ചെന്നൈ ഇരട്ട സ്ഫോടനം: പിന്നില്‍ തീവ്രവാദബന്ധം?

വ്യാഴം, 1 മെയ് 2014 (17:14 IST)
ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലെ ഇരട്ട സ്ഫോടനത്തിന് തീവ്രവാദി ബന്ധമെന്ന് സംശയം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അറസ്റ്റിലായ ഐഎസ്ഐ ചാരനായ ശ്രീലങ്കന്‍ പൌരനെ അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. ചെന്നൈയില്‍ ഇത്തരം ഒരാക്രമണം അപ്രതീക്ഷിതമായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുദിവസം മുമ്പ് ചെന്നൈയില്‍ പിടിയിലായ ശ്രീലങ്കന്‍ പൌരന്‍ മുഹമ്മദ് സക്കീര്‍ ഹുസൈനിലേക്ക് സംശയം നീളുന്നത്. ഐഎസ്ഐ ചാരനായ ഇയാള്‍ പല തവണ തമിഴ്നാട് സന്ദര്‍ശിച്ചിരുന്നു. 

അതേസമയം സ്ഫോടനം രാജീവ് പ്രതികളുടെ വിടുതല്‍ സംബന്ധിച്ചോ ആന്ധ്ര ലക്‍ഷ്യമിട്ടോ ആസൂത്രണം ചെയ്തതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. സ്ഫോടനം ചെന്നൈയെ ലക്ഷ്യമാക്കിയല്ല ഉദ്ദേശിച്ചിരുന്നത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട് ഡിജിപി കെ രാമാനുജവും പ്രകടിപ്പിച്ചതും ഇത്തരം ഒരു സംശയമാണ്
 
സ്ഫോടനത്തിന്റെ ലക്‌ഷ്യം ചെന്നൈ ആയിരുന്നില്ലെന്ന് സംശയിക്കുന്നതായി തമിഴ്നാട് ഡിജിപി പറഞ്ഞു. ആര്‍ഡിഎക്സ് പോലെയുള്ള ശക്തിയേറിയ സ്ഫോടക വസ്തു ഉപയോഗിച്ചിരുന്നെങ്കില്‍ ദുരന്തം വളരെ വലുതാകുമായിരുന്നു.ഗുവാഹതി എക്സ്പ്രസ് സമയക്രമം പാലിക്കുകയായിരുന്നെങ്കില്‍ സ്ഫോടനം നടന്ന സമയത്ത് ആന്ധ്രയില്‍ എത്തേണ്ടതായിരുന്നു. ഇതാണ് ആക്രമണത്തിന്റെ ലക്‌ഷ്യം ചെന്നൈ അല്ല എന്ന സംശയമുയരാന്‍ മുഖ്യകാരണം. അങ്ങനെയെങ്കില്‍ ആന്ധ്ര 
വിഭജനത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാകും അന്വേഷണം നീങ്ങുക. 

വെബ്ദുനിയ വായിക്കുക