സമരം പൊളിഞ്ഞതോടെ ബിജെപിയില്‍ പൊട്ടിത്തെറി; ഉടക്കുമായി മുരളീധരനും സുരേന്ദ്രനും

തിങ്കള്‍, 21 ജനുവരി 2019 (18:53 IST)
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന നിരാഹാരസമരം വിജയം കണ്ടില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ തുറന്നു പറച്ചിലും എങ്ങുമെത്താതെ സമരം അവസാനിപ്പിച്ചതുമാണ് പാർട്ടിയിൽ ഭിന്നസ്വരം ശക്തമാകാന്‍ കാരണം.

ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത് പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞു പോയതു കൊണ്ടാണെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു ശക്തമായ വിഭാഗത്തിനുള്ളത്. നിരാഹാരസമരം അവസാനിപ്പിച്ച പരിപാടിയിൽ വി മുരളീധരൻ എംപിയും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും പങ്കെടുക്കാതിരുന്നത് ശ്രീധരന്‍ പിള്ളയുടെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലമാണ്.

ശബരിമലയില്‍ നിന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമായിരുന്നു. സമരം വിജയം കാണില്ലെന്ന് പല നേതാക്കളും നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തു. ഇതിനിടെ നടത്തിയ ഹര്‍ത്താലുകളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പൊതുസമൂഹത്തിനു മുമ്പില്‍ സമരത്തിന്റെ പ്രാധാന്യം നശിപ്പിച്ചെന്നുമാണ് നിഗമനം.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമരം അവസാനിപ്പിച്ചത് ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ നശിപ്പിക്കുമെന്ന ശക്തമായ തുറന്നു പറച്ചിലുകള്‍ നേതൃത്വത്തില്‍ തന്നെയുണ്ട്. പ്രമുഖ സംസ്ഥാന നേതാക്കളും ഈ അഭിപ്രായക്കാരാണ്. പ്രതിഷേധം എങ്ങനെ തുടരണമെന്ന് ശബരിമല കര്‍മസമിതിയുമായി ആലോചിക്കുമെന്ന  സംസ്ഥാന അധ്യക്ഷന്റെ നിലപാടുകള്‍ക്കെതിരെയും എതിര്‍പ്പ് ശക്തമാണ്.

മുരളീധര പക്ഷമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ തിരിയുന്നത്. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ അറസ്റ്റിലായതും ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത മൃദുസമീപനമാണ് മുരളീധര വിഭാഗത്തെ ചൊടിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍