ബ്ലാക്മെയില്‍ ജനാധിപത്യം ആര്‍ക്കുവേണ്ടി?

WD
‘ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് ഇന്ത്യ’ എന്ന് എത്രയോ പ്രശസ്തര്‍ പാടി പുകഴ്ത്തുന്നു. എന്നാല്‍, കേരളമായാലും കേന്ദ്രമായാലും തെരഞ്ഞെടുപ്പിന് ശേഷം ഈ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തരെന്ന് വിശേഷണം ചാര്‍ത്തിക്കിട്ടിയ പൊതുജനങ്ങളെ പിന്തള്ളുന്ന കാഴ്ചയാണ് എപ്പോഴുമുള്ളത്.

തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന വിഭാഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ലാതെ സ്വന്തം ചിഹ്നത്തിന്‍റെയും പാര്‍ട്ടിയുടെയും നന്‍‌മയ്ക്കായി ഭരണം കാഴ്ച വയ്ക്കുമ്പോഴാണ് അധികാരം ഒട്ടുമില്ലാത്ത ജനത വീര്‍പ്പുമുട്ടുന്നത്. ഈ തനിയാവര്‍ത്തനത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തകര്‍ത്താടുന്നത്.

അഴിമതിക്കെതിരെ പോരാടും എന്ന് വിലപിക്കുന്ന ഒരു മുഖ്യനും മുഖ്യന്‍ പാര്‍ട്ടി അംഗമാണെന്ന വസ്തുത മറക്കരുത് എന്ന് പറയുന്ന പാര്‍ട്ടി പ്രബലരും. ഇവിടെയാണ് പാര്‍ട്ടികള്‍ അവര്‍ക്കായി ഭരണം കൈയ്യാളുന്നതിന്‍റെ ക്രൂരത വെളിപ്പെടുന്നത്. മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് അപ്പുറം പാര്‍ട്ടിയില്‍ പലകാര്യങ്ങളും ഉണ്ടെന്ന ശക്തമായ താക്കീതിന്‍റെ ഭാഷ.

PRD
ഇത്തരമൊരു സാഹചര്യം വരുമ്പോള്‍ സമൂഹ പുനര്‍നിര്‍മ്മാണത്തില്‍ ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്ന മട്ടിലാണ് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പെരുമാറ്റം. പാര്‍ട്ടി സ്ഥാനത്ത് ഇരിക്കുന്നവര്‍ ഒരു ചെറിയ വിഭാഗം ആളുകളുടെ മാത്രം പ്രതിനിധികളാണെന്ന വസ്തുത ഇവര്‍ മറക്കുന്നതോ അതോ ഗതികെട്ട ജനം വീണ്ടും ഭരണമാറ്റം ആഗ്രഹിക്കും എന്ന മനഃശാസ്ത്രപരമായ സമീപനമോ എന്തുതന്നെയായാലും ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ സ്ഥാനം ഒരു സംവിധാനത്തിന്‍റെ തലവന്‍റേതാണ്. അതു തന്നെയാണ് മന്ത്രിമാരുടെ അധികാ‍ര ചിഹ്നങ്ങളുടെ അര്‍ത്ഥവും.

അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇക്കഴിഞ്ഞ പി ബിക്ക് ശേഷം പറഞ്ഞു. ധീരമായ ഒരു പ്രഖ്യാപനമാണെന്ന് ഈ ഭരണത്തിന്‍റെ തുടക്കത്തിലായിരുന്നു എങ്കില്‍ ജനങ്ങള്‍ക്ക് കരുതാമായിരുന്നു. എന്നാല്‍, മൂന്നാര്‍ അടക്കമുള്ള ചുവടുകളില്‍ മുഖ്യമന്ത്രിക്ക് പറ്റിയ പിഴവുകള്‍, സ്വന്തം ഓഫീസില്‍ പോലും ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ സംജാതമായത് ഇതെല്ലാം പൊതുജനങ്ങളില്‍ ഈ വന്ദ്യ വയോധികന്‍റെ നിസഹായതയുടെ തണുപ്പായി അരിച്ചിറങ്ങിക്കഴിഞ്ഞു. ഇനി അവര്‍ ഇക്കാര്യങ്ങളില്‍ രോമാഞ്ചം കൊള്ളാന്‍ നിന്നു തന്നെന്നു വരില്ല.

ഇവിടെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള ആരോഗ്യകരമോ അനാരോഗ്യകരമോ ആയ മത്സരമാവട്ടെ. അധികാര വികേന്ദ്രീകരണ വടംവലിയോ അധികാര കേന്ദ്രീകരണ വടം വലിയോ ആവട്ടെ. പക്ഷേ ഒരു മുഖ്യനും മത്സരിച്ച ജയിച്ച പാര്‍ട്ടിക്കോ ചിഹ്നത്തിനോ അതീതനാവാന്‍ കഴിയില്ല എന്ന പ്രഖ്യാപനം ജനാധിപത്യത്തിന്‍റെ തായ്‌വേരിനെ ലക്‍‌ഷ്യമാക്കി വെട്ടിയ വെട്ടല്ലേ? കുറ്റാരോപിതന്‍ ഒരിക്കലും കുറ്റവാളിയാവുന്നില്ല, കുറ്റം തെളിയിക്കപ്പെടും വരെ. അതിനു മുമ്പേ അന്ത്യ ശാസനങ്ങളും പാളയത്തിലെ പടയും കേരള ജനാധിപത്യത്തിനെ ഭീതിയുടെ നിഴലില്‍ ആക്കുന്നത് എന്തേ ഇവര്‍ കാണുന്നില്ല?