കേരളത്തില്‍ എല്ലാ ഹര്‍ത്താലും പൂര്‍ണമാണ്!

ചൊവ്വ, 29 ജൂണ്‍ 2010 (17:15 IST)
PRO
ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും കേരളത്തില്‍ അത് എന്നും എപ്പോഴും പൂര്‍ണമാണ്. രണ്ടല്ല ഒരു വര്‍ഷം മുഴുവന്‍ വേണമെങ്കിലും ഹര്‍ത്താല്‍ നടത്താന്‍ റെഡി. വെറുതെ പറയുന്നതല്ല, ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍ അത്രയ്ക്ക് കോണ്‍ഫിഡന്‍സ് ആണ് ദൈവത്തിന്‍റെ സ്വന്തം നാടിനും നാട്ടാര്‍ക്കും. 2010 പിറന്ന് അരവയസ്സില്‍ എത്തി നില്ക്കുമ്പോള്‍, കഴിയുന്ന രീതിയില്‍ ഹര്‍ത്താല്‍ നടത്തി ഈര്‍ക്കില്‍ പാര്‍ട്ടികളും അതിലേറെ ആത്മാര്‍ത്ഥമായി ഒറ്റ ഹര്‍ത്താല്‍ പോലും വിടാതെ വിജയിപ്പിച്ച ജനങ്ങളും ഈ നാടിന് സ്വന്തം. അയല്‍‌പക്ക സംസ്ഥാനങ്ങളിലേക്ക് ഇടംകണ്ണിട്ട് നോക്കിയാലും കണ്ണിറുക്കി നോക്കിയാലും ഒരു ഹര്‍ത്താലോ ബന്ദോ ഒന്നും കാണാന്‍ കഴിയില്ല എന്നതാണ് ഇതിനെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സത്യം.

വെറുതെയാണോ സി പി എം പോളിറ്റ് ബ്യൂറോ അംഗം ഇത്ര ആത്മവിശ്വാസത്തോടെ പറഞ്ഞത്, “അടുപ്പിച്ച് രണ്ടു ഹര്‍ത്താല്‍ നടത്താനുള്ള ശേഷി കേരളത്തിനുണ്ട്” എന്ന്. പാന്ഥേ സഖാവേ, തെറ്റിപ്പോയി. അടുപ്പിച്ച് ഒന്നല്ല, ഒമ്പതല്ല ഒരു വര്‍ഷം മുഴുവന്‍ ഹര്‍ത്താല്‍ നടത്തണമെങ്കിലും മലയാള നാടിന് സര്‍വ്വസമ്മതം. സത്യം പറയാമല്ലോ, പാന്ഥേയുടെ പ്രസ്താവന കണ്ടപ്പോള്‍ ലജ്ജ കൊണ്ട് തല താഴ്ന്നു പോകുകയായിരിന്നു.

ആര്‍ക്കും സുഖമായി ഹര്‍ത്താല്‍ നടത്താനുള്ള ഇടമായി കേരളം അധ:പതിച്ചിരിക്കുന്നു എന്നല്ലേ ഇതിന് അര്‍ത്ഥം? കേരളത്തില്‍ എന്തുമാവാം എന്ന സി പി എം ചിന്തയുടെ ഭാഗമാണോ ഇത്? ഇതൊക്കെ അല്പം വികാരം ചാലിച്ചുള്ള ചിന്തകളാണ്. എന്നാലും പാന്ഥേയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതിനു പിന്നിലുള്ളത് നമ്മള്‍ മലയാളികളുടെ ഹര്‍ത്താലിനോടുള്ള നാണംകെട്ട ആത്മാര്‍ത്ഥതയാണ്.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അര്‍ദ്ധരാത്രി തന്നെ നടപ്പാക്കുന്നതായി പ്രഖ്യാപിച്ചു. വിലവര്‍ദ്ധന എന്നു കേട്ടതും ഇടതുമുന്നണി ഭരിക്കുന്ന കേരളനാട്ടില്‍ എല്‍ ഡി എഫ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബംഗാളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ എന്നു വേണമെങ്കില്‍ പറയാം. ആകെ മൊത്തം 29 സംസ്ഥാനങ്ങള്‍ ആണ് ഇന്ത്യാ മഹാരാജ്യത്ത് ഉള്ളത്. ഇവിടങ്ങളില്‍ എവിടെയും ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. പകരം കേരളം ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സുഖമായി ഏറ്റെടുത്ത് നടത്തി. ഒപ്പം, ബംഗാളും ഹര്‍ത്താല്‍ നടത്തി.

അപ്രതീക്ഷിതമായ ആ ഹര്‍ത്താല്‍ തന്ന ക്ഷീണത്തില്‍ നിന്ന് മലയാളി പയ്യെപ്പയ്യെ മുക്തരാകുന്നതേ ഉള്ളൂ. അപ്പോഴേക്കുമാണ് ഒരു പ്രഖ്യാപിത ബന്ദ് വന്നിരിക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ഇടതു പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ജൂലൈ അഞ്ചിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കേരളം ഓള്‍റെഡി ഒരു ഹര്‍ത്താല്‍ നടത്തിയതിനാല്‍ ഭാരത് ബന്ദ് എന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സംശയം. കേരളത്തില്‍ പ്രതിഷേധ ഹര്‍ത്താല്‍ നടത്തിയതല്ലേ, ഇനി ഒന്നുകൂടി വേണോ? വിശദീകരണം അപ്പോഴേക്കും വന്നു. കേരളം ഇന്ത്യയിലായതു കൊണ്ട് കേരളത്തിലും ഭാരത് ബന്ദ് ബാധകമാണ്. മനസ്സുറപ്പിച്ച് പറ്റില്ല എന്നൊന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ഹര്‍ത്താല്‍ നടക്കില്ല. പക്ഷേ, പാര്‍ട്ടിയെ ധിക്കരിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാകുമോ?

ബന്ദ് കോടതി നിരോധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ എന്ന വാക്ക് പിറവി കൊണ്ടത്. ഗുജറാത്ത് ഭാഷയില്‍ നിന്നും കടമെടുത്ത “ഹര്‍”‍ അഥവാ എല്ലാം എന്നും, “ഥാല്‍” അല്ലെങ്കില്‍ “ഥാലാ” എന്നാല്‍ അടയ്ക്കുക എന്നും അര്‍ഥം വരുന്ന വാക്കാണ് ഹര്‍ത്താല്‍ എന്ന ആനന്ദസാഗരമായി മലയാളികളെ ആഹ്ലാദിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍, 2010 ആരംഭത്തില്‍ മേഘാലയ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഉത്തരവ് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പണിമുടക്കും ബന്ദും പിക്കറ്റിംഗും നിരോധിച്ചു കൊണ്ടായിരുന്നു ഉത്തരവ്. ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിന്‍റെ ഈ തീരുമാനം. അന്ന് മേഘാലയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ ചെലമേശ്വര്‍ ആണ് ഇപ്പോള്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നതാണ് ഇപ്പോള്‍ മലയാളികളുടെ ഏക പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക