മലയളക്കരയില്‍ നര്‍മം വിതറിയ മുഖ്യമന്ത്രി ആയിരുന്നു ഇ കെ നായനാര്‍. ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിശേഷണങ്ങള്‍ക്ക് അതീതനായാണ് അദ്ദേഹം കടന്നു പോയത്. നായനാര്‍ മലയാളിയുടെ ഓര്‍മ്മകളില്‍ മാത്രമായിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടുംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന് മാത്രമായിരുന്നില്ല, നല്ലൊരു കൂട്ടുകാരന് കൂടിയായിരുന്നു.
മൂന്നു തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്റെ ഭാവഭേദങ്ങള്‍ നായനാരില്‍ പ്രകടമായിരുന്നില്ല. 2004ലെ മേയ് 19 ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നായനാരുടെ മരണ വാര്‍ത്തയെത്തി. കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ മനുഷ്യസ്നേഹിക്ക് മലയാള മണ്ണ് നല്കിയ വിടവാങ്ങല്‍ ദൃശ്യങ്ങള്‍ ഇന്നും ജനമനസുകളില്‍ തങ്ങി നില്ക്കുന്നു. കണ്ണൂരിന്റെ വിപ്ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് ഇപ്പോഴും നികത്തപ്പെടാതെ തന്നെ കിടക്കുകയാണ്. മേയ് 21ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് നായനാരുടെ ഭൗതിക ശരീരം മണ്ണിനോട് ചേര്‍ന്നപ്പോള്‍ വീരസഖാവിന് അഭിവാദനമര്‍പ്പിച്ച് മുഴങ്ങിയ മുദ്രാവാക്യം (ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... വീര സഖാവിന് ലാല്‍ സലാം...) എന്നും പ്രസക്തമായി നിലകൊള്ളും.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടിവന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന് കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനുമൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്. എ കെ ജിക്കും ഇ എം എസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്ലവ നേതാവും നായനാരായിരുന്നു.
മരിക്കുന്നതിനു തൊട്ടുമുമ്പു പോലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു നായനാര്‍. ഒരു തുറന്ന പുസ്തകം പോലെ മുന്നേറിയ നായനാരുടെ പ്രവൃത്തികള്‍ സ്വന്തം പാര്‍ട്ടിയായ സി പി എമ്മിനെപ്പോലും കുഴച്ചിരുന്നെങ്കിലും ജനനായകന്റെ നിഷ്കളങ്കത ഏവരും അംഗീകരിച്ചു. വടക്കന്‍ മലബാറിന്റെ മലയാള സംസാര ശൈലിയിലൂടെ എതിരാളികളെ വാക്കുകളാല്‍ തോല്‍പ്പിച്ച നായനാര്‍ മികച്ച പ്രാസംഗികനും വാഗ്മിയുമായിരുന്നു. എഴുത്തുകാരനായും മാധ്യമ പ്രവര്‍ത്തകനായും കഴിവു തെളിയിച്ച നായനാര്‍ രാഷ്ട്രീയത്തിലെ തമാശക്കാരനായും തമാശക്കാരിലെ രാഷ്ട്രീയക്കാരനായും അറിയപ്പെട്ടു.
ഏറമ്പാല കൃഷ്ണന് നായനാര്‍ 1919 ഡിസംബര്‍ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ജനിച്ചു. 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. കര്‍ഷക-വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിനു നേതൃത്വം നല്കി പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചു.
ചരിത്രപ്രസിദ്ധമായ കയ്യൂര്‍, മൊറാഴ സമരങ്ങളില്‍ നായനാര്‍ സജീവമായി പങ്കെടുത്തിരുന്നു. സമരത്തെ തുടര്‍ന്ന് ഒളിവില്‍ പാര്‍ത്ത നായനാരെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. 1940ല്‍ ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായി. അടിയന്തിരാവസ്ഥക്കാലത്തുള്പ്പടെ 11 വര്‍ഷം ജയില്‍വാസമനുഭവിച്ചു.
1967ല്‍ പാലക്കാട്ട് നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ ഇരിക്കൂറില്‍ നിന്നും 1980ലും 1982ലും മലമ്പുഴയില്‍ നിന്നും 1987, 1991 വര്‍ഷങ്ങളില്‍ തൃക്കരിപ്പൂരില്‍ നിന്നും 1996ല്‍ തലശേരിയില്‍ നിന്നും കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972-80ല്‍ സി പി ഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.
1980ലാണ് നായനാര്‍ ആദ്യം മുഖ്യമന്ത്രിയായത്. 1980 ജനവരി 25 മുതല്‍ 1981 ഒക്ടോബര്‍ 10 വരെ ആദ്യ തവണ നായനാര്‍ കേരളം ഭരിച്ചു. 1987 മാര്‍ച്ച് ഏഴു മുതല്‍ 1991 ജൂണ്‍ വരെ നായനാര്‍ രണ്ടാം തവണ കേരളം ഭരിച്ചു. 1996 മെയ് മുതല്‍ 2001 മെയ് വരെ മൂന്നാം തവണ മുഖ്യമന്ത്രിയായി.
രാഷ്ട്രീയപ്രവര്ത്തകന് എന്നതിനൊപ്പം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു നായനാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി 15ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും നായനാരുടേതായുണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ആത്മകഥയായ സമരത്തീച്ചൂളയില്‍, മൈ സ്ട്രഗിള്‍സ്, ജയിലിലെ ഓര്‍മകള്‍, എന്റെ ചൈനാ ഡയറി, മാര്‍ക്സിസം ഒരു മുഖവുര, അമേരിക്കന്‍ ഡയറി, സാഹിത്യവും സംസ്കാരവും, വിപ്ളവാചാര്യന്മാര്‍ തുടങ്ങിയവയാണ് മുഖ്യകൃതികള്‍.