മന്ത്രിസഭാ പുന:സംഘടന: ഘടകകക്ഷികള്‍ ഇടയുന്നു; മുഖ്യന്റെ തലയരിയാന്‍ ഐ ഗ്രൂപ്പ്

ബുധന്‍, 31 ജൂലൈ 2013 (10:02 IST)
PRO
PRO
മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളില്‍ ഘടകകക്ഷികള്‍ ഇടയുന്നു. ചര്‍ച്ചകളില്‍ പരിഗണിക്കുന്നില്ലെന്ന് കാട്ടി കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ് കക്ഷികള്‍ ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കും. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഘടക കക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയുമായും കെ എം മാണിയുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. എന്നാല്‍ മുഖ്യന്റെ തലയരിയുക തന്നെയാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഉപമുഖ്യമന്ത്രിപദം ഉള്‍പ്പടെയുള്ള പുതിയ സമവായ നിര്‍ദ്ദേശങ്ങളാണ് പുനഃസംഘടനാ ചര്‍ച്ചയില്‍ പരിഗണിക്കുന്നത്. സംസ്ഥാനത്ത ഭരണപ്രതിസന്ധിയുണ്ടാക്കിയ സോളാര്‍ വിവാദം ഏറെക്കുറെ കെട്ടടങ്ങിയെന്നാണ് എ ഗ്രൂപ്പിന്റെ വിശ്വാസം. ഘടകക്ഷികളുമായി നടന്ന ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി വിഷയം ചര്‍ച്ചയായെന്നും സൂചനയുണ്ട്. കെ എം മാണി ഉപമുഖ്യമന്ത്രി പദത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ലീഗ് നേതൃത്വം പുതിയ നിലപാട് പ്രഖ്യാപനം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ നീക്കത്തെ ലീഗ് എതിര്‍ക്കാനാണ് ഏറെ സാധ്യത.

അടുത്ത പേജില്‍: ഐ ഗ്രൂപ്പ് ഉറച്ച നിലപാടില്‍


PRO
PRO
എന്നാല്‍ ചെന്നിത്തലയെ മന്ത്രിയാക്കിയുള്ള പ്രശ്‌ന പരിഹാര നീക്കം നേരത്തെ ഐ ഗ്രൂപ്പ് തള്ളിയിരുന്നു. മന്ത്രിസ്ഥാന ചര്‍ച്ചകള്‍ ചെന്നിത്തലയെ അപമാനിക്കാനെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സോണിയാഗാന്ധിയെ അറിയിക്കുമെന്നാണ് വിവരം. ഹൈക്കമാന്‍ഡുമായുള്ള നിര്‍ണായക ചര്‍ച്ചയിലും ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ചതോടെ ഐ ഗ്രൂപ്പ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത് നേതൃമാറ്റം തന്നെയാണെന്ന് സൂചന. ഇതിനിടെ മുഖ്യമന്ത്രിയെ തന്നെ മാറ്റണമെന്ന ഒരു ആവശ്യവും ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഘടകകക്ഷികളെ ഇടപെടുവിക്കുന്നതില്‍ പ്രതിരോധമന്ത്രി എകെ ആന്റണിക്ക്‌ കടുത്ത അതൃപ്‌തിയാണുള്ളത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട്‌ ആന്റണി ഇക്കാര്യത്തില്‍ നീരസമറിയിച്ചു. എന്നാല്‍, യുഡിഎഫ്‌ സര്‍ക്കാര്‍ നിലനില്‍ക്കണമെന്നതുകൊണ്ടുമാത്രം ആന്റണി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനു വഴങ്ങുകയായിരുന്നു.പ്രശ്‌നത്തില്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയാല്‍ സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസിനു വലിയ വില നല്‍കേണ്ടിവരുമെന്നാണ്‌ ആന്റണിയുടെ നിലപാട്‌. രണ്ടാംഘട്ടചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിക്കൊപ്പം ഡല്‍ഹി യാത്രയില്‍ മാണിയും കുഞ്ഞാലിക്കുട്ടിയും അനുഗമിക്കും. നിലവില്‍ ആന്റ്ണിയുടെ മനസ് ഐ ഗ്രൂപ്പിനൊപ്പമാണെന്നത് ഉമ്മന്‍ ചാണ്ടിക്ക് ഏറെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിചയായാണ് ഘടകകക്ഷികളെ കൂട്ടു പിടിച്ചുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കം.

വെബ്ദുനിയ വായിക്കുക