ബസു, സമാനതകളില്ലാത്ത നേതാവ്

ഞായര്‍, 17 ജനുവരി 2010 (17:54 IST)
PRO
തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക് എക്കാലത്തും അനുകരണീയനായ ജ്യോതിബസുവിന്‍റെ പേരിലാവും ഇനി ജനുവരി 17 ഓര്‍മ്മിക്കപ്പെടുക. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി പുതിയ ലോക ക്രമത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകണമെന്ന് കാണിച്ചുതന്നാണ് ജനാധിപത്യത്തിന്‍റെ ആള്‍‌രൂപമായ ജ്യോതിബസു വിടചൊല്ലിയത്. ബംഗാളില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ തന്നെ ഏറ്റവും ജനപ്രീതി നേടിയ തൊഴിലാളി നേതാവാണ് ജ്യോതിബസു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ത്തന്നെ ബസുവില്‍ വിപ്ലവ ചിന്തകള്‍ വേരോടിത്തുടങ്ങിയിരുന്നു. വെള്ളക്കാരന്‍റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിച്ച് തുടങ്ങിയ ബാല്യം മുതല്‍ പശ്ചിമ ബംഗാളിന്‍റെ മുഖ്യമന്ത്രി പദം വരെയുള്ള ബസുവിന്‍റെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. ഭരണവും സമരവും സംയോജിപ്പിച്ചുകൊണ്ടു പോകുന്ന കമ്യൂണിസ്റ്റ് തന്ത്രം ഇന്ത്യയില്‍ ഫലപ്രദമായി നടപ്പിലാക്കിയ ഏക മുഖ്യമന്ത്രി എന്ന വിശേഷണം ബസുവിനുള്ളതാണ്. മുന്നണി രാഷ്ട്രീയത്തിന്‍റെ പ്രായോഗിക മാതൃക ഏറ്റവും ഫലപ്രദമായി എങ്ങനെ നടപ്പാക്കാം എന്ന് ബസു കാണിച്ചുതന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ ബസു പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചിലേറ്റി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായി ഉയര്‍ന്നുവരികയായിരുന്നു. ഇംഗ്ലണ്ടിലെ മിഡില്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടിയ ബസു 1940ലാണ് കല്‍ക്കട്ടയില്‍ തിരിച്ചെത്തി വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ലണ്ടനിലായിരുന്നപ്പോള്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ് ഫെഡറേഷനിലും ഇന്ത്യാലീഗിലും സജീവ പ്രവര്‍ത്തകനായിരുന്നു.

ഈസ്റ്റേണ്‍ ബംഗാള്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവായി ഉയര്‍ന്ന ജ്യോതിബസു 1946ല്‍ ആദ്യമായി ബംഗാള്‍ ലെജിസ്ലേറ്റീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം പശ്ചിമ ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ജ്യോതിബസുവിന്‍റെ വിയര്‍പ്പുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ സെക്രട്ടറി പദംവരെ അലങ്കരിച്ച ബസു 1964 കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സിപി‌എം പക്ഷത്തായി. അന്ന് മുതല്‍ 2008വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ജ്യോതിബസു.

ലാളിത്യ പൂര്‍ണമായ ജീവിതം നയിച്ച ബസു 1967ല്‍ ബംഗാളിലെ ഇടതുമുന്നണി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി. തുടര്‍ന്ന് 1977 ജൂണ്‍ 21 മുതല്‍ മുതല്‍ 2000 നവംബര്‍ ആറുവരെ ബംഗാളിന്‍റെ മുഖ്യമന്ത്രിപദത്തിലിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന ബഹുമതി ജ്യോതിബസുവിനുള്ളതാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ കൂട്ടിയോജിപ്പിച്ച് 23 വര്‍ഷം ബംഗാള്‍ ഭരിച്ച ജ്യോതിബസു മുന്നണി രാഷ്ട്രീയം ഏറ്റവും മികച്ച രൂപത്തില്‍ എങ്ങനെ നടപ്പാക്കാം എന്ന് കാണിച്ച് തന്നു.

PRO
1996 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഐക്യമുന്നണി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ അന്ന് പ്രധാനമന്ത്രി പദം ജ്യോതിബസുവിനെ തേടിയെത്തി. എന്നാല്‍, സി പി എം ഈ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. പിന്നീട് ചരിത്രപരമായ മണ്ടത്തരം എന്ന് ബസു തന്നെ ഈ സംഭവത്തെ വിശേഷിപ്പിക്കുകയുണ്ടായി. ബസുവിന് പകരം ദേവഗൌഡയാണ് അന്ന് പ്രധാനമന്ത്രിയായത്.

വിവിധ കക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള കഴിവും പാര്‍ട്ടിക്കകത്തെ വിമത ശബ്ദത്തെ നിശബ്ദനാക്കാനുള്ള ശേഷിയും ബസുവിന്‍റെ മാത്രം പ്രത്യേകതയായിരുന്നു. ബംഗാള്‍ ഇടതുമുന്നണി മന്ത്രിസഭയെ ദീര്‍ഘകാലം നയിച്ച ബസു സി പി എമ്മിന് സംസ്ഥാനത്ത് വ്യക്തമായ വേരോട്ടമുണ്ടാക്കിക്കൊടുത്തു. വ്യത്യസ്ത അഭിപ്രായമുള്ള കക്ഷികളുമായി തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ അഭിപ്രായ ഐക്യത്തിലെത്താന്‍ ബസുവിന് സാധിച്ചിരുന്നു. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കലായിരിന്നില്ല, നേരെ മറിച്ച് അംഗീകരിപ്പിക്കലായിരുന്നു ബസുവിന്‍റെ രീതി.

അതുകൊണ്ടുതന്നെ സുഭാഷ് ചക്രവര്‍ത്തിയെപ്പോലെയുള്ള വിമതന്‍‌മാരെപ്പൊലും നിശബ്ദനാക്കാന്‍ ബസുവിന് കഴിഞ്ഞു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ബസുവിന് അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ വിജയം. അതുകൊണ്ടു തന്നെയാണ് ബംഗാളില്‍ ഇടതുമുന്നണി തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയതും. വിമര്‍ശനങ്ങളെ തന്ത്രപരമായി മറികടക്കുന്നതില്‍ ബസു കാണിച്ച ആത്മവീര്യം എടുത്തു പറയേണ്ടതാണ്.

കോണ്‍ഗ്രസിന് പോലും ബസു പല സമയങ്ങളിലും ഉപദേശകനായിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജ്യോതിബസുവുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിനകത്ത് വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. ഇന്ത്യാ-ബംഗ്ലാദേശ് ജലതര്‍ക്കം അടക്കം നിരവധി പ്രശ്നങ്ങളില്‍ ബസു കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെയുള്ള ബസുവിന്‍റെ കാഴ്ചപ്പാടാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് എന്നും വ്യത്യസ്തനാക്കിയത്.

മതനിരപേക്ഷത എന്നും ഉയര്‍ത്തിപ്പിടിച്ച ബസു വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രായാധിക്യം മൂലം ബംഗാള്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നൊഴിഞ്ഞെങ്കിലും അടുത്ത കാലം വരെ സിപി‌എമ്മിന്‍റെ നയപരമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ബസു ഒരു പ്രധാന ചാലക ശക്തിയായിരുന്നു. 2004ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള സി പി എം തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജ്യോതിബസുവായിരുന്നു. ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സര്‍വ്വ കോണുകളിലും ഭാഗഭാക്കായാണ് ബസു നമ്മെ വിട്ടുപിരിഞ്ഞത്.

വെബ്ദുനിയ വായിക്കുക