ബക്കറ്റിലെ വെള്ളമാണോ വി.എസ്?

മാര്‍ച്ച് ആദ്യ വാരത്തിലെ ‘ആഴ്ചമേള’ പംക്തിയില്‍ പിണറായി വിജയനും നടി നഗ്മയും സിനിമാതാരം തിലകനും ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും പഴയ നക്സലൈറ്റ് കെ. വേണുവും പങ്കെടുക്കുന്നു.

ബക്കറ്റിലെ വെള്ളമാണോ വി.എസ്?
WDWD
ഒരു കുട്ടി കടല്‍ കാണാന്‍ വന്നു. കടലില്‍ തിരകള്‍ ആര്‍ത്തലയ്‌ക്കുന്നു. കുട്ടിക്ക്‌ വളരെ സന്തോഷമായി. കുട്ടി വേഗം പോയി ഒരു ബക്കറ്റുമായി വന്ന്‌ അതില്‍ വെള്ളം കോരി. ബക്കറ്റില്‍ നോക്കുമ്പോള്‍ അതില്‍ തിര വരുന്നില്ല. കുട്ടിക്ക്‌ വിഷമമായി. കുട്ടി കരഞ്ഞു. കുട്ടിയുടെ പ്രയാസംകണ്ട്‌ ബക്കറ്റിലെ വെള്ളം പറഞ്ഞു. അല്ലയോ കുട്ടീ, ഞാന്‍ സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട്‌ ചേര്‍ന്നുനിന്നാലേ തിരയാകൂ. അപ്പോഴാണ്‌ എനിക്ക്‌ ശക്തി വരുന്നത്‌ - നവകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പിണറായി വിജയന്‍

യേശു നമ്മുടെ വക്കീലാണെന്ന് നഗ്മ
പ്രപഞ്ചത്തിന്റെ നാഥനാരോ അവന്‍ ജഡ്‌ജി. യേശു വക്കീല്‍. കേസ്‌ ഉണ്ടാക്കുന്നത്‌ മനുഷ്യനും. നാഥന്‌ മുന്നില്‍ കേസുമായി വാദിക്കാന്‍ യേശു ശ്രമിക്കും. ഈ രീതിയില്‍ യേശുവിനെ മനസിലാക്കാന്‍ ശ്രമിച്ചതോടെ പലരിലേക്കും യേശുവിന്റെ മഹത്വം എത്തിക്കണമെന്ന്‌ തോന്നി. ഇ പ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും ക്രൈസ്‌തവമത പ്രചാരണത്തിനായെത്താറുണ്ട്‌. അതെന്റെ കടമയായി തോന്നും. - സിനിമാഭിനയം വിട്ട് സുവിശേഷ പ്രവര്‍ത്തകയായി മാറിയ നടി നഗ്മ

ഇന്ത്യന്‍ വ്യവസ്ഥക്കെതിരെ സോമനാഥ്
ഇന്ത്യയ്ക്ക്‌ മാത്രമെന്ന്‌ അവകാശപ്പെടാവുന്ന മൂന്നു കാര്യങ്ങളാണുള്ളത്‌. ലോക്സഭയ്ക്കു സ്വന്തം ടെലിവിഷന്‍. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നു. എംപിമാര്‍ സ്വന്തം ശമ്പളം തീരുമാനിക്കുന്നു. ലോകത്ത്‌ മറ്റൊരിടത്തും ഇല്ലാ ത്ത കാര്യമാണിത്‌. എംപിമാരുടെ ശമ്പളം തീരുമാനിക്കുന്നതിന്‌ കമ്മീഷനെ നിയമിക്കുകയാണ്‌ വേണ്ടത്. അത് എം‌പിമാര്‍ സ്വന്തമായി ചെയ്യുന്നത് ശരിയല്ല - ലോക്‌സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി

ജനങ്ങളുടെ മുമ്പില്‍ മുട്ടുകുത്തും
ഈ നാലുവര്‍ഷം ഞാന്‍ ജീവിച്ചത് സിനിമ കൊണ്ടല്ല. പിന്നെ എങ്ങനെയാണ് ജീവിച്ചത്? ഞാന്‍ ജീവിച്ചത് അവാര്‍ഡുകള്‍ കൊണ്ടാണ്. ആരെങ്കിലും വിളിച്ച് അവാര്‍ഡ് തരും. അമ്പതിനായിരം രൂപ, ഒരു ലക്ഷം രൂപ. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ചിലര്‍ തള്ളിക്കളയുമ്പോഴും ജനം എന്നെ തള്ളിയിട്ടില്ല. അവരെന്നെ സ്വീകരിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോഴും അത് കഴിഞ്ഞും ജനങ്ങളാണ് എന്നെ നോക്കുന്നത്. ഞാന്‍ അവരുടെ മുമ്പിലേ മുട്ടുകുത്തൂ - സിനിമാതാരം തിലകന്‍

കമ്യൂണിസ്റ്റുകളുടേത് പിഗ്മി മനസ്
മഹാത്മാഗാന്ധിയെയും നെഹ്രുവിനെയും പോലുള്ള വലിയ നേതാക്കള്‍ക്ക് മുന്നില്‍ ഇവിടത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ വെറും പിഗ്മികളായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തെ മനസിലാക്കാന്‍ മാര്‍ക്സിസ്റ്റ് വിശകലന രീതി ഉപയോഗിക്കാന്‍ അവര്‍ക്കറിയില്ലായിരുന്നു. അതിന് ഉദാഹരണമാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ബ്രിട്ടീഷ് ഏജന്റുമാരായത്. സോവിയറ്റ് - സ്റ്റാലിന്‍ ആരാധനയ്ക്കപ്പുറം ഇന്ത്യന്‍ സാഹചര്യത്തെ തുറന്ന കണ്ണുകള്‍ കൊണ്ട് നോക്കിക്കാണാനുള്ള സാമാന്യബുദ്ധി പോലും ഈ പിഗ്മി മനസുകാരായ കമ്യൂണിസ്റ്റുകള്‍ക്ക് ഇല്ലായിരുന്നു - പഴയ നക്സലൈറ്റായ കെ വേണു