സൂപ്പര്‍താരാധിപത്യമാണ് മലയാള സിനിമയുടെ ശാപമെന്നത് കാലങ്ങളായി കേള്‍ക്കുന്ന പരാതിയാണ്. സംവിധായകരും തിരക്കഥാകൃത്തുക്കളും നായികമാരും പ്രേക്ഷകരും സൂപ്പര്‍താരാധിപത്യത്തെ കുറ്റം പറയുന്നു. സൂപ്പര്‍താരങ്ങള്‍ സിനിമയുടെ എല്ലാ മേഖലകളിലും അനാവശ്യമായി ഇടപെടുന്നു എന്നാണ് ആരോപണം. എന്നാല്‍ താരമൂല്യമുള്ളതുകൊണ്ടാണ് അവര്‍ ഇടപെടുന്നതെന്ന് ഒരു മറുവാദമുണ്ട്. അവര്‍ക്ക് അവരുടെ ഇമേജ് സംരക്ഷിക്കണമല്ലോ.
പ്രേക്ഷകര്‍ക്കിടയില്‍ ഒരു താരത്തിനുള്ള സ്വാധീനം വളരെക്കൂടുതലാകുമ്പോഴാണ് അയാളെ സൂപ്പര്‍താരം എന്ന് വിശേഷിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടായി മലയാളത്തിന് രണ്ട് സൂപ്പര്‍താരങ്ങളുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും. ഇവരാണ് 30 വര്‍ഷം മലയാള സിനിമയെ താങ്ങിനടത്തിയത്. ഇപ്പോഴും ഇവര്‍ക്ക് പകരം ഒരാളെ കണ്ടെത്താന്‍ മലയാള സിനിമാലോകത്തിന് കഴിഞ്ഞിട്ടില്ല.
പക്ഷേ, മലയാളത്തിന്‍റെ താരരാജാവായ മോഹന്‍ലാലിന്‍റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിച്ചതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലാലിന്‍റെ സിനിമകള്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. മിനിമം ഗ്യാരണ്ടി ലാലിന് നഷ്ടമായിരിക്കുന്നു എന്ന് സിനിമാപണ്ഡിതര്‍ വിലയിരുത്തുന്നു. അദ്ദേഹത്തിന്‍റെ താരമൂല്യം ഇടിഞ്ഞുതാണതായാണ് കണ്ടെത്തല്‍.
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിന്‍റെ ഒരു സിനിമ പോലും 150 ദിവസം തികച്ചില്ല എന്നത് അദ്ദേഹത്തിലെ താരത്തിന്‍റെ വീഴ്ചയായാണ് സിനിമാലോകം വ്യാഖ്യാനിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന ചെറിയ ചിത്രം 160 ദിനങ്ങള്‍ പിന്നിടുന്ന വേളയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിന് അത്തരമൊരു വിജയം അവകശപ്പെടാനില്ലാത്ത അവസ്ഥയാണ്.
അടുത്ത പേജില്‍ - വിജയങ്ങളുടെ മാത്രമല്ല, പരാജയങ്ങളുടെയും രാജാവ്
PRO
വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന നടനായിരുന്നു ഒരുകാലത്ത് മോഹന്‍ലാല്‍. അദ്ദേഹം അഭിനയിച്ചാല്‍ പടം ഹിറ്റാകുമെന്ന സ്ഥിതിപോലും ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ മെഗാഹിറ്റുകള്‍ പലതും അദ്ദേഹത്തിന്‍റെ പേരിലാണ്. ഇതുപക്ഷേ, അഞ്ചുവര്‍ഷം മുമ്പുള്ള കഥയാണ്. ഇക്കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പ്രകടനം വളരെ മോശമാകുന്നതാണ് കാണാനായത്.
2005 മുതല്‍ 2009 വരെ മോഹന്‍ലാല്‍ സമ്മാനിച്ച വന്‍ ഹിറ്റുകള്‍ ഇവയാണ് - ഉദയനാണ് താരം, നരന്‍, തന്‍മാത്ര, രസതന്ത്രം, കീര്‍ത്തിചക്ര, ഛോട്ടാ മുംബൈ, ഹലോ, മാടമ്പി, ട്വന്‍റി20, ഭ്രമരം. ശരാശരി വിജയങ്ങളുടെ കൂട്ടത്തില്‍ വടക്കുംനാഥന്‍, ബാബാ കല്യാണി, കുരുക്ഷേത്ര, ഇന്നത്തെ ചിന്താവിഷയം, ഇവിടം സ്വര്‍ഗമാണ് ഇവയെയും ഉള്‍പ്പെടുത്താം. മൊത്തം 15 ചിത്രങ്ങള്‍. ഇവയില്‍ ട്വന്‍റി 20യുടെ വിജയം മോഹന്‍ലാലിന് തനിച്ച് അവകാശപ്പെടാനുമാവില്ല.
ഇനി 2005 മുതല്‍ 2009 വരെ മോഹന്‍ലാലിന്‍റെ പരാജയചിത്രങ്ങളുടെ പട്ടികയെടുത്താലോ? ചന്ദ്രോത്സവം, ഉടയോന്‍, കിലുക്കം കിലുകിലുക്കം, മഹാസമുദ്രം, ഫോട്ടോഗ്രാഫര്‍, അലിഭായ്, പരദേശി, റോക്ക് ന്‍ റോള്‍, ഫ്ലാഷ്, കോളജ് കുമാരന്‍, മിഴികള്‍ സാക്ഷി, ആകാശഗോപുരം, പകല്‍നക്ഷത്രങ്ങള്‍, റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്‍, എയ്ഞ്ചല്‍ ജോണ്‍. അഞ്ചു വര്‍ഷം കൊണ്ട് തകര്‍ന്നടിഞ്ഞത് 17 സിനിമകള്‍. കോടികളുടെ നഷ്ടം.
ഇനി 2010 വിശകലനം ചെയ്താലോ? മോഹന്‍ലാല്‍ എന്ന നടനെ ഹൃദയത്തില്‍ ആരാധിക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് 2010ലെ കണക്കുകള്‍.
അടുത്ത പേജില്‍ - 2010ല്‍ സമ്പൂര്‍ണ തകര്‍ച്ച
PRO
2010ല്‍ മോഹന്‍ലാലിന് അഞ്ച് റിലീസുകളാണ് ഉണ്ടായിരുന്നത്. ജനകന്‍, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, ഒരുനാള്‍ വരും, ശിക്കാര്‍, കാണ്ഡഹാര്‍. ഇവയില്‍ ശിക്കാര്‍ സൂപ്പര്‍ഹിറ്റായി. മറ്റ് നാലു സിനിമകള്‍ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. കാണ്ഡഹാര്‍, അലക്സാണ്ടര്‍ ദ് ഗ്രേറ്റ് എന്നീ സിനിമകള്‍ മോഹന്‍ലാലിന് സമ്മാനിച്ചത് വിമര്‍ശനങ്ങള്‍ മാത്രമാണ്.
ഈ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട പല ലാല്‍ച്ചിത്രങ്ങളും ബിഗ് ബജറ്റ് സിനിമകളായിരുന്നു എന്നതും ശ്രദ്ധിക്കണം. ചിത്രീകരണത്തിനായി ഏറെ ദിവസങ്ങള്‍ ചെലവഴിച്ച സിനിമകളുമാണിവ. അതായത് വ്യക്തമായ പ്ലാനിംഗിനും തിരക്കഥാ പൂര്‍ത്തീകരണത്തിനുമൊക്കെ ആവശ്യത്തിലധികം സമയമുണ്ടായിട്ടും ഈ സിനിമകള്‍ക്ക് പരാജയമായിരുന്നു വിധി.
‘ഒരു മോഹന്‍ലാല്‍ ചിത്രം’ എന്നതുകൊണ്ടുമാത്രം സിനിമകള്‍ വിജയിച്ചിരുന്ന കാലം ഇന്ന് ഓര്‍മ്മ മാത്രമാണ്. ഈ സത്യം മോഹന്‍ലാല്‍ പ്രേമികളെ നിരാശയിലാഴ്ത്തുന്നു. നല്ല തിരക്കഥയും സംവിധാനമികവുമുള്ള സിനിമകള്‍ മാത്രമാണ് ഇന്ന് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. താരമൂല്യം കൊണ്ട് ഹിറ്റുകള്‍ സൃഷ്ടിച്ച ലാല്‍ മാജിക് അപ്രത്യക്ഷമായി.
എണ്‍പതുകളുടെ അവസാനം മുതല്‍ 2000 വരെയായിരുന്നു മോഹന്‍ലാലിന്‍റെ സുവര്‍ണ വര്‍ഷങ്ങള്‍. 2000നു ശേഷം തിരിച്ചടികളുടെ കാലവും. ഇതു തിരിച്ചറിഞ്ഞാകണം ഒട്ടേറെ നല്ല പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അവയൊക്കെ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കണ്ടാല്‍ മോഹന്‍ലാലിന് ഒരു വന്‍ തിരിച്ചുവരവ് സാധ്യമാണ്.