പാലായില്‍ മാണിക്ക് അടിതെറ്റുമോ? എതിരാളി പി സി തോമസ്, മകനെ വീഴ്ത്തിയ തോമസ് അച്ഛനെയും അട്ടിമറിക്കുമോ? പാലായില്‍ പി സി ജോര്‍ജ്ജിനെ ഇറക്കാന്‍ ഇടതുമുന്നണി!

ചൊവ്വ, 23 ഫെബ്രുവരി 2016 (17:25 IST)
കെ എം മാണി കേരള രാഷ്ട്രീയത്തിലെ അതികായനാണ്. അരനൂറ്റാണ്ടുകാലത്തെ അനുഭവപരിചയത്തിന്‍റെ ബലത്തില്‍ ഇത്തവണയും മാണി പാലായില്‍ മത്സരിക്കാനിറങ്ങുകയാണ്. മാണി പാലായില്‍ ഭാഗ്യം പരീക്ഷിക്കുന്നു എന്നൊന്നും പറയാന്‍ കഴിയില്ല. കാരണം ജയിക്കാന്‍ വേണ്ടിയാണ് മാണി എന്നും മത്സരിച്ചിട്ടുള്ളത്. അങ്ങനെതന്നെയാണ് സംഭവിച്ചിട്ടുള്ളതും.
 
1967, 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളിലാണ് മാണി പാലായില്‍ നിന്ന് ജയിച്ചുകയറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണയും മാണിക്ക് ആത്മവിശ്വാസം ഒട്ടും കുറവല്ല. ആരോഗ്യമുള്ളിടത്തോളം കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് പറഞ്ഞ മാണി താന്‍ മത്സരിക്കണമെന്നത് പാലാക്കാരുടെ ആഗ്രഹമാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ പാലായില്‍ യു ഡി എഫിന് സ്ഥാനാര്‍ത്ഥിയായിക്കഴിഞ്ഞു.
 
കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ മാണി സി കാപ്പനെ 5259 വോട്ടുകള്‍ക്കാണ് കെ എം മാണി പരാജയപ്പെടുത്തിയത്. ഇത്തവണയും ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നുറപ്പ്. അത് മാണി സി കാപ്പനായിരിക്കുമോ പി സി ജോര്‍ജ്ജ് ആയിരിക്കുമോ എന്നൊന്നും അറിവായിട്ടില്ല. എന്നാല്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥി ഇത്തവണ കെ എം മാണിക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.
 
പി സി തോമസ് ആയിരിക്കും ഇത്തവണ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പായിക്കഴിഞ്ഞു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പി സി തോമസ് വീണ്ടും എത്തുമ്പോള്‍ അത് പാലായില്‍ തന്നെയാകുന്നത് ശ്രദ്ധേയമാണ്. പി സി തോമസും കെ എം മാണിയും ഏറ്റുമുട്ടുമ്പോള്‍ അത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമാകുന്ന മത്സരമായി മാറുമെന്നും ഉറപ്പായിക്കഴിഞ്ഞു.
 
പി സി തോമസിന്‍റെ ഒടുവിലത്തെ മത്സരം 2004‍ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഴയ മൂവാറ്റുപുഴ മണ്ഡലത്തിലായിരുന്നു. അന്ന് ഐ എഫ് ഡി പി എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്‍ ഡി എയുടെ സഖ്യകക്ഷി. അഞ്ഞൂറിലധികം വോട്ടിന് പി സി തോമസ് ജയിച്ചു. ആ മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി!
 
വേറൊരു കാര്യം കൂടി ആലോചിക്കുക. ആ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷത്തിന്‍റെ ബലത്തിലായിരുന്നു പി സി തോമസ് ജയിച്ചുകയറിയത്. കെ എം മാണിയുടെ ഉള്ളില്‍ നടുക്കമുണ്ടാക്കുന്നതും ആ മത്സരത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാവും.
 
ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാന്‍ പി സി ജോര്‍ജ്ജ് ഒരുങ്ങുന്നു എന്നത് ഏകദേശം ഉറപ്പായ കാര്യമാണ്. പാലായില്‍ മത്സരിക്കാന്‍ ഇടതുമുന്നണി ജോര്‍ജ്ജിനോട് ആവശ്യപ്പെടുമോ എന്നാണ് ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്നത്. അതിന് ജോര്‍ജ്ജ് സമ്മതിച്ചാല്‍ അതൊരു പോരാട്ടം തന്നെയായിരിക്കും. പി സി തോമസും പി സി ജോര്‍ജ്ജും എതിരാളിയായി വന്നാല്‍ കെ എം മാണിക്ക് ഈ തെരഞ്ഞെടുപ്പ് ഒരു തീക്കളിയായിരിക്കുമെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക