അല്ലെങ്കിലും മലപ്പുറം കുഞ്ഞാലിക്കുട്ടിയെ ചതിയ്ക്കില്ല!

ചൊവ്വ, 18 ഏപ്രില്‍ 2017 (14:29 IST)
ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു ഡിഎഫിന് ശക്ത‌മായ എതിരാളിയായിരുന്നു എൽഡിഎഫ് എന്ന് പറയാൻ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ അവരുടെ പ്രചരണം കുറച്ചൊന്നുമായിരുന്നില്ലെന്ന് യു ഡി എഫ് തന്നെ സമ്മതിക്കുകയാണ്. എൽ ഡി എഫിന്റെ പ്രചരണത്തിന്റെ ഫലം നേരിയ രീതിയിൽ എങ്കിലും ഫലം കണ്ടുവെന്ന് പറയാം.
 
വോട്ടിങ്ങിൽ നല്ല രീതിയിൽ വർധനവ് നേടാൻ എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി ഫൈസലിനു കഴിഞ്ഞു.  ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളിൽ ചുവപ്പു വീശിയിരുന്ന മണ്ഡലങ്ങളിൽ പോലും തകർച്ചയായിരുന്നു എൽഡിഎഫിന് നേരിടേണ്ടി വന്നത്. കേന്ദ്രഭരണത്തിന്റെ പിന്തുണയിൽ മലപ്പുറത്തു ശക്തി തെളിയിക്കാനിറങ്ങിയ ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഏറ്റത്. യുഡിഎഫിനും എൽഡിഎഫിനും വോട്ട് കൂടിയ സ്ഥാനത്താണ് ബിജെപി പിന്നോട്ട് പോയത്. 
 
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 64,705 വോട്ടുകളാണ് കിട്ടിയത്. അതായത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 7.58 ശതമാനം. ഇത്തവണ ഒരു ലക്ഷത്തിനു മുകളിൽ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങിയതെങ്കിലും 65662 വോട്ടുകള്‍ മാത്രമേ ശ്രീപ്രകാശിന് കഴിഞ്ഞുള്ളൂ. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകിയെങ്കിലും വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ പാർ‍ട്ടിയുടെ പ്രതീക്ഷകളെല്ലാം തകർന്നടിയുകയായിരുന്നു. 
 
തദ്ദേശതിരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്, ലീഗ് നേതൃത്വത്തിന് കഴിയാതിരുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് യുഡിഎഫ് ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തവണ യുഡിഎഫ് ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് കൊണ്ടോട്ടിയും മഞ്ചേരിയും വള്ളിക്കുന്നും അടക്കമുള്ള മണ്ഡലങ്ങളില്‍ കാഴ്ചവെച്ചത്. ഇതു ഫലംകണ്ടു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക