ചടുലമായ നീക്കങ്ങളിലൂടെ എതിരാളികളെ അമ്പരപ്പിക്കുകയും ജനങ്ങളുടെ കൈയടി നേടുകയും ചെയ്യുന്ന നേതാക്കളാണ് രാഷ്‌ട്രീയത്തില്‍ വെന്നിക്കൊടി പാറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ ഈ പാതയിലൂടെ യാത്ര തുടരുന്നവരാണ്. എന്നാല്‍, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ടൊരു രാഷ്‌ട്രീയ സംസ്‌കാരം കയ്യാളുന്ന തമിഴ്‌നാട് പ്രത്യേകതകളേറെ കാത്തുസൂക്ഷിക്കുന്നുണ്ട്.
സിനിമയും ദ്രാവിഡ രാഷ്‌ട്രീയവും കൂടിക്കലര്‍ന്ന തമിഴ്‌നാട്ടില്‍ ജനങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവച്ച നേതാക്കള്‍ നിരവധിയാണ്. ജനമനസുകളില്‍ സ്‌ഥിരപ്രതിഷ്‌ഠ നേടാന്‍ ഇവരെ സഹായിച്ചത് സിനിമയെന്ന മായികലോകമാണ്. സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി, എംജി രാമചന്ദ്രന്‍ (എംജിആര്‍), ജാനകി രാമചന്ദ്രന്‍, ജെ ജയലളിത എന്നിവര്‍ അഞ്ചു ദശാബ്ദത്തിനിടെ സിനിമവഴി രാഷ്ട്രീയത്തിലെത്തുകയും മുഖ്യമന്ത്രിപദം അലങ്കരിക്കുകയും ചെയ്തവരാണ്.
ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തമായി സ്വന്തം നിലപാടുകള്‍ കൊണ്ടും പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും തമിഴ്‌രാഷ്‌ട്രീയത്തില്‍ ശക്തനായ നേതാവാണ് എം കരുണാനിധി. തിരിച്ചടികളേറെ നേരിടേണ്ടിവന്നുവെങ്കിലും തമിഴ് രാഷ്‌ട്രീയത്തില്‍ അനിഷേധ്യ നേതാവായി വാഴുന്ന കരുണാനിധിക്ക് 93 വയസ് തികയുകയാണ്. പ്രായം തളര്‍ത്താത്ത ആത്മവീര്യവും നിലപാടുകളിലെ കാര്‍ക്കശ്യവുമാണ് അദ്ദേഹത്തിന് കരുത്ത് പകരുന്നത്.
രണ്ടാമത്തെ മകൻ എംകെ അഴഗിരിയെ കൈവിട്ടുകൊണ്ട് ഇളയ മകന്‍ എംകെ സ്റ്റാലിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിക്കുക വഴി കരുണാനിധിലെ മറ്റൊരു ചാണക്യനെയാണ് തമിഴ്‌നാട് കണ്ടത്. ആദ്യഭാര്യ പത്മാവതി അമ്മാളിന്റെ രണ്ടാമത്തെ മകനായ അഴഗിരിയും രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകനായ സ്റ്റാലിനും തമ്മിൽ അധികാരത്തിന്റെ പേരിലുള്ള മൂപ്പിളമത്തർക്കം കൊടുമ്പിരി കൊണ്ടിരിക്കവെയാണ് കരുണാനിധി തന്റെ പിന്‍ഗാമി ആരാണെന്ന് വ്യക്തമാക്കിയത്.
മാറിയ തമിഴ് രാഷ്‌ട്രീയത്തില്‍ ഡിഎംകെയ്‌ക്ക് മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നു കിടക്കുകയാണ്. തമിഴ് ജനതയുടെ വികാരമായ ജയലളിതയുടെ മരണശേഷം ദ്രാവിഡ രാഷ്‌ട്രീയം കലങ്ങിമറിഞ്ഞത് സ്‌റ്റാലിന് അനുകൂലമായ സാഹചര്യമൊരുക്കി. നോട്ട് അസാധുവാക്കല്‍ തീരുമാനം, ജല്ലിക്കെട്ട് സമരം, കാവേരി നദീ ജലത്തര്‍ക്കം, കര്‍ഷകരുടെ കൂട്ട ആത്മഹത്യ എന്നീ വിഷയങ്ങളില്‍ എഐഎഡിഎംകെ നിലപാടില്ലാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ ഡിഎംകെ ജനമനസിനൊപ്പം നില്‍ക്കുന്ന നിലപാടുകള്‍ സീകരിച്ചുവെന്നത് സ്‌റ്റാലിനെ പിന്‍ഗാമിയാക്കാനുള്ള കരുണാനിധിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
സ്റ്റാലിന്‍ ആണ് തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് പറയുമ്പോഴും രാഷ്‌ട്രീയത്തില്‍ നിന്ന് രാജിവയ്‌ക്കാന്‍ ഒരുക്കമല്ലെന്നും പാര്‍ട്ടിയെ തിരികെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും കരുണാനിധി വ്യക്തമാക്കുന്നുണ്ട്. എഐഎഡിഎംകെ ഛിന്നഭിന്നമായതോടെ തിരിച്ചുവരവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഡിഎംകെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്.
കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന കേന്ദ്രത്തിന്റെ നിര്‍ദേശത്തെ എതിര്‍ത്ത ഡി എം കെ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയതിന് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്ന മലയാളി വിദ്യാര്‍ഥിക്ക് പിന്തുണ നല്‍കി തങ്ങള്‍ ജനതാല്‍പ്പര്യത്തിനൊപ്പമാണെന്ന് അറിയിച്ചു കഴിഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്വാധീനത്തെ തടയാന്‍ സാധിച്ചാല്‍ ഡിഎംകെ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച് അവ്യക്‍തത തുടരവെ ഈ വിഷയത്തില്‍ കൂടി ശക്തമായ നിലപാട് സ്വീകരിച്ചാല്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്ന കരുണാനിധിയുടെ അഭിലാഷം പൂവണിയും. 94മത് വയസിലും എതിരാളികളെ അപ്രസക്‍തമാക്കുന്ന തന്ത്രങ്ങള്‍ സ്‌റ്റാലിന് ഓതിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ ഡിഎംകെ വീണ്ടും തമിഴകത്തെ വന്‍ ശക്തിയായി തീരുമെന്നതില്‍ ആര്‍ക്കും സംശയമില്ല.