കോണ്‍ഗ്രസില്‍ സന്നാഹമൊരുങ്ങി. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ലക്‍ഷ്യം. ഈ പടപ്പുറപ്പാടില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ പ്രശ്നമാവില്ല. കാരണം മദ്യത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരു ഗ്രൂപ്പായിരുന്നു. സുധീരന്റെ വെട്ടിനെ ഉമ്മന്‍ ചാണ്ടി തുറുപ്പിറക്കി തടഞ്ഞുവെങ്കിലും സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി വലുതാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്ന ശേഷം ബാര്‍ പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു. എന്നാല്‍ സുധീരന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രസംഗം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ പരാതി. സുധീരന്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ കവച്ചുവെക്കുന്ന പ്രകടനമാണ് സമ്പൂര്‍ണ മദ്യനിരോധനം എന്ന മോഹനവാഗ്ദാനത്തിലൂടെ ഉമ്മന്‍ ചാണ്ടി നടത്തിയത്. എന്നാല്‍ ആരോപണങ്ങളും പരാതികളും പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ട സുധീരന് തന്നെ.
എന്നാല്‍ പൊതുജനാഭിപ്രായം മദ്യനിരോധനത്തിന് അനുകൂലമായതിനാല്‍ പരസ്യപ്രസ്താവന നടത്താനാവാത്തതും നേതാക്കള്‍ക്ക് തിരിച്ചടിയാണ്. വിദേശമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായ സാഹചര്യത്തില്‍, ‘തൊണ്ടയില്‍ പുഴുത്താല്‍ വിഴുങ്ങുക’ എന്ന മട്ടില്‍ നീങ്ങാനാണ് മദ്യ ആഭിമുഖ്യം പുലര്‍ത്തുന്ന നല്ല കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
ഐ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട പരാതികള്‍ ഇവയാണ്: ‘വ്യക്തി താല്‍പര്യങ്ങളാണ് സുധീരന്റേത്. അത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കുന്നു. സര്‍ക്കാരിനെ പലപ്പോഴും വെട്ടിലാക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു സുധീരന്റെ നിലപാടുകള്‍. ബാര്‍ പ്രശ്നത്തില്‍ സമുദായ നേതാക്കളെയും മതമേലദ്ധ്യക്ഷന്മാരെയും സര്‍ക്കാരിനെതിരാക്കി‘. എന്നാല്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന തീരുമാനമായി മദ്യനിരോധനം മാറിയ സാഹചര്യത്തില്‍ പരാതി ചെവിക്കൊള്ളാന്‍ ഹൈക്കമാന്‍ഡ് തയാറാവുമോയെന്ന് കണ്ടറിയണം.