രാഹുലോ മോഡിയോ ആരാണ് കേമന്‍?

ശനി, 19 ജനുവരി 2013 (11:31 IST)
PRO
മകര സംക്രാന്തിയ്ക്ക് ശേഷം ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിരില്‍ നിര്‍ണായക തീരുമാനങ്ങളാണ് ഉണ്ടായത്. രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രധാനസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. കാരണം സോണിയയെ അനാരോഗ്യം അലട്ടുകയാണ് രാഹുല്‍ നിര്‍ണായകമായി രംഗത്ത് വന്നുകഴിഞ്ഞു. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെയാണ് യുപിഎ രംഗത്തിറക്കുന്നത്.

ഇതിനിടെ മോഡി എന്ന ‘പ്രതിഭാസം‘ ബിജെപിയെയും കടന്ന് വളരുന്നതാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്. ആ വളര്‍ച്ച ന്യുഡല്‍ഹി വരെയെത്തിയിരിക്കുകയാണ്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം നയിക്കുക നരേന്ദ്രമോഡിയാകും. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലില്‍ കേന്ദ്ര നേതൃത്വത്തിലേക്ക് കൂടുതല്‍ മോഡി അനുകൂലികള്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊടെ ഡല്‍ഹിയില്‍ മോഡിയുടെ പ്രഭാവം പൂര്‍ണ്ണതയിലെത്തും.

തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അദ്ധ്യക്ഷനായാകും നരേന്ദ്ര മോഡി എത്തുക. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുള്ള സമിതിയുടെ മാതൃകയിലാണ് ബിജെപിയും പ്രചാരണ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള പോരാട്ടവേദിയാവുന്നുള്ള അമേരിക്കന്‍ റിപ്പോര്‍ട്ട് കുറച്ച് കാലം മുന്‍പ് പുറത്ത് വന്നിരുന്നു.

ആരാണ് കേമന്‍: ചില വിലയിരുത്തലുകളും അഭിപ്രായങ്ങളു

അടുത്ത പേജ്- മോഡി രാക്ഷസനോ രാവണനോ രാജാധിരാജനോ

PRO
ഇന്ത്യയിലെ മികച്ച ഭരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ സര്‍ക്കാറെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. നരേന്ദ്രമോഡി ഭരിക്കുന്ന സംസ്ഥാനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ നരേന്ദ്ര മോഡിയെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് ‍‘പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയ്ക്ക് പരിതിയില്ല. അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോഡി പരിപൂര്‍ണ യോഗ്യനാണ്. ഇതില്‍ എനിക്ക് യാതൊരു സംശയവുമില്ല‘. സുഷമ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉരുക്കു മനുഷ്യനല്ല ഒരു രാവണനാണെന്നു കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുക്കു മനുഷ്യനെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡി ഒരു അന്താരാഷ്ട്ര പിആര്‍ ഏജന്‍സിയുടെ സഹായം തേടിയെന്നും. ഇതിനു സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചെലവഴിക്കുന്നുവെന്നും അയ്യര്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാക്ഷസനാണെന്നു ബിജെപി വിമത നേതാവ് കേശുഭായ് പട്ടേല്‍. സംസ്ഥാന ജനത അനുഭവിക്കുന്ന ദുരിതത്തിനു കാരണം മോഡിയാണ്. 84മതു ജന്മദിന വേളയില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഈ പ്രായത്തില്‍ കൂടുതലായൊന്നും തനിക്കു നേടാനില്ലെന്നും എന്നാല്‍ മോഡിയുടെ ദുര്‍ഭരണത്തിനെതിരേ പ്രതികരിക്കാതെ വീട്ടിലിരിക്കാനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വ്യവസായികളുടെ പ്രശംസാ പ്രവാഹം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വ്യവസായികള്‍ ഒരുപോലെ പുകഴ്ത്തി മോഡിയെ. വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സമ്മേളനത്തിലായിരുന്നു ഇത്.

PRO
നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി മുന്‍പ് നടത്തിയിട്ടുള്ള ചിന്തന്‍ ശിബിരങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ജയ്പൂരില്‍ ഇക്കുറിപകുതിയോളം പ്രതിനിധികള്‍ 45 വയസില്‍ താഴെയുളള യുവ നേതാക്കളാണ്. ആദ്യമായാണ് യുവനിരയ്‌ക്ക് ഇത്രയും പ്രാതിനിധ്യം ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വം പുതു തലമുറയിലേക്കു മാറുകയാണെന്ന സന്ദേശം കൂടിയാവും ശിബിരം നല്‍കുക.

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവുന്നത് സ്വാഭാവിക സംഭവമാണെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. എന്നാല്‍, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മന്‍‌മോഹന്‍ സിംഗ് തന്നെയായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മണവാളന്റെ കുതിരയേപ്പോലെയാണെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍‌ഹ. “വിവാഹദിനത്തില്‍ മണവാളനെയും കൊണ്ടുവരുന്ന കുതിരയേപ്പോലെയാണ് രാഹുല്‍. നിന്ന് നില്‍പ്പില്‍ നിന്ന് അനങ്ങില്ല. തള്ള് കിട്ടിയിട്ടും മുന്നോട്ടു നിങ്ങാന്‍ ശ്രമിക്കുന്നില്ല. രാഹുലിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കാന്‍ എത്രയോ അവസരങ്ങള്‍ ഒരുക്കി. എന്നാല്‍ ഇതുവരെ അദ്ദേഹം അതിന് തയ്യാറായിട്ടില്ല. രാഹുല്‍ ഇങ്ങനെ നില്‍ക്കുന്നതാണ് പ്രശ്നം”-യശ്വന്ത് സിന്‍‌ഹ ബോക്കാറോവില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിദേശ സുഹൃത്തുക്കളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞു. സുഖവാസത്തിനു വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍‌പ്രദേശില്‍ എത്തിയിരിക്കുന്നതെന്നും മായാവതി പറഞ്ഞു.

വിദേശികളെ പോലെയാണ് രാഹുലിന്റെ പ്രവൃത്തിയും ജീവിതശൈലിയും. വിദേശത്ത്‌ വളര്‍ന്ന്‌ അവിടെ നിന്ന്‌ വിദ്യാഭ്യാസം നേടിയ ആളാണ്‌ രാഹുല്‍. അദ്ദേഹത്തിന്റെ മന:സ്ഥിതിയും ഒരു വിദേശീയന്റേതാണ്‌. തന്റെ വിദേശ സുഹൃത്തുക്കളുമൊത്ത്‌ എപ്പോഴെല്ലാം യുപിയില്‍ രാഹുല്‍ വരുന്നുവോ, അപ്പോഴെല്ലാം അവര്‍ നേരംപോക്കിന്‌ വേണ്ടി മാത്രം പാവപ്പെട്ടവരുടെ കുടിലുകള്‍ സന്ദര്‍ശിക്കാറുണ്ട്‌. പാവപ്പെട്ടവനെ കളിയാക്കുന്നതിന്‌ തുല്യമാണിതെന്നും മായാവതി പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുന്നത് വളരെ സ്വാഭാവികമായ സംഭവം മാത്രമാണ്. രാഹുല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുമെന്നും കരുതുന്നു. രാജ്യത്തെ പ്രധാന നേതാക്കളില്‍ ഒരാളായ രാഹുല്‍ ഔചിത്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരാളാണെന്നും ഖുര്‍ഷിദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കഴിവിനെക്കുറിച്ചു കോണ്‍ഗ്രസ് പാര്‍ട്ടിക്കു നല്ല ബോധ്യമുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. പ്രധാനമന്ത്രി പദത്തിനു രാഹുല്‍ യോഗ്യനാണ്.

മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രിയാരെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിജെപിക്കു സാധിച്ചിട്ടില്ലെന്നു ഷിന്‍ഡെ പറഞ്ഞു.

രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരണമെന്നു താന്‍ ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. എന്നാല്‍, സംഘടനയെ ശക്തിപ്പെടുത്തുകയാണ് തന്‍റെ ദൗത്യമെന്ന നിലപാടിലായിരുന്നു മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക