ആത്മീയ സ്ഥാപനങ്ങളിലേക്ക് വിദേശഫണ്ട് ഒഴുകിയെത്തുകയാണ്. ഈ ഫണ്ട് എവിടെ നിന്ന് വന്നു, എന്തിന് ഉപയോഗിച്ചു എന്നൊക്കെ സര്‍ക്കാര്‍ അന്വേഷിക്കണം എന്ന് പലവട്ടം മുറവിളി ഉയര്‍ന്നെങ്കിലും എല്ലാം വനരോദനമാവുകയാണ് ഉണ്ടായത്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ആത്മീയ സ്ഥാപനങ്ങളിലേക്ക് എത്ര കോടി രൂപ ഒഴുകിയെന്ന കണക്കുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച് ‘ബിലീവേഴ്സ് ചര്‍ച്ച്’, ‘ഗോസ്പല്‍ ഫോര്‍ ഏഷ്യ’ എന്നീ രണ്ട് സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കെപി യോഹന്നാനാണ് വിദേശത്ത് അമൃതപുരിയിലെ അമ്മയേക്കാള്‍ പിടിപാടുള്ളത്. കെപി യോഹന്നാന്റെ ട്രസ്റ്റുകള്‍ക്ക് 153 കോടി രൂപ വിദേശപണമായി ലഭിച്ചപ്പോള്‍ അമൃതാനന്ദമയിയുടെ ‘അമൃതാനന്ദമയി മഠ’ത്തിന് 116.39 കോടി രൂപയാണ് ലഭിച്ചത്.
തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷമായ 2007-08-ലെ കണക്കുകളും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അമൃതാനന്ദമയിയുടെയും കെപി യോഹന്നാന്റേയും ട്രസ്റ്റുകള്‍ 2007-08 നേടിയത് 252.59 കോടി രൂപയുടെ വിദേശ ഫണ്ടാണ്. ഇതില്‍ 149 കോടി രൂപയും കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് എന്ന ഒറ്റസ്ഥാപനമാണു സ്വീകരിച്ചത്.
ഈ മൂന്ന് ട്രസ്റ്റുകള്‍ക്കും 2005-06 സാമ്പത്തിക വര്‍ഷത്തില്‍ 220.24 കോടി രൂപ വിദേശത്തു നിന്ന് ഒഴുകിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യോഹന്നാന്റെ നിയന്ത്രണത്തിലുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 58.29 കോടി രൂപ ലഭിച്ചു. അതേസമയം അമൃതാനന്ദമയീ മഠത്തിന് ലഭിച്ചത് 85.33 കോടി രൂപയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തേക്ക് എത്തുന്ന വിദേശപണത്തിന്റെ സിംഹഭാഗവും സ്വീകരിക്കുന്നത് അമൃതാനന്ദമയീ മഠവും കെ പി യോഹന്നാന്റെ സ്ഥാപനങ്ങളുമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.