ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയന്മാരുള്ളത് കേരളത്തിലാണോ എന്നറിയില്ല, എന്തായാലും ഓരോ ഉത്സവ സീസണ്‍ കഴിയുമ്പോഴും കേരളത്തിലെ കുടിയന്മാരുടെ എണ്ണം ഇരട്ടി കണ്ട് വര്‍ധിച്ചു വരികയാണ്. കള്ളുകുടിയുടെ കാര്യത്തില്‍ രാജ്യത്ത് കേരളത്തിന് നല്ലൊരു സ്ഥാനം തന്നെയുണ്ട്. രാജ്യത്തെ ആളോഹരി മദ്യോപഭോഗത്തിന്‍റെ കണക്ക് നോക്കുമ്പോള്‍ കേരളം തന്നെയാണ് മുന്നില്‍. ഇതില്‍ കേരളീയരായ നമുക്ക് അഭിമാനം കൊള്ളാം!
കുടിയന്മാരുടെ എണ്ണം കൂട്ടാനായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുക്കൊണ്ടിരിക്കുകയാണ്. കേരളത്തെ സമ്പൂര്‍ണ ലഹരി സംസ്ഥാനമാക്കാനാണ് നമ്മുടെ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്നു. വീര്യം കുറഞ്ഞ മദ്യം കോള മോഡല്‍ കുപ്പികളാക്കി പഞ്ചായത്തുകള്‍ തോറും വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത് സിങ്കങ്ങള്‍. പുതിയ മദ്യ പദ്ധതി നിയമസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പുതിയ മദ്യ പദ്ധതിക്ക് അംഗീകാരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബക്കാനി മാര്‍ടിനി ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് കള്ള് വില്‍പ്പനയില്‍ കേരള സര്‍ക്കാറിനെ സഹായിക്കാന്‍ തയ്യാറായിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതി സംബന്ധിച്ച് ഗോവ കമ്പനിയും സര്‍ക്കാറും തമ്മിലുള്ള കരാര്‍ രേഖകള്‍ ശരിയായി വരികയാണ്. അതേസമയം, കര്‍ണാടകയിലെ ഒരു കമ്പനിയാണ് വീര്യം കുറഞ്ഞ മദ്യം കേരളത്തിന് നിര്‍മ്മിച്ചു നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്.
കള്ളുകുടിയന്മാരുടെ നാട്ടില്‍ വന്‍ വിപണി കണ്ടെത്തിയ ഗോവ കമ്പനി 2007 ജനുവരി 23ന് പുതിയ പദ്ധതി സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷ അംഗീകാരത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പദ്ധതിയുടെ തുടക്കത്തില്‍ പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും സമരവും പ്രതിഷേധവും പ്രതീക്ഷിക്കാം. ഇതെല്ലാം മുന്നില്‍ കണ്ട ഇടതു സര്‍ക്കാര്‍ കോളമദ്യകുപ്പികള്‍ ബീവറേജസ് കോര്‍പ്പറേഷന്റെ വില്‍പന കേന്ദ്രങ്ങള്‍ വഴി വില്‍പ്പന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ അളവിനും തൂക്കത്തിനും അനുസരിച്ച് ഭാവിയില്‍ കോള മദ്യത്തിന്റെ വിതരണം കൂടുതല്‍ വിപണികളില്‍ പരീക്ഷണം നടത്താനും സര്‍ക്കാറിന് പദ്ധതിയുണ്ട്.
എന്തായാലും, വീര്യം കുറഞ്ഞ മദ്യമാണെന്ന പരസ്യം വരുന്നതോടെ കുടിക്കാത്തവരും കുടിയന്മാരാകും. താരതമ്യേനെ വീര്യം കുറഞ്ഞ ബിയറില്‍ ആരംഭിച്ചാണല്ലോ, തുടക്കക്കാര്‍ മുഴുക്കുടിയന്മാരാകുന്നത്! ശീതളപാനീയങ്ങളെ പോലെ ആര്‍ക്കും യഥേഷ്ടം വില്‍ക്കുകയും വാങ്ങുകയും കുടിക്കുകയും ചെയ്യാവുന്ന വിധം വിതരണം ഉദാരമാക്കാനാണ് ഇടത് സര്‍ക്കാറിലെ ബുദ്ധിജീവികളായ സാമ്പത്തിക വിദഗ്ധര്‍ ലക്‍ഷ്യമിടുന്നത്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കോള മദ്യം വില്‍ക്കുന്നുണ്ട്. നാലു ശതമാനം വരെ ആല്‍ക്കഹോള്‍ കലര്‍ന്ന കുപ്പിപ്പാനീയങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ്. പുതിയ കോളമദ്യം പദ്ധതി കുടിയാന്മാരുടെ നാട്ടില്‍ വന്‍ വിജയം നേടുമെന്നുറപ്പാണ്.
എന്നാല്‍, വീര്യം കുറഞ്ഞ, മികവാര്‍ന്ന മദ്യമാണ് എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഭാവിയില്‍ മാറിമറിയും. ബിയറില്‍ ഉള്ളപോലെ, ലൈറ്റ്, സ്‌ട്രോംഗ്, സൂപ്പര്‍ സ്‌ട്രോംഗ് എന്നിങ്ങനെ കോളമദ്യത്തിനും വകതിരിവുകള്‍ വരും. ഇതിനുപുറമെ, സര്‍ക്കാറിന്റെ പുതിയ പദ്ധതിയുടെ മറപിടിച്ച് വ്യാജ മദ്യം കേരളത്തില്‍ ഒഴുകും. കോള കുപ്പികളില്‍ വരുന്ന മദ്യത്തിന് വീര്യം കുറവാണെന്ന് അവകാശപ്പെടുന്ന നിര്‍മ്മാണ കമ്പനികള്‍ തന്നെ പറയുന്നത് ചിലപ്പോള്‍ പത്തു ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാവുമെന്നാണ്. അതെ, കള്ള് വ്യാപകമായി വില്‍പ്പന നടത്താനുള്ള ഒരു തന്ത്രമായിട്ട് മാത്രമെ പുതിയ പദ്ധതി കാണേണ്ടതുള്ളൂ.
അടുത്ത പേജില്‍ വായിക്കുക, ‘നമ്മുടെ സഖാക്കളുടെ ഒരു മദ്യനയം!’
PRO
PRO
മദ്യവര്‍ജനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഇടത് സഖാക്കന്മാരാണ് കോള മദ്യത്തിന് പിന്നിലെന്നത് കലികാലം തന്നെ. ദൈവത്തിന്റെ സ്വന്തം നാടിനെ ഘട്ടംഘട്ടമായി മദ്യമുക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മൈക്ക് കെട്ടി വിളിച്ചുക്കൂവിയ നേതാക്കന്മാരാണ് നിയമസഭവിലിരുന്ന് കേരള ജനതയെ കുടിയന്മാരാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ ഭരണത്തിന്റെ നാലുവര്‍ഷം തീര്‍ന്നപ്പോള്‍ കേരളം ശരിക്കും ഒരു കുടി നാടായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ മുമ്പൊരിക്കലും ഇല്ലാത്തവിധം മദ്യത്തില്‍ മുക്കിയിരിക്കുകയാണ് ഇടത് സര്‍ക്കാര്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4134 കോടി രൂപയുടെ മദ്യമാണ് ബീവറേജ് കോര്‍പ്പറേഷന്‍ വിറ്റത്. എല്ലാം സര്‍ക്കാറിന്റെ ഖജനാവിലേക്ക് തന്നെ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ മദ്യ വരുമാനം 101 ശതമാനം കണ്ടാണ് വര്‍ധിച്ചിരിക്കുന്നത്. നല്ല പുരോഗതി, അവശ്യ സാധനങ്ങള്‍ ഇല്ലെങ്കിലെന്താ ജനങ്ങള്‍ കള്ളുകുടിക്കുന്നുണ്ട്; കള്ളുകുടിക്കാന്‍ ആവശ്യത്തിന് പണവുമുണ്ട്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ട സ്ഥലങ്ങളിലൊക്കെ പുതിയ ഷാപ്പുകള്‍ തുടങ്ങി. ആരും കുടിക്കാന്‍ കഷ്ടപ്പെടരുതെന്ന് കരുതിയിട്ടാകാം ആവശ്യപ്പെട്ട സ്ഥലത്തൊക്കെ സര്‍ക്കാര്‍ ഷാപ്പുകള്‍ക്ക് അനുമതി നല്‍കി. ഇതിനെല്ലാം പുറമെ കച്ചവടം കൂടിയതോടെ പ്രവൃത്തി ദിനങ്ങള്‍ കൂട്ടാനും സര്‍ക്കാര്‍ അധികൃതര്‍ മറന്നില്ല. ഇത് വിലകൂടിയ വിദേശമദ്യ വില്‍പനയുടെ മാത്രം കണക്കാണ്.
കേരള ജനതയിലെ ഒന്നേകാല്‍ കോടിയോളം പേര്‍ കുടിയന്മാരാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വെളിപ്പെട്ട ഞെട്ടിക്കുന്ന കണക്ക്! കണക്കില്‍ പെടാത്ത കുടിയന്മാര്‍ എത്രയുണ്ടെന്ന് അവരവരുടെ വീട്ടുകാര്‍ക്ക് മാത്രമേ അറിയൂ! ഈ രണ്ടുകൂട്ടരെ കൂടാതെ, ബാക്കിയുള്ള ജനങ്ങളെ കൂടി മദ്യപദ്ധതിയില്‍ ചേത്താന്‍ സമ്പൂര്‍ണ മദ്യകേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ഇടതു സര്‍ക്കാറിന് പടിയിറങ്ങാം. സാധാരണക്കാരന്റെ ഒരു കാര്യത്തിലും ശ്രദ്ധയില്ലാത്ത സര്‍ക്കാറിന് മദ്യ കുപ്പിയുടെ കാര്യത്തില്‍ പണ്ടെ വലിയ കാര്യമാണ്. കള്ളും ഷാപ്പും കുടിയന്മാരുമാണ് ഭരണം നിയന്ത്രിക്കുന്നത് എന്ന് തോന്നുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം.
മദ്യത്തിന്റെ കാര്യത്തില്‍ കൊടിയോ പാര്‍ട്ടിയോ വ്യത്യാസമില്ല. എന്നും കുടിയന്മാര്‍ക്ക് സന്തോഷം തന്നെയാണ്. ഇനി വലത് മുന്നണി ഭരണത്തിലെത്തിയാലും മദ്യമൊക്കെ അതിന്റെ വഴിക്ക് ഒഴുകും. അടുത്തിടെ കൊച്ചിയില്‍ നടന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സ് ദേശീയ സമ്മേളനത്തിനെത്തിയ രാഷ്ട്രപതിയും കേരളത്തിലെ മദ്യത്തെ കുറിച്ച് പറയുന്നത് കേട്ടു. ഇവിടത്തുകാരോട് ചോദിച്ച് കാണും കേരളത്തിലെ വലിയ സാമൂഹിക പ്രശ്നം എന്തെന്ന്? ഉടന്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും മദ്യമെന്ന്. അല്ലാതെ പാവം രാഷ്ട്രപതി പ്രതിഭയ്ക്ക് അറിയുമോ കേരളത്തിലെ മദ്യവും അതിന്റെ അനന്തരഫലങ്ങളും. കേരളത്തിലെ വര്‍ധിച്ചുവരുന്ന മദ്യാസക്തി ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞത്. ഇവിടത്തെ സ്ത്രീ പീഡനത്തിന്റെ മുഖ്യകാരണവും മദ്യപാനമാണെന്ന് അവര്‍ പറഞ്ഞു.
പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലാതെ പ്രതിഭാപാട്ടീല്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞെങ്കിലും കേരളത്തിന്റെ സ്ഥിതി ഇതിലും വേദനാജനകമാണ്. സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യം സമ്മാനിച്ച ദുരന്തങ്ങളും ദുരിതങ്ങളും എണ്ണിയാല്‍ തീരില്ല. ഇതിനാല്‍ തന്നെ ഇത്തരം മദ്യകേരള പദ്ധതികള്‍ക്കെതിരെ പൊതുജനം രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള ജനതയെ കൊലയ്ക്ക് കൊടുക്കുന്ന മദ്യം കുപ്പിയിലാക്കി വില്‍ക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കരുത്.