യദ്യൂരപ്പ കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ ചാണക്യന്‍

WDWD
തെന്നിന്ത്യയില്‍ ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി ബൂക്കനാക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ കര്‍ണ്ണാടകത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റു. നവംബറില്‍ ഒരാഴ്ച കഷ്ടിച്ച് മുഖ്യമന്ത്രിയായ ശേഷം രാജിവയ്ക്കേണ്ടിവന്ന യദ്യൂരപ്പയ്ക്ക് ഇത് മഹത്തായ രണ്ടാമൂഴമാണ്.

രണ്ട് പതിറ്റാണ്ട് കൊണ്ട് പൂജ്യത്തില്‍ നിന്ന് 110 സീറ്റിലേക്ക് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തതിനു പിന്നില്‍ യദ്യൂരപ്പയുടെ രാഷ്ട്രീയ കൌശലവും കഠിനാധ്വാനവും ഉണ്ടായിരുന്നു.

കര്‍ണ്ണാടകത്തിലും തെക്കേ ഇന്ത്യയിലും ഇതാദ്യമായാണ് ബി.ജെ.പി ഒറ്റയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നതും. ആറ് സ്വതന്ത്രന്‍‌മാരുടെ പിന്തുണ കൂടി ബി.ജെ.പിക്കുണ്ട്.

യെഡിയൂരപ്പ സംഖ്യാശാസ്ത്രജ്ഞന്‍‌മാരുടെ ഉപദേശ പ്രകാരം യെദ്യൂരപ്പയായി മാറി. ‘ഐ’ എന്ന അക്ഷരത്തിനു പകരം ഒരു ‘ഡി’ കൂടി ചേര്‍ത്തായിരുന്നു പേരിലെ മാറ്റം. ഇത് കര്‍ണ്ണാടകത്തില്‍ കാവിതരംഗം സൃഷ്ടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.


WDWD
ഭരണത്തിലേറി ഒരാഴ്ച തികയും മുമ്പേ കാലുവാരി കസേര തെറിപ്പിച്ച പഴയ മുന്നണി പങ്കാളി ദേവഗൌഡയുടെ ജനതാദളിന് നല്ല തിരിച്ചടി നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു.

എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബംഗാരപ്പയെ ശിക്കാരിപ്പുര മണ്ഡലത്തില്‍ നിലം‌പരിശാക്കി നിയമസഭയിലേക്ക് ജയിച്ചുവന്ന യദ്യൂരപ്പ ബി.ജെ.പി പ്രവര്‍ത്തകരുടെ ആശയം ആവേശവുമായി മാറി. രാഷ്ട്രീയ എതിരാളികളുടെ മുമ്പില്‍ അനിഷേധ്യ നേതാവായി മാറി.

66 കാരനായ യദ്യൂരപ്പയ്ക്ക് ലിംഗായത്ത് സമുദായത്തിന്‍റെ ഉറച്ച പിന്തുണയുണ്ടായിരുന്നു. പാര്‍ട്ടിയെ വിജയശ്രീലാളിതം ആക്കാനും കൂട്ടുചേര്‍ന്നുള്ള ആക്രമണത്തെ നിഷ്പ്രഭം ആക്കാനും ഈ പിന്തുണ സഹായകമായി.

2006 ല്‍ കോണ്‍ഗ്രസ് - ജനതാദള്‍ ബന്ധം ഉലയുന്നത് മുന്‍‌കൂട്ടി മണത്തറിഞ്ഞ യദ്യൂരപ്പ ജെ.ഡി.എസ്സുമായി സര്‍ക്കാര്‍ ഉണ്ടാക്കി 20 മാസം ഭരിച്ചത് ഒറ്റനോട്ടത്തില്‍ ബി.ജെ.പി ക്ക് നഷ്ടമുണ്ടാക്കി എന്ന് തോന്നാമെങ്കിലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്ന ലക്‍ഷ്യത്തിലേക്കുള്ള വളരെ ശക്തമായ ഒരു കാല്‍‌വയ്പ്പായിരുന്നു ആ കൂട്ടുകെട്ട്.

ജനതാദളിന്‍റെ വഞ്ചന നേരിട്ടു കണ്ടറിഞ്ഞ ജനങ്ങള്‍ ബി.ജെ.പിയെ നെഞ്ചേറ്റി ലാളിച്ചു, അധികാരത്തില്‍ എത്തിക്കുകയും ചെയ്തു.


WDWD
മാണ്ഡ്യ ജില്ലയിലെ ബൂകനാകെരെയില്‍ 1943 ഫെബ്രുവരി 27 ന് കര്‍ഷക കുടുംബത്തിലാണ് യദ്യൂരപ്പ ജനിച്ചത്. സൂര്യരാശി പ്രകാരം പീസീയെന്‍ ആണ് അദ്ദേഹം. യദ്യൂരപ്പയുടെ കുടുംബം മാണ്ഡ്യയില്‍ നിന്ന് ഷിമോഗയിലേക്ക് മാറുകയും അവിടെ അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെയും ജനതാദളിന്‍റെയും കൂടാരമായിരുന്ന കര്‍ണ്ണാടകയില്‍ കാവിക്കൊടി പാറിക്കാന്‍ യദ്യൂരപ്പയ്ക്ക് ആയത് ജനങ്ങളുടെയിടയില്‍ നടത്തിയ നിരന്തരവും നിസ്തന്ദ്രവുമായ പ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ്.

കര്‍ഷകരുടെയും ഭൂരഹിത തൊഴിലാളികളുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് യദ്യൂരപ്പ കര്‍ണ്ണാടകത്തിന്‍റെ മുക്കിലും മൂലയിലും സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. രണ്ട് തവണ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ അദ്ദേഹം സാമാന്യ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് വേരുറപ്പുണ്ടാക്കി. ശിക്കാരിപ്പുരയില്‍ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട യദ്യൂരപ്പ 1972 ല്‍ മുമ്പത്തെ ജനസംഘത്തിന്‍റെ ശിക്കാരിപുര പ്രസിഡന്‍റായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

1983 ല്‍ അദ്ദേഹം അടക്കം 18 ബി.ജെ.പിക്കാര്‍ നിയമസഭാംഗങ്ങളായി. അന്നാദ്യമായി കര്‍ണ്ണാടകത്തില്‍ രാമകൃഷ്ണ ഹെഗ്‌ഡേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്തു. ബി.ജെ.പി യുടെ പിന്തുണയോടെയായിരുന്നു ആ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

ബി.ജെ.പി-ജെ.ഡി.എസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പ സ്ത്രീകളേയും മുതിര്‍ന്നവരേയും പാവപ്പെട്ടവരേയും ലക്‍ഷ്യമാക്കി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തി.