വലിയ പിതാവിന് വിട

വെള്ളി, 1 ഏപ്രില്‍ 2011 (15:40 IST)
PRO
സമാധാനത്തിന്‍റെ ആ വെള്ളരിപ്രാവ് പറന്നു മറഞ്ഞു. സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു. സഭാജീവിതവും വ്യക്തിജീവിതവും സംശുദ്ധമായി നയിച്ച ആ വലിയ പിതാവിന്‍റെ സ്മരണയില്‍ കേരളത്തിലെ വിശ്വാസസമൂഹം അമരുകയാണ്. ഏറ്റവും ആരാധ്യനായ പിതാവായിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. അനുരഞ്ജനവും ഐക്യവുമായിരുന്നു മുഖമുദ്ര. വിമര്‍ശിക്കുന്നവരെയും സ്വീകരിക്കുന്ന നിലപാടിലൂടെ അദ്ദേഹം എല്ലാ സഭകള്‍ക്കും ആദരണീയനായിത്തീര്‍ന്നു.

സഭയുടെ നിലപാടുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും വിപ്ലവകരമായ പല ചിന്താധാരകളും അദ്ദേഹം വെട്ടിത്തുറന്നിരുന്നു എന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്. സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത പല വിഷയങ്ങളിലും ധൈര്യപൂര്‍വം തീരുമാനങ്ങളെടുത്തു. ബി ജെ പിയുമായി ഏറ്റവുമധികം അകന്നുനില്‍ക്കുന്ന സമയത്തും ‘നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണ്’ എന്ന ബി ജെ പി നിലപാടിനോട് യോജിക്കുകയാണ് മാര്‍ വര്‍ക്കി വിതയത്തില്‍ ചെയ്തത്. ഇത് സഭയില്‍ വലിയ ചര്‍ച്ചാവിഷയമായപ്പോഴും തന്‍റെ നിലപാടാണ് ശരിയെന്ന ഉറച്ച നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മാനവികതയെ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ബഹുമാനിച്ചിരുന്നു. കമ്യൂണിസ്റ്റുകളോട് പല കാര്യത്തിലും വിയോജിക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് ചിന്താഗതികളിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനോട് യോജിച്ചിരുന്നു. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധവും അതിനുവേണ്ടിയുള്ള നടപടികളും വിതയത്തില്‍ പിതാവ് എപ്പോഴും സ്വീകരിച്ചു.

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ തുടരുമ്പോള്‍ തന്നെ കേരളത്തിലെ മറ്റ് ക്രൈസ്തവസഭകളെയും ഒത്തുചേര്‍ത്ത് ഒരു കൂട്ടായ്മയ്ക്ക് അദ്ദേഹം ശ്രമിച്ചിരുന്നു. ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള ശ്രമം നടത്തുന്നതിലൂടെ മറ്റ് സഭകളിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു. ക്രിസ്തുവിന്‍റെ ശരീരമാണ് സഭയെന്ന ദര്‍ശനം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. സീറോമലബാര്‍ സഭയില്‍ അദ്ദേഹത്തിന്‍റെ നേതൃത്വം മാതൃകാപരമായിരുന്നു എന്നാണ് മറ്റ് സഭാനേതൃത്വങ്ങളും വിലയിരുത്തുന്നത്.

അരമനയുടെ വാതിലുകള്‍ എല്ലാ സംവാദങ്ങള്‍ക്കുമായി തുറന്നുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായും രാഷ്ട്രീയ വ്യക്തിത്വങ്ങളുമായും വിതയത്തില്‍ പിതാവ് സ്നേഹപൂര്‍ണമായ ഇടപെടലുകളിലൂടെ ബന്ധപ്പെട്ടു. കേരളത്തിലെ സി പി എം നേതാക്കള്‍ക്ക് അദ്ദേഹവുമായി വ്യക്തിപരമായി ഏറെ അടുത്ത ബന്ധമുണ്ടായിരുന്നു. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നിലപാടുകള്‍ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിലുള്ളതായിരുന്നു.

വിശാലമായ മാനുഷികതയുള്ള ആത്മീയാചാര്യനെയാണ് വിതയത്തില്‍ പിതാവിന്‍റെ വിയോഗത്തിലൂടെ കേരളീയ സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മനുഷ്യമനസുകളെ സ്നേഹത്തിലൂടെ അടുപ്പിച്ച അദ്ദേഹത്തിന്‍റെ ഭൌതിക സാന്നിധ്യം നഷ്ടമാകുമ്പോഴും ആ ആത്മീയ ദര്‍ശനങ്ങള്‍ ഒരു വഴികാട്ടിയായ നക്ഷത്രവിളക്കായി എന്നും നമ്മോടൊപ്പം ഉണ്ടായിരിക്കും.

വെബ്ദുനിയ വായിക്കുക