രാജീവ് ഗാന്ധി വധക്കേസും ഭയപ്പെടേണ്ടുന്ന തമിഴ് രാഷ്ട്രീയവും
ശനി, 22 ഫെബ്രുവരി 2014 (16:42 IST)
PRO
PRO
തമിഴ് ജനത, രാജ്യത്തെക്കാള്‍ ഉപരി സ്വന്തം സംസ്കാരത്തെയും വിശ്വാസങ്ങളെയും മുഖ്യമെന്ന് വിശ്വസിക്കുന്നവര്‍. അതിന് വേണ്ടി ജീവന്‍ കളയാനും അവര്‍ തയാറാണ്. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചകള്‍ നടക്കുന്നതും ഇത്തരമൊരു കാര്യത്തിലാണ്. സ്വന്തം രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയെ വധിക്കുകയും അതിലൂടെ രാജ്യത്തിന് എതിരായി ഗൂഢാലോചന നടത്തുകയും ചെയ്തവരെ വിട്ടയ്ക്കാന്‍ ഒരു സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ കക്ഷി ഭേദമെന്യേ ഒന്നിച്ചിരിക്കുന്നു. രാജീവ് വധക്കേസിലെ പ്രതികളുടെ ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചതും അനുബന്ധ സംഭവങ്ങളും ഇത് തെളിയിക്കുന്നതാണ്. ഈ വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സുബ്രഹ്മണ്യന്‍ സ്വാമിയും മാത്രമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാവട്ടെ ലോക്‍സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏറ്റവും രാഷ്ടീയ ആയുധമാക്കി വിധിയെ മാറ്റിക്കഴിഞ്ഞു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടയ്ക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാജീവ് കേസില്‍ വധശിക്ഷയ്ക്ക് വിധേയരായ പ്രതികള്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതിനു പുറമേ വധശിക്ഷയില്‍ ഇളവ് ലഭിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, ജീവപര്യന്തം തടവുകാരായ റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയചന്ദ്രന്‍ എന്നീ പ്രതികളെ വിട്ടയക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ സ്വന്തം അധികാരം ഉപയോഗിച്ച് പ്രതികളെ വിട്ടയയ്ക്കുമെന്നാണ് പുരട്ചി തലൈവിയുടെ ഭീഷണി. ഇതിനു പിന്നാലെ ലഡ്ഡു വിതരണവും പടക്കം പൊട്ടിക്കലുമായി ആഘോഷം തുടങ്ങിയെന്നത് ലജ്ജിപ്പിക്കുന്ന യാഥാര്‍ഥ്യം.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതിനു തക്ക തെളിവുകളും ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം തമസ്കരിക്കപ്പെട്ടു. രാജീവിന്റെ സ്വന്തം പാര്‍ട്ടിക്കാരുടെ വരെ പിന്തുണ എല്‍ടിടിക്ക് കിട്ടിയെന്ന രീതിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ആ ഗൂഢാലോചനയുടെ ആഴം മനസിലാക്കുന്നതാണ്. രാജീവ് വധക്കേസില്‍ പ്രതിയായ നളിനിയുടെ അഭിഭാഷകനായ ദുരൈസ്വാമിയുടെ അഭിമുഖം തെഹല്‍ക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
അടുത്ത പേജില്‍: എല്ലാവര്‍ക്കും അറിയാമായിരുന്നു, രാജീവ് വധിക്കപ്പെടുമെന്ന്
PRO
PRO
1991 മേയ് 21, രാത്രി 10:20. ലോകത്ത് മുന്നില്‍ ഇന്ത്യയുടെ ചിരിക്കുന്ന മുഖമായിരുന്ന മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി എല്‍ടിടിയുടെ മനുഷ്യബോംബായ ശുഭയാല്‍ കൊല്ലപ്പെടുന്നു. പതിനാലോളം പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ അനവധി. എന്നാല്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു നേതാവ് പോലും കൊല്ലപ്പെട്ടില്ല. കൊല്ലപ്പെടാത്തതിലുള്ള വിഷമമാണെന്ന് ധരിക്കരുത്. സാമാന്യബുദ്ധിയില്‍ ചിന്തിച്ചു നോക്കൂ, നമ്മുടെ നാട്ടില്‍ ഒരു ഡിസിസി പ്രസിഡന്റ് മരിച്ചാല്‍ പോലും കൊല്ലപ്പെടുന്ന നേതാക്കളുടെ എണ്ണം ഇതിലും എത്രയോ അധികമായിരിക്കും!
21ന് ശ്രീപെരുമ്പത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കുചേരാനാണ് രാജീവ് എത്തിയത്. ഇതുസംബന്ധിച്ച് എഐസിസി തീരുമാനമുണ്ടായത് മേയ് 18നാണ്. എന്നാല്‍ മേയ് 17ന് ഇറങ്ങിയ ഒരു പ്രമുഖ തമിഴ് ദിനപത്രത്തില്‍ രാജീവ് 21ന് എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എഐസിസി തീരുമാനമുണ്ടാകും മുമ്പേ ആ പത്രത്തില്‍ ഈ വാര്‍ത്ത വന്നതെങ്ങനെ?
രാജീവിന്റെ സന്ദര്‍ശനത്തെ അന്നത്തെ തമിഴ്നാട് ഗവര്‍ണറായിരുന്ന ഭീഷ്മ നരേന്‍ സിംഗും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന വാഴപ്പാടി രാമമൂര്‍ത്തിയും എതിര്‍ത്തിരുന്നു. ഇതിനെയെല്ലാം മറികടന്ന് കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ചാണ് ആ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി, രാജീവിനെ താരതമ്യേന അവികസിത ഗ്രാമമായിരുന്ന ശ്രീപെരുമ്പത്തൂരില്‍ എത്തിച്ചത്. സ്കൂള്‍ മൈതാനത്ത് സമ്മേളനം നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥിക്ക് മാത്രമറിയാവുന്ന കാരണങ്ങളാല്‍ ഇത് ക്ഷേത്രമൈതാനത്തേക്ക് മാറ്റി. ഈ വിവരം പൊലീസിനെ അറിയിച്ചുമില്ല. മനുഷ്യബോംബായ ശുഭ രണ്ട് മണിക്കൂറോളം വേദിക്ക് അരികില്‍ കാത്തുനിന്നു എന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും കേസ് അന്വേഷണത്തിനിടെ കാണാതായത് ദുരൂഹതയുളവാക്കുന്നതാണ്. അസ്വാഭാവികമായി ഒരു സ്ത്രീ കാത്തുനില്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് പൊലീസ് ഒരു പരിശോധനയ്ക്ക് പോലും തയ്യാറാവാതിരുന്നത്?
രാജീവ് ഗാന്ധി വധത്തില്‍ ഡിഎംകെ നേതാക്കളുടെ പങ്കിനെപ്പറ്റി അന്വേഷണം നടത്തിയില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍ കെ രഘോത്തമന്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കാരണം അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അന്നത്തെ സിബിഐ മേധാവി ഡി കാര്‍ത്തികേയന്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയില്ലെന്നാണ് വെളിപ്പെടുത്തല്‍. സിബിഐ എസ്പി ആയിരുന്ന രാഘോത്തമനായിരുന്നു അന്വേഷണ സംഘത്തലവന്‍. സ്‌ഫോടനം നടന്ന ശ്രീപെരുമ്പത്തൂരില്‍ ഡിഎംകെ നേതാവ് പങ്കെടുക്കാനിരുന്ന യോഗം അവസാന നിമിഷമാണ് മാറ്റിയത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പക്ഷേ, കാര്‍ത്തികേയന്‍ അനുവദിച്ചില്ല. ഒരു പ്രമുഖ എംഡിഎംകെ നേതാവ്, രാജീവ് പങ്കെടുത്ത യോഗം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് എന്നിവരിലേക്കും അന്വേഷണമുണ്ടായില്ല. ഇങ്ങനെ രാജീവ് വധത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ അനവധിയാണ്. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് വന്‍ ഗൂഢാലോചനയിലേക്കാണ്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം നീക്കങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം അപകടകരമായ അവസ്ഥാവിശേഷങ്ങള്‍ക്കെതിരേ ശക്തമായ തീരുമാനങ്ങളാണ് ഉണ്ടാവേണ്ടത്. തീരുമാനത്തിനെതിരേ രാജീവിന്റെ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്തുണ്ട്. തന്റെ പിതാവ് രാജ്യത്തിന് വേണ്ടിയാണ് രക്തസാക്ഷിയായത്. ഘാതകരെ വിട്ടയക്കുന്നതില്‍ ദുഃഖമുണ്ടെന്നും രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വിട്ടയക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എന്നാല്‍ രാഹുലിന്റെ അസ്ഥാനത്തുള്ള പ്രതികരണത്തിന് മറുപടിയായി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ട്വീറ്റ് തന്നെ ധാരാളം - "പ്രതികള്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചപ്പോള്‍, ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കത്തെഴുതുമ്പോള്‍ 'ബുദ്ദു' എവിടെയായിരുന്നു?"