മറഞ്ഞത് പൊതുരംഗത്തെ ‘ചിരിക്കുന്ന മുഖം’

ബുധന്‍, 20 ഏപ്രില്‍ 2011 (16:05 IST)
PRO
ബി കെ ശേഖര്‍ കര്‍ക്കശക്കാരനായ രാഷ്ട്രീയനേതാവായിരുന്നു. എന്നാല്‍ ആ കാര്‍ക്കശ്യം പൊതുപ്രവര്‍ത്തനത്തിന്‍റെ സത്യസന്ധതയില്‍ മാത്രമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം പ്രത്യക്ഷപ്പെടുന്ന ശേഖറിനെ ബി ജെ പി മാധ്യമവിഭാഗം തലവനായും പിന്നീട് വക്താവായും പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവന്നത് ഇടപെടലുകളിലെ ആ നയചാതുരി തിരിച്ചറിഞ്ഞിട്ടായിരുന്നു. ബി ജെ പിക്ക് ആ ‘ചിരിക്കുന്ന മുഖം’ നഷ്ടമായിരിക്കുന്നു. തന്‍റെ പൊതുപ്രവര്‍ത്തനം അകാലത്തില്‍ അവസാനിപ്പിച്ച് ബി കെ ശേഖര്‍ വിടവാങ്ങി.

എതിരാളികള്‍ക്കുപോലും സമ്മതനായ നേതാവായിരുന്നു അദ്ദേഹം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായി ബി കെ ശേഖര്‍ വരുമെന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമായിരുന്നു. കാരണം തിരുവനന്തപുരത്ത് ബി ജെ പി എന്നാല്‍ ‘ശേഖര്‍ജി’ കഴിഞ്ഞിട്ടേ മറ്റൊരു പേര് ഉണ്ടായിരുന്നുള്ളൂ. താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതിന് ശേഷം ഒരു ദിവസം ബി കെ ശേഖര്‍ കോണ്‍ഗ്രസ് നേതാവായ വി എസ് ശിവകുമാറിനെ ഫോണില്‍ വിളിച്ചു.

“തിരുവനന്തപുരത്ത് ഞാനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി ശിവകുമാര്‍ വരരുത് എന്നാണ് എന്‍റെ ആഗ്രഹം. അങ്ങനെ വന്നാല്‍ നമ്മള്‍ സുഹൃത്തുക്കള്‍ പരസ്പരം മത്സരിക്കേണ്ട അവസ്ഥയുണ്ടാകുമല്ലോ” - എന്നാണ് ശിവകുമാറിനോട് ശേഖര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് ശിവകുമാര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയും ശേഖറിന്‍റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ സൌഹൃദം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബി കെ ശേഖര്‍ ആവേശകരമായ പ്രചരണമാണ് തിരുവനന്തപുരത്ത് നടത്തിയത്.

പ്രചരണത്തിന്‍റെ കൊട്ടിക്കലാശത്തിന് രണ്ടുദിവസം മുമ്പാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇടയ്ക്കിടെ അദ്ദേഹത്തിന് വയറുവേദന വരുമായിരുന്നു. എന്നാല്‍ ഒരിക്കലും രോഗം മൂലം ബുദ്ധിമുട്ടുന്ന ഒരാളായി ശേഖറിനെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ രോഗവിവരങ്ങള്‍ മറ്റാരെയും അറിയിക്കാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ മുഖത്ത് എപ്പോഴും ആ ‘ചിരിയുടെ മറ’ ഉണ്ടായിരുന്നു.

ശേഖറിന് മഞ്ഞപ്പിത്തമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പ്രചരണം കൊടിയിറങ്ങുമ്പോള്‍ തനിക്ക് സജീവമാകാന്‍ കഴിയില്ലല്ലോ എന്ന വേദനയായിരുന്നു ശേഖറിന്. എങ്കിലും സുഹൃത്ത് കുമ്മനം രാജശേഖരനെ പ്രചരണത്തിന്‍റെ സര്‍വചുമതലയും ഏല്‍പ്പിച്ചശേഷം മൊബൈല്‍ ഫോണുമായി അദ്ദേഹം ആശുപത്രിമുറിയില്‍ ഒതുങ്ങിക്കൂടി. മണ്ഡലത്തില്‍ പരിചയമുള്ള എല്ലാവരെയും ഫോണില്‍ വിളിച്ച് വോട്ട് അഭ്യര്‍ത്ഥിക്കയായിരുന്നു ആ ദിവസങ്ങളില്‍ അദ്ദേഹം. എന്നാല്‍ പിന്നീടാണ് തനിക്ക് കരളില്‍ കാന്‍സര്‍ ബാധയുണ്ടായിരിക്കുന്ന വിവരം അദ്ദേഹം മനസിലാക്കുന്നത്. തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി നില കൂടുതല്‍ വഷളായി.

വിദ്യാമോര്‍ച്ചയിലൂടെയാണ് ബി കെ ശേഖര്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് യുവമോര്‍ച്ചയുടെ ഭാരവാഹിയായി. ബി ജെ പി ജില്ലാ പ്രസിഡന്‍റായി. ദീര്‍ഘകാലം ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി. ബി ജെ പി മീഡിയാ വിഭാഗം തലവനും വക്താവുമായി. എന്‍ ഡി എയുടെ കേരളഘടകം കണ്‍‌വീനറായി. ഇക്കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റായി. ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയായാണ് ബി കെ ശേഖറിനെ ബി ജെ പി നേതൃത്വം വിലയിരുത്തിയിരുന്നത്.

ടി വി ചാനലുകളില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കാനും ചര്‍ച്ചകളില്‍ മിന്നിത്തിളങ്ങാനും ശേഖറിന് സാധിച്ചു. കക്ഷിരാഷ്ട്രീയഭേദമന്യേ ഏവരുടെയും സുഹൃത്തായി. ബി ജെ പിക്കും എന്‍ എസ് എസിനുമിടയിലെ നല്ലബന്ധം നിലനിര്‍ത്തുന്നതിന് ശേഖറിനെയാണ് പാര്‍ട്ടി ഉപയോഗിച്ചിരുന്നത്. ശേഖറിന്‍റെ അടുത്ത സുഹൃത്തായ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ പറയുന്നത് “ഇത്ര സൌഹൃദമുണ്ടായിട്ടും രോഗവിവരം ഞാന്‍ അറിഞ്ഞില്ല” എന്നാണ്. ഇതുതന്നെയാണ് ശേഖറിനോട് ഏറ്റവും അടുപ്പമുള്ള എല്ലാവരും ഞെട്ടലോടെ ഉരുവിടുന്ന വാചകം. പ്രമോദ് മഹാജന്‍റെ വിയോഗം പോലെ ബി കെ ശേഖറിന്‍റെ പെട്ടെന്നുള്ള മടക്കയാത്രയും ബി ജെ പിക്ക് കനത്ത ആ‍ഘാതം സൃഷ്ടിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക