എം എല്‍ എ സ്ഥാനം നഷ്ടമായാലും വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉറച്ച് പി സി ജോര്‍ജ്. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്തുപോയാല്‍ കേരള കോണ്‍ഗ്രസില്‍ നിന്നുതന്നെ രാജിവയ്ക്കാന്‍ വരെ ജോര്‍ജ്ജ് ആലോചിക്കുന്നതായി സൂചന. പഴയ സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാനും അഴിമതിക്കെതിരെയുണ്ടാക്കിയ സംഘടനയുമായി ഏകോപിപ്പിക്കാനും വരെ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍, കൂറുമാറ്റനിയമം അനുസരിച്ച് എം എല്‍ എ സ്ഥാനം നഷ്ടമാകുമെന്നതിനാല്‍ പാര്‍ട്ടിയില്‍ നിന്നുപുറത്തുപോകാന്‍ ജോര്‍ജ് തയ്യാറാകില്ലെന്നാണ് കെ എം മാണിയും കൂട്ടരും കണക്കുകൂട്ടുന്നത്. ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകുന്നതോടെ ജോര്‍ജ് ദുര്‍ബലനും ശാന്തനുമാകുമെന്നാണ് മാണി കരുതുന്നത്. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പി സി ജോര്‍ജ് അതിശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. സര്‍ക്കാരിന്‍റെ അഴിമതിക്കഥകള്‍ തുറന്നുപറയാന്‍ പി സി ഊര്‍ജ്ജമാവാഹിക്കുകയാണ്. സോളാര്‍, ബാര്‍ കോഴ കേസുകളിലെ അണിയറക്കാര്യങ്ങള്‍ തുറന്നുപറയാന്‍ പി സി ജോര്‍ജ് തയ്യാറായാല്‍ അത് കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയേക്കാം.
അതേസമയം, ജോര്‍ജിനെ മുന്നണിയില്‍ എടുക്കണമോ എന്ന് എല്‍ ഡി എഫ് തീരുമാനിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പിന്തുണച്ച് ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ പിണറായി വിജയനാണെന്നായിരുന്നു ജോര്‍ജ്ജ് വ്യക്തമാക്കിയത്. ഇടതുമുന്നണിയോട് ചേര്‍ന്നുപോകാന്‍ ജോര്‍ജ്ജ് ആഗ്രഹിക്കുന്നതായാണ് ഇത് സൂചന നല്‍കുന്നത്. മാണി ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തിലും ഇടതുമുന്നണിയുടെ അഭിപ്രായമായിരുന്നു ജോര്‍ജിനും ഉണ്ടായിരുന്നത്.
തന്നെ ഉള്‍പ്പെടുത്താതെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം വിളിച്ചത് ജനാധിപത്യ ലംഘനവും സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്നാണ് ജോര്‍ജ് പ്രതികരിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ജോര്‍ജ് പറഞ്ഞു. ജോര്‍ജ് അനുകൂലികള്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.