള്‍ പറയുമായിരിക്കും. എന്നാല്‍, വ്യക്തമായി ഏതെങ്കിലും യുവജനപാര്‍ട്ടിയുടെ പേര് ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. അത്, അറിയാത്തതു കൊണ്ടല്ല. നാലാള്‍ അറിയാന്‍ മാത്രം ഇവിടുത്തെ യുവജനപ്രസ്ഥാനങ്ങളൊന്നും ഒന്നും ചെയ്യുന്നില്ലാത്തതു കൊണ്ടാണെന്ന് മാത്രം. കെ എസ് യുവിലൂടെ കടന്നുവന്ന് ഒരു തരംഗമായി മാറി കേരളരാഷ്‌ട്രീയത്തില്‍ നിറഞ്ഞവരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. പക്ഷേ, നിലവില്‍ കെ എസ് യുവിന് ഒരു നേതാവുണ്ടോ എന്നു പോലും ആര്‍ക്കും വലിയ പിടിയില്ല. അന്തിച്ചര്‍ച്ചകളില്‍ ചില ചാനലുകളിലും ക്യാമറകള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെടുന്നതല്ലാതെ ഇവരൊക്കെ എന്താണ് ഈ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് ചെയ്യുന്നത്?
ഏറ്റവും അവസാനം പാഠപുസ്തക അച്ചടി വിവാദം വന്നു. ഭരണപക്ഷത്തിന്റെ കുട്ടിസംഘടന അവിടെ നില്‍ക്കട്ടെ. സംസ്ഥാനസമ്മേളനത്തിന്റെ തിരക്കിലാണെന്ന് ന്യായം പറയാമെങ്കിലും എസ് എഫ് ഐ ഒന്ന് അമര്‍ത്തി വിമര്‍ശിച്ച് കേട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസം, സ്വാശ്രയ കോളജ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സിലേക്ക് വരുന്നത് സിന്ധു ജോയിയാണ്. സിന്ധു ജോയി എസ് എഫ് ഐയും ഇടതുപക്ഷവും ഒക്കെ കഴിഞ്ഞ് കോണ്‍ഗ്രസിലൂടെ കടന്ന് ഇപ്പോള്‍ പ്രത്യേകിച്ച് രഷ്ട്രീയമൊന്നുമില്ലാത്ത അവസ്ഥയിലാണ്. ഒരു കാലത്ത് കേരള വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ തീപ്പൊരി നേതാവായിരുന്ന സിന്ധു കൂടുമാറ്റം നടന്നതിനു ശേഷം രാഷ്‌ട്രീയത്തില്‍ സജീവമല്ല. ഏതാണ്ട്, ആ ഒരു കാലം കഴിഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും തണുപ്പന്‍ സമീപനങ്ങളിലേക്ക് മാറി. സമരങ്ങള്‍ക്ക് എ സി മുറികളില്‍ ഇരുന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളെയൊന്നും മുന്‍നിരകളില്‍ കാണാനില്ല.
അതേസമയം, ഫേസ്‌ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയകളില്‍ ഇവരൊക്കെ സജീവമാണ്. പക്ഷേ, ഇതൊന്നും സാമൂഹ്യവിഷയങ്ങളിലും രാഷ്‌ട്രീയവിഷയങ്ങളിലും കൃത്യമായ നിലപാട് എടുക്കുന്ന രീതിയില്‍ ഉള്ളതല്ല. പ്രാദേശികയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെയും പാര്‍ട്ടിയുടെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍. അതിന് ലഭിക്കുന്ന ലൈക്കും കമന്റും വായിച്ച് നിര്‍വൃതിയടയുന്നവര്‍. ന്യൂ ജനറേഷന്‍ വിദ്യാര്‍ത്ഥിരാഷ്‌ട്രീയം ആകെ മാറിപ്പോയിരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെയും ഡി ജെ പാര്‍ട്ടികളുടെയും ബാന്‍ഡ് സംഗീതത്തിന്റെയും കാലത്ത് നിശബ്ദരായി, പ്രതികരിക്കാത്തവരായി മാറിയിരിക്കുന്നു നമ്മുടെ യൂത്തന്മാര്‍. ദൈര്‍ഘ്യമേറിയ നിശബ്‌ദതയ്ക്കിടയില്‍ തങ്ങളും ഇവിടെയൊക്കെ ഉണ്ടെന്ന് അറിയിക്കാനായി ചില വിവാദപ്രസ്താവനകള്‍ മാത്രം(അത് മനഃപൂര്‍വമാണ് കാണുന്ന ഏത് പൊട്ടനും മനസ്സിലാകും).
സമീപകാലത്ത് വിദ്യാര്‍ത്ഥികളെ ഏറ്റവും ബാധിച്ച വിഷയങ്ങളാണ് എസ് എസ് എല്‍ സി പരീക്ഷാഫലവും പാഠപുസ്തക അച്ചടി വിവാദവും. പക്ഷേ, വിദ്യാര്‍ത്ഥി നേതാക്കളുടെ ശക്തമായ ഒരു പ്രസ്താവന പോലും കേള്‍ക്കാന്‍ ആര്‍ക്കും സാധിച്ചില്ല. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് ശേഷം അതിന്റെ ഗ്രേഡ് ഇതുപോലെ താഴ്ന്ന ഒരു വര്‍ഷം മുമ്പുണ്ടായിട്ടില്ല. പക്ഷേ, പാര്‍ട്ടിയിലെ കാരണവന്മാര്‍ പറയുന്നതിന് കാതോര്‍ത്തിരിക്കുന്ന കുട്ടിനേതാക്കള്‍ വാ തുറന്ന് ഒരു കാര്യത്തിലും അഭിപ്രായം പറയാന്‍ തയ്യാറായിട്ടില്ല.
സ്കൂള്‍ തുറന്ന് ഒരു മാസം തികയുമ്പോള്‍ ആണ് സര്‍ക്കാരിന് പാഠപുസ്തകം അച്ചടിക്കുന്ന പ്രസ് മാറ്റണമെന്ന് തോന്നുന്നത്. ഇരയാകുന്നതോ, സര്‍ക്കാര്‍ സ്കൂളുകളിലെ സാധാരണ വിദ്യാര്‍ത്ഥികള്‍. 22 - 23 രൂപയ്ക്ക് ലഭിക്കുന്ന പാഠപുസ്തകം ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുത്ത് പകര്‍പ്പ് എടുത്ത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കുട്ടികള്‍. ഇങ്ങനെ പകര്‍പ്പ് എടുക്കുമ്പോള്‍ ചെലവാകുന്നത് 45 - 50 രൂപയോളമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയധികം കഷ്‌ടാവസ്ഥ വന്നിട്ടും അവരുടെ കുട്ടിനേതാക്കന്മാര്‍ ഒന്നും പറയുന്നില്ല.
ആകെമൊത്തം, കേരളത്തിലെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്ക് ഒരു നിര്‍ജ്ജീവാവസ്ഥ ബാധിച്ചിരിക്കുകയാണ്. അത് എസ് എഫ് ഐയ്ക്ക് കുറച്ചൊക്കെ മനസ്സിലായിട്ടുണ്ട്. തൃശൂരില്‍ നടക്കുന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടില്‍ ഈ തിരിച്ചറിവുണ്ട്. സര്‍ക്കുലര്‍ ഇറക്കാന്‍ മാത്രമുള്ള സംഘടനായി എസ് എഫ് ഐ മാറിയെന്നായിരുന്നു സംഘടന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഒന്ന്. അതു മാത്രമല്ല, സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്നും സ്വാശ്രയ സ്ഥാപനങ്ങളില്‍ സംഘടനയുടെ സ്വാധീനം നഷ്‌ടമായെന്നും മൊബൈല്‍ ഫോണ്‍ വഴി ചേരുന്ന കമ്മിറ്റി മാത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും ന്യൂ ജനറേഷന്‍ സഖാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവ് ഒരു മാറ്റമുണ്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
തല മൂത്ത നേതാക്കളോടുള്ള അതിരുകവിഞ്ഞ ബഹുമാനമാണോ അതോ അവരെ പിണക്കിയാല്‍ രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതായി പോകുമോയെന്ന പേടിയാണോ കുട്ടിനേതാക്കളെ പിറകോട്ടുവലിക്കുന്നത്. ഒരു കാര്യം സത്യമാണ്, മൂത്ത നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ ആണ് ഇവരെങ്കില്‍ ഇതില്‍ കൂടുതലൊന്നും ആരും പ്രതീക്ഷിക്കണ്ട. ഒരു പുതിയ വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനത്തിനുള്ള ഇടം കേരള വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവര്‍ ആരും ആ കസേരയില്‍ ഇരിക്കാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ആം ആദ്‌മി പാര്‍ട്ടിക്കൊക്കെ ആ ഇടം കൈവശപ്പെടുത്താവുന്നതാണ്; അതിനുള്ള സമയവും സാഹചര്യവും ഇപ്പോള്‍ ഉണ്ടെന്നാണ് തോന്നുന്നത്.