നേതാജിയുടെ 118 ആം പിറന്നാള്‍ ദിനത്തില്‍ ആ മഹാത്മാവിന്റെ തിരോധാനത്തെക്കുറിച്ച് ഒരു അവലോകനം
ഭാരതത്തിന്റെ അഭിമാനമായ നേതാജിയുടെ തിരോധാനത്തെക്കുറിച്ച് മൂന്നു കമ്മീഷനുകള്‍ ആണ് അന്വേഷിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് 1956ല്‍ ഷാനവാസ് കമ്മീഷന്‍ ആണ് സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചത്. നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് അന്വേഷണകമ്മീഷന്‍ വിധിയെഴുതി. പക്ഷേ ഭാരത്തിലെ ഭൂരിഭാഗം മനുഷ്യരും അത് വിശ്വസിച്ചില്ല. ചില രാഷ്‌ട്രീയക്കാര്‍ പോലും.
ഉരുക്കു വനിത ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ 1970 ല്‍ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചു. ജി ഡി ഖോസ്‌ലെ കമ്മീഷന്റെ അന്വേഷണത്തിലും വിമാനാപകടത്തില്‍ കൂടിയതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ , അടല്‍ ബിഹാരി വാജ്‌പയി പ്രധാനമന്ത്രിയായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മനോജ് മുഖര്‍ജി കമ്മീഷന്‍ അങ്ങനെയൊരു വിമാനപകടമേ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. 1999ല്‍ ആയിരുന്നു മുഖര്‍ജി കമ്മീഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1945ല്‍ തായ്‌വാനില്‍ വിമാനപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും ആയിരുന്നു മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തല്‍ . ഈ വെളിപ്പെടുത്തല്‍ വന്നതോടെ നേതാജി എവിടെയാണെന്ന് ചോദ്യം ഉയര്‍ന്നു തുടങ്ങി. എന്നാല്‍ ചോദ്യകര്‍ത്താക്കളെ തൃപ്‌തിപ്പെടുത്തുന്ന ഒരു ഉത്തരവും ലഭിച്ചില്ല.
നേതാജിയുടെ 118ആം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആയിരുന്നു ഇതു സംബന്ധിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി വിവാദപ്രസ്താവന നടത്തിയത്. നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതല്ല, സൈബീരിയന്‍ തടവറയില്‍ വെച്ച് സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍ . നേതാജിയെ നെഞ്ചിലേറ്റി നടക്കുന്ന ബംഗാളില്‍ വെച്ചായിരുന്നു സ്വാമിയുടെ ഈ പ്രസ്താവന.
നേരത്തെ കോണ്‍ഗ്രസിന്റെ മുന്‍ എം പിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണന്‍ സിന്‍ഹ സമാനമായ കാര്യം പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ആരും വലിയ വില കല്പിച്ചില്ല. സൈബീരിയന്‍ തടവറയിലെ 45ആം മുറിയില്‍ നേതാജിയെ കണ്ടതായി സോവിയറ്റ് രഹസ്യപൊലീസ് ഏജന്റായ കോസ്ലോവ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു സിന്‍ഹയുടെ മൊഴി. ഈ മൊഴിയെ മുന്‍ കമ്മീഷനുകള്‍ പരിഗണിക്കാതിരുന്നതില്‍ മുഖര്‍ജി കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തല്‍ വിവാദമായതോടെ റിപ്പോര്‍ട്ട് മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേത് അല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, നേതാജി എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം മുഖര്‍ജി കമ്മീഷനും നല്കുന്നില്ല.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രൊവിന്‍സിലെ കട്ടക്കില്‍ 1897 ജനുവരി 23ന് ആണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. 1945 ഓഗസ്റ്റ് 18ന് നേതാജി മരിച്ചെന്നാണ് വിക്കിപീഡിയ അടക്കമുള്ള ഇന്റര്‍നെറ്റ് വിജ്ഞാനശേഖരങ്ങള്‍ പറയുന്നത്. എന്നാല്‍ അതൊന്നും വിശ്വസിക്കേണ്ടതില്ലെന്ന് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യത്തിനായി അഹിംസാസമരവുമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നോട്ടുപോകുമ്പോള്‍ ആണ് ക്ഷുഭിതയൌവനത്തിന്റെ പ്രതിനിധിയായി നേതാജി രംഗപ്രവേശം ചെയ്യുന്നത്. രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗാന്ധിജിയുടെ സമരരീതികളോട് നേതാജി ഒരിക്കലും അനുകൂലമായിരുന്നില്ല. ഇക്കാരണത്താല്‍ കൊല്‍ക്കട്ടയിലേക്ക് തിരിച്ചുപോയ അദ്ദേഹം അവിടെ ചിത്തരഞ്ജന്‍ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പല നാടുകളില്‍ പല വേഷങ്ങളില്‍ നേതാജി എത്തി. അതുകൊണ്ടുതന്നെ നേതാജി മരിച്ചിട്ടില്ലെന്നും വേഷപ്രച്‌ഛന്നനായി ഇന്ത്യയില്‍ തന്നെ തിരിച്ചെത്തിയെന്നും വിശ്വസിക്കുന്നവര്‍ ഒട്ടനവധിയാണ്.
കേന്ദ്രസര്‍ക്കാര്‍ നേതാജിയുടെ തിരോധാനത്തെ രാഷ്‌ട്രീയമായി മുതലെടുക്കാതെ സത്യം വെളിപ്പെടുത്തണം. നേതാജിയെ സ്നേഹിക്കുന്നവര്‍ക്ക് അത് ഒരു ആശ്വാസമായിരിക്കും.