ഫെബ്രുവരി രണ്ടാം വാരത്തിലെ ‘ആഴ്ചമേള’ പംക്തിയില്‍ വിവാഹിതയായ നടി കാവ്യയും നടന്‍ ജയറാമും പഴയകാല നക്സലൈറ്റ് പ്രവര്‍ത്തകനായ പി.കെ. നാണുവും മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസും പങ്കെടുക്കുന്നു.
WD
ഞാനെങ്ങിനെയാണ് പോവുക?
അഭിനയം നിര്‍ത്തുകയാണെന്നൊക്കെ ഞാന്‍ പറയുന്നത് ദൈവദോഷമാവും. ജനിച്ചതിന് ശേഷം നാലുവര്‍ഷം മാത്രമാണ് ഞാന്‍ സിനിമയിലല്ലാതെ നിന്നിട്ടുള്ളത്. നാലാം വയസില്‍ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തില്‍. അന്നുമുതലിന്നുവരെ നിങ്ങളുടെ കണ്‍മുന്നിലാണ് ഞാന്‍ വളര്‍ന്നത്. ഒരു സുപ്രഭാതത്തില്‍ നടിയായി മാറിയതല്ല. അങ്ങനെയുള്ള ഞാനെങ്ങനെയാണ് ഇത്രനാളും നിങ്ങളെ പിന്തുണച്ച നിങ്ങളുടെ മുന്നില്‍വന്ന് ‘ഞാന്‍ അഭിനയം നിര്‍ത്തുകയാണ്’ എന്ന് വെറുതെ പറഞ്ഞിട്ട് പോവുന്നത്? - വിവാഹിതയായ നടി, കാവ്യ മാധവന്‍
ജയറാമിന്റെ ബൈക്ക് യാത്ര
PRO
പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള ട്രാഫിക് ഐലന്റ്. ഞങ്ങളുടെ ബൈക്ക് ഒരുകൂട്ടം വാഹനങ്ങള്‍ക്കിടയില്‍. ചുറ്റുമിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ച എന്നെയും അശ്വതിയെയും (പാര്‍വതി) അന്യഗ്രഹ ജീവികളെ നോക്കുന്നത് പോലെ തുറിച്ച് നോക്കി. പെട്ടെന്നാണ് തൊട്ടടുത്ത ബൈക്കിലിരുന്ന സ്ത്രീ വിളിച്ചുകൂവിയത്. “അത് പാര്‍വതീടെ കണ്ണല്ലേ.. ആ ഹെല്‍മറ്റൊന്ന് പൊക്കിക്കേ!”. ആള്‍ക്കാര്‍ അടുത്തുവരാന്‍ തുടങ്ങിയ സമയത്ത് സിഗ്നല്‍ വീണു. ബൈക്ക് പറന്നു - പാര്‍വതിയെയും കൂട്ടി ബൈക്ക് യാത്ര നടത്തിയതിനെ പറ്റി നടന്‍ ജയറാം.
ഒരു സിംബോളിക് സംഭവം
എന്നെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയപ്പോള്‍ വീട്ടുകാര്‍ ചെയ്ത ഒരു കാര്യം എന്റെ മേശവലിപ്പിലും പെട്ടിയിലും മറ്റുമായി വച്ചിരുന്ന നക്സലൈറ്റ് ചായ്‌വുള്ള പ്രസിദ്ധീകരണങ്ങളും മറ്റും ഒന്നോടെയെടുത്ത് നെല്‍കൃഷി ചെയ്തിരുന്ന ഞങ്ങളുടെ വയല്‍ വരമ്പിന് താഴെ കുഴിച്ചിടുകയായിരുന്നു. പില്‍ക്കാലത്ത് ഈ വയല്‍ നികത്തി, അവിടെയാണ് എന്റെ വീട് വച്ചത് - പഴയകാല നക്സലൈറ്റ് പ്രവര്‍ത്തകനായ പി.കെ. നാണു
സഭ ഭയക്കുന്നതെന്തിന്
സഭയുടെ പണം എന്ന് പറയുന്നത് സഭാസമൂഹത്തിന്റെ പണമാണ്. അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിന് എക്കൌണ്ടബിലിറ്റിയുള്ള ഒരു ട്രസ്റ്റ് വേണം എന്ന് പറയുന്നതിലൊരു തെറ്റും പറയാന്‍ കഴിയില്ല. തങ്ങള്‍ക്ക് ഒളിക്കാനൊന്നുമില്ല എന്നായിരിക്കും സഭകള്‍ പറയുന്നത്. എങ്കില്‍ ഒരു ട്രസ്റ്റ് ഉണ്ടാവുക്കുന്നതിനെ ഭയപ്പെടെണ്ട കാര്യമേ വരുന്നില്ലല്ലോ. ക്രൈസതവ സഭകള്‍ ഈ നിയമത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് - മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസ്