ലാവ്ലിന് കേസില്‍ സെക്രട്ടറിയദ്ദേഹം പ്രതിയാണെന്ന് വന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പരമാധികാര ദൈവത്തെ കണ്ട് തന്റെ സങ്കടങ്ങള്‍ ഉണര്‍ത്തിച്ചതു മുതല്‍ തുടങ്ങിയതാണ് അച്ചുമ്മാന്റെ പോരാട്ടം. പിന്നീട് പത്രക്കാര് ചോദിച്ചപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹം തന്റെ നിലപാട് പറഞ്ഞതാണ്. 'അഴിമതിക്കെതിരെ പോരാട്ടം തുടരും' എന്നാണ് ആവര്‍ത്തിച്ചത്. പാര്‍ട്ടി സെക്രട്ടറി നയിച്ച മാര്‍ച്ചില്‍ ഒരു ദിവസം പോലും പങ്കെടുക്കാതെയാണ് അദ്ദേഹം പ്രതികരിച്ചത്. മാര്‍ച്ച് തുടങ്ങിയ ദിവസം 'മാര്‍ച്ചില്‍ പങ്കെടുക്കുമോ' എന്ന പത്രക്കാരുടെ ചോദ്യത്തിന് ഇല്ല...ഇല്ല...ഇല്ലാ എന്ന് നീട്ടിവലിച്ച് ഒരു കാച്ചായിരുന്നു. ആദ്യ ഇല്ല ഒരാമ്പിയര് ബലത്തിലും രണ്ടാമത്തേത് അഞ്ച് ആമ്പിയര്‍ ബലത്തിലും അവസാനത്തെ ഇല്ല കുറഞ്ഞത് പത്ത് ആമ്പിയര്‍ ബലത്തിലുമാണ് പുറത്തേയ്ക്ക് പോയത്.
ഇതൊക്കെ കേട്ടപ്പോള്‍ എല്ലാവരും കരുതി സെക്രട്ടറിയദ്ദേഹത്തിന്റെ പക്ഷത്തെ അടിക്കാന്‍ കിട്ടിയ വടി കാരണവര്‍ വിടില്ലെന്ന്. പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണ്. എന്നാല്‍ പണ്ട് പാര്‍ട്ടി വിട്ട ചില വിമതരുണ്ട്. അവര്‍ നമ്മുടെ മുഖ്യന് സര്‍വാത്മനാ പിന്തുണ നല്കി. പണ്ട് പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച് പുറത്തുപോയ ഒരു വള്ളിക്കുന്നുകാരനാണ് അവരുടെ നേതാവ്. പാര്‍ട്ടിയെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു യുവ കോമളനും ഒപ്പമുണ്ട്. കാരണവര്‍ പുറത്തുവന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയി കുറച്ചുദിവസം. ഒപ്പം അച്ചുമ്മാന്റെ അര്‍ത്ഥഗര്‍ഭമായ മൌനവും. അങ്ങനെയിരിക്കെയാണ് ഫെബ്രുവരി 14ന് ഉന്നതകുടുംബസമ്മേളനം അങ്ങ് ഡല്‍ഹിയില്‍ നടക്കുന്നത്. അവിടെ തന്റെ നിലപാട് വ്യക്തമാക്കി കാരണവര്‍ പുറത്തു കടക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ കേസ് രാഷ്ട്രീയമായി നേരിടാന്‍ തന്നെ പാര്‍ട്ടി തീരുമാനിച്ചു. രാവിലെ കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് കേരളാ ഹൌസില്‍ ഒരു പത്രസമ്മേളനം നടത്തി അച്ചുമ്മാന് എല്ലാം വലിച്ചെറിയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് നിരാശ മാത്രമായിരുന്നു ലഭിച്ചത്. അച്ചുമ്മാന് ശ്വാസം വിട്ടാല്‍ പോലും വാര്‍ത്തയാക്കുന്ന ചില പത്രക്കാര് കഴിവുറ്റ റിപ്പോര്‍ട്ടര്‍മാരെ അങ്ങോട്ടയച്ചതാണ്. പക്ഷേ അഴിമതിക്കെതിരെ പോരാട്ടം തുടരും എന്ന ഒറ്റ വാക്യം മാത്രം അവര്‍ക്ക് എറിഞ്ഞു കൊടുത്ത് മൂപ്പര് സ്ഥലം കാലിയാക്കി.
അതിനിടെ കേസില്‍ സെക്രട്ടറിയദ്ദേഹം അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സര്‍ക്കാരിന് കോടതി മൂന്നുമാസത്തെ സമയം നല്‍കുകയും ചെയ്തു. എന്തായാലും ഉന്നതകുടുംബയോഗം കഴിഞ്ഞു. സെക്രട്ടറി സഖാവിന്റെ കേരളാ മാര്‍ച്ച് വമ്പന്‍ സ്വീകരണമേറ്റു വാങ്ങി ജില്ലകള്‍ പിന്നിട്ട് തിരുവനന്തപുരത്തെത്തി. സമാപന സമ്മേളനത്തില്‍ കാരണവര്‍ പങ്കെടുക്കുമോ എന്നറിയാന്‍ എല്ലാവര്ക്കും തിടുക്കം. കാത്തിരുന്ന് കാണാന്‍ ജാഥാ ക്യാപ്ടന് കൂടിയായ പാര്‍ട്ടി സെക്രട്ടറിയുടെ കമന്റ്. വൈകുന്നേരമായപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് ഒരു വാര്‍ത്ത വന്നു. ‘അച്ചുമ്മാന് സമ്മേളന സ്ഥലത്തേയ്ക്ക് പുറപ്പെട്ടു!’
അങ്ങനെ ജനസഹസ്രങ്ങള്‍ തിങ്ങിനിറഞ്ഞ ശംഖുമുഖം കടപ്പുറത്തെ വേദിയില്‍ കാരണവര്‍ സ്ഥാനം പിടിച്ചു. അതുവരെ പാര്‍ട്ടി പിളരും എന്ന് പ്രഖ്യാപിച്ച ചില മാധ്യമങ്ങള്‍ ഇളിഭ്യരായി തല താഴ്ത്തി. ഉറുദു കവിതയിലെ വരികള്‍ കൊണ്ട് പാര്‍ട്ടി സെക്രട്ടറി ഒളിയമ്പെയ്തിട്ടും കാരണവര്‍ മറുപടിയൊന്നും നല്‍കിയില്ല. മാത്രവുമല്ല സെക്രട്ടറിക്ക് ശക്തമായ പിന്തുണ നല്‍കിയാണ് മുഖ്യന് വേദി വിട്ടത്. അച്ചുമ്മാന് കീഴടങ്ങി എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നാണ് ദുര്‍ബല്‍ കുമാറിന് പറയാനുള്ളത്.
ഈ സമയത്ത് പാര്‍ട്ടിഅച്ചടക്കം ലംഘിച്ച് ഇപ്പോഴിരിക്കുന്ന കസേര കൂടി കളയണോ. പഴയ ജനപിന്തുണയൊന്നും ഇപ്പോഴില്ല. എങ്ങനെയെങ്കിലും തന്നെ തട്ടിയിട്ട് ആ കസേരയില്‍ കയറിയിരിക്കാന്‍ വടക്കുന്നൊരാള് പാഞ്ഞു നടക്കുന്നുമുണ്ട്. ഇപ്പോള്‍ മനസിലായോ ശരിക്കും തോറ്റതാരാണെന്ന്. പതിറ്റാണ്ടുകള്‍ കാത്തിരുന്ന് കിട്ടിയ മുന്തിരിയാണ്. ഇനിയിപ്പോള്‍ പുളിയാണെങ്കിലും കഴിക്കുക തന്നെ. അല്ലാതെ പണ്ട് പാര്‍ട്ടി വിട്ട പലരും പറയുന്നത് കേട്ട് തുള്ളിയാല്‍ കക്ഷത്തിലുള്ളത് പോകുകയും ചെയ്യും, ഉത്തരത്തിലുള്ളത് കിട്ടുകയുമില്ല. എങ്ങനെയുണ്ടെന്റെ ബുദ്ധി!!!