പ്രിയങ്ക വെറുതെ ഒന്നു നിന്നാല്‍ മതി; വോട്ട് തേടിവരും; കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം സത്യമോ

Webdunia
വെള്ളി, 27 ജനുവരി 2017 (15:44 IST)
‘ഒന്നു വെറുതേ നിന്നാല്‍ മതി, ആ നില്പിനു തന്നെ കിട്ടും വോട്ട്’ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകളും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പെങ്ങളുമായ പ്രിയങ്കയ്ക്ക് പക്ഷേ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല. വ്യവസായിയയ റോബര്‍ട്ട് വാധ്‌രയെ വിവാഹം കഴിച്ച് പ്രിയങ്ക റോബര്‍ട്ട് വാധ്‌ര ആയെങ്കിലും കോണ്‍ഗ്രസ് വിശ്വാസികള്‍ ഇപ്പോഴും പ്രിയങ്ക, പ്രിയങ്ക ഗാന്ധിയാണ്. അതെ, ഇന്ത്യ ഭരിച്ച കരുത്തയായ ഉരുക്കുവനിത ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍ പ്രിയങ്കയില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ കാണുന്നത് ഇന്ദിരയെ തന്നെയാണ്.
 
അതുകൊണ്ടാണ്, തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഉത്തര്‍പ്രദേശില്‍ നിറയുന്ന പോസ്റ്ററുകള്‍ ‘വോ ഇന്ദിര ഹേ, വോ ദുര്‍ഗ ഹേ’ എന്ന് അവര്‍ എഴുതുന്നത്. അവര്‍ക്കറിയാം, പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് വലിയ മാറ്റം കൊണ്ടുവരും, നിറയെ വോട്ടുകള്‍ കൊണ്ടുവരും. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടിയില്‍ ഒരു നേതൃസ്ഥാനവും വഹിക്കുന്നില്ലെങ്കിലും പ്രിയങ്ക യു പിയില്‍ വേണമെന്ന് കോണ്‍ഗ്രസ് ശഠിക്കുന്നത്.
 
ഇത്തവണ കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കൈ കോര്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും കൈ കോര്‍ക്കുമ്പോള്‍ അതിനു മുമ്പേ കൈ കോര്‍ത്ത രണ്ടു പെണ്ണുങ്ങളുണ്ട്. പ്രിയങ്ക ഗാന്ധിയും ഡിംപിള്‍ യാദവും. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദിപാര്‍ട്ടി രണ്ടായി തിരിഞ്ഞപ്പോള്‍ ആണ് കോണ്‍ഗ്രസുമായുള്ള സഖ്യം ആലോചിച്ചത്. ഇക്കാര്യം, ചര്‍ച്ച ചെയ്യാന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് നേരെ പോയത് പ്രിയങ്കയുടെ അടുക്കലേക്ക്. സോണിയയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ സഖ്യതീരുമാനം പെട്ടെന്നായി.
 
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പ്രിയങ്കയുടെ ചിത്രങ്ങള്‍ നിറയുകയാണ്. പ്രിയങ്ക യു പിയില്‍ പ്രചാരണത്തിന് ഇറങ്ങുന്നത് ബി ജെ പി ക്യാമ്പിനെ ഇതിനകം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിനയ് കറ്റ്യാല്‍ പ്രിയങ്കയെക്കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങുന്നതില്‍ ഭയമില്ല, പ്രിയങ്കയേക്കാള്‍ വലിയ സുന്ദരിമാര്‍ ബി ജെ പിയിലുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. എന്നാല്‍, ഈ അഭിപ്രായത്തെ പ്രിയങ്ക ചിരിച്ചു തള്ളിതോടെ താരമൂല്യം കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്. പോസ്റ്ററുകളില്‍ ‘വോ ഇന്ദിര ഹേ, വോ ദുര്‍ഗ ഹേ’ എന്ന് എഴുതിയതും അതുകൊണ്ടാണ്.
Next Article