അരിവിലയും ഇന്ധനവിലയും മുകളിലേക്ക് കയറുമ്പോഴും വിലയിടിഞ്ഞ് കൊണ്ടിരിക്കുന്ന ഒന്നുണ്ട് നമ്മുടെ കേരളത്തില്‍ - മനുഷ്യ ജീവന്‍. ഇരുപതിനായിരം കോടി ആസ്തിയുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ അമരക്കാരില്‍ ഒരാളായ പോളിന്റെ ജീവനായാലും വര്‍ക്കലയില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ ഒരു സാധാരണ ഗൃഹനാഥന്‍ ശിവപ്രസാദിന്റെ ജീവനായാലും ഒരേവില തന്നെ, ‘പുല്ലുവില’!
ഗുണ്ടകളും തീവ്രവാദികളും കേരളം അടക്കിവാഴുകയാണെന്ന് മാധ്യമങ്ങളും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയടക്കമുള്ള മറ്റ് പലരും ചൂണ്ടിക്കാണിക്കുമ്പോഴും കേരളസര്‍ക്കാര്‍ ‘മണലില്‍ തല പൂഴ്ത്തിയ’ ഒട്ടകപ്പക്ഷിയുടെ നയമാണ് പുറത്തെടുക്കുന്നത്. ഈ നയത്തിന്റെ തണലില്‍, കൂണുകള്‍ പോലെ ക്വട്ടേഷന്‍ സംഘങ്ങളും തീവ്രവാദ സംഘങ്ങളും സംസ്ഥാനമൊട്ടാകെ പൊട്ടിമുളച്ച് തഴച്ച് വളരുകയാണ്.
സിമി, ശ്രീരാമസേന, അയ്യങ്കാളിപ്പട, റവല്യൂഷനറി പ്രോഗ്രസീവ് ഫോറം, ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്, ദ്രാവിഡ വിമോചന മുന്നണി, ആദിവാസി ഗോത്രമഹാസഭ എന്ന് തുടങ്ങി മതവുമായി ബന്ധമുള്ളതും ബന്ധമില്ലാത്തതുമായ ഒട്ടനവധി തീവ്രവാദ സംഘടനകളുടെ വിളനിലമാണ് കേരളം. ഗുണ്ടകളെ പോലെ തന്നെ, പൊലീസിന്റെ മൂക്കിന് താഴെയാണ് ഇത്തരം സംഘടനകളും വളരുന്നത്.
പ്രഭാത സവാരിക്കിറങ്ങിയ വര്‍ക്കലക്കാരന്‍ ശിവപ്രസാദ് വെട്ടേറ്റ് മരിക്കുകയും വര്‍ക്കല ജനതാമുക്ക് മാവിള ജംഗ്ഷനില്‍ തട്ടുകട നടത്തുന്ന പുല്ലാന്നികോട് വേങ്ങവിളവീട്ടില്‍ അശോകന് വെട്ടേല്‍ക്കുകയും ചെയ്തപ്പോഴാണ് പൊലീസ് സേന ഉണര്‍ന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളെ സ്വയം ശാക്തീകരണത്തിന് സജ്ജരാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഡിഎച്ച്ആര്‍എം എന്ന സംഘടനയിലാണ് പൊലീസിന്റെ അന്വേഷണം ചെന്നുമുട്ടിയത്.
സംഘടനയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ആളുകളെ കൊലപ്പെടുത്തി തങ്ങളുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘടനയെന്നാണ് പൊലീസ് പറയുന്നത്. അതിന് വേണ്ടിയാണെത്രെ നിരപരാധികളുടെ ജീവന്‍ കവരാന്‍ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്. ആറ് പേരെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് അറസ്റ്റിലായ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തുന്നു.
സര്‍ക്കാരെന്ന സ്ഥാപനം അട്ടിമറിച്ച് പാവപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട നക്സല്‍ ഗ്രൂപ്പുകള്‍ നിര്‍വീര്യമായതോടെ, തീവ്രവാദം പുലര്‍ത്തുന്ന ഒരുപിടി സംഘടനകള്‍ കേരളത്തില്‍ പിറവിയെടുത്തു. ഇതിനൊപ്പം ജാതീയമായ തീവ്രവാദ സംഘടനകളും കൂടിയപ്പോള്‍ കേരളം തീവ്രവാദ സംഘടനകള്‍ക്ക് ഫലഭൂയിഷ്ടമായ മണ്ണായി മാറി.
അടുത്ത പേജില്‍ വായിക്കുക ‘നമ്മുടേത് നട്ടെല്ലില്ലാ സര്‍ക്കാര്‍!’
PRO
PRO
കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും കാണിച്ച അബദ്ധമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് പിന്നില്‍. രാഷ്ട്രീയ നേതാക്കളെ സഹായിക്കുന്നതിനാലും പൊലീസിനെ ‘വേണ്ടവണ്ണം’ കാണുന്നതിനാലും ക്വട്ടേഷന്‍ സംഘങ്ങളെ പനപോലെ വളരാന്‍ സര്‍ക്കാരുകള്‍ അനുവദിച്ചു. നക്സല്‍ ഗ്രൂപ്പുകള്‍ക്ക് ശക്തിയില്ല എന്ന അബദ്ധധാരണയും ജാതീയ തീവ്രവാദ സംഘടനകളെ തൊടാന്‍ ധൈര്യമില്ലാത്ത അവസ്ഥയും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളമായി.
കേരളത്തില്‍ സാന്നിധ്യം അറിയിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഡിഎച്ച്ആര്‍എം എന്ന സംഘടന നിലവില്‍ വന്ന് മൂന്ന് വര്‍ഷം ആയതേയുള്ളൂ. അസൂയാവഹമായ പുരോഗതിയാണ് സംഘടന കൈവരിച്ചിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരാണ് സംഘടനയുടെ ആസ്ഥാനം. ലിറ്റില്‍ ബോയ് എന്ന ടാബ്ലോയ്ഡും സ്വതന്ത്ര നാട്ടുവര്‍ത്തമാനം എന്ന മാസികയും ഇവര്‍ പുറത്തിറങ്ങുന്നുണ്ട്. ഒപ്പം അണികളെ ഉദ്‌ബുദ്ധരാക്കാനായി ‘ഉയിരുണര്‍വ്’ എന്ന പേരിലൊരു സിഡി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ബ്രാഞ്ച് യൂണിറ്റ് മുതല്‍ സംസ്ഥാന കമ്മറ്റി വരെ പോകുന്ന രീതിയില്‍ അടിയുറച്ചൊരു ഘടന ഈ സംഘടനയ്ക്കുണ്ട്. പ്രാഥമിക യൂണിറ്റായ ബ്രാഞ്ച് കമ്മിറ്റി ആഴ്ചയില്‍ രണ്ടു ദിവസം ചേരും. അംഗങ്ങളുടെ കായികക്ഷമതക്കായി യോഗയും മറ്റും സംഘടന പരിശീലിപ്പിക്കുന്നുണ്ട്. ഇടക്കിടെ ഇവര്‍ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
മതങ്ങള്‍ക്ക് അതീതമാണ് ഡിഎച്ച്ആര്‍എം എന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പലപ്പോഴും ആര്‍എസ്‌എസ് പ്രവര്‍ത്തകരുമായും ഡിവൈഎഫ്‌ഐ/സിപിഎം പ്രവര്‍ത്തകരുമായും ഡിഎച്ച്ആര്‍എം കൊമ്പുകോര്‍ക്കുകയുണ്ടായിട്ടുണ്ട്. ‘പല്ലിന് പല്ല്’ എന്നാണ് സംഘടനയുടെ നയം. മധ്യകേരളത്തിലെ പട്ടികജാതിക്കാര്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഈ സംഘടനക്ക് 3,000 കാഡര്‍മാര്‍ ഉള്ളതായി അറിയുന്നു.
ഗുണ്ടകളും ജാതീയ/രാഷ്ട്രീയ തീവ്രവാദികളും കേരളത്തിന്റെ ഉറക്കം കെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശ്വസിച്ച് വീട്ടിലിരിക്കാനോ വീടിന് വെളിയില്‍ പോകാനോ പറ്റാത്ത അവസ്ഥ! ഗുണ്ടകള്‍ ആളുമാറി നമ്മെ വെട്ടാം. ശക്തി തെളിയിക്കാനായി രാഷ്ട്രീയ തീവ്രവാദ സംഘടനകള്‍ നമ്മെ കൊലപ്പെടുത്താം. ജാതിയോ മതമോ മറ്റൊന്നായതിനാല്‍ ‘വര്‍ഗീയ’ സംഘടനകള്‍ നമ്മെ ഉന്മൂലനം ചെയ്യാം. ഇതൊക്കെയാണ് നമ്മുടെ കേരളം!
തീവ്രവാദ സംഘടനയ്ക്ക് മതമായും രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമുണ്ടാവട്ടെ, ഗുണ്ടയ്ക്ക് മന്ത്രിപുത്രനുമായി ബന്ധമുണ്ടാവട്ടെ. ഇതൊക്കെയും മറികടന്ന് നടപടിയെടുക്കാന്‍ നട്ടെല്ലുള്ള, അവിഹിതബന്ധങ്ങളില്ലാത്ത, ഉശിരന്‍ സര്‍ക്കാരാണ് നമുക്ക് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമുക്കില്ലാത്തതും അതുതന്നെ. അപ്പോള്‍ പിന്നെ, ‘കേരളത്തില്‍ ജീവന് വിലയുണ്ട്’ എന്ന് ഉറക്കെപ്പറഞ്ഞ്, പിന്നാലെ ‘പുല്ലുവില’ എന്ന് മെല്ലെപ്പറഞ്ഞ് നമുക്ക് ആശ്വസിക്കാം. നമ്മുടെ ജീവനായി ഗുണ്ടകളോ തീവ്രവാദ സംഘടനകളോ വരും വരെ കാത്തിരിക്കാം.