മതതീവ്രവാദികളുടെ ഏറ്റവും വലിയ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് മിശ്രവിവാഹിതരാകുന്ന കമിതാക്കള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങള്‍ നിരവധിയാണ്. ഒരുതരം ‘താലിബാനി’സത്തിലേക്കാണോ കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കാതെ വയ്യ!
ഭരണകൂടവും പൊലീസും കേരളത്തിലെ പ്രധാന മനുഷ്യവകാശ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരുടെ മൌനവും കൂടിയാകുമ്പോള്‍ ദക്ഷിണേന്ത്യന്‍ താലിബാനികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നുവെന്ന് ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്ന അസോസിയേഷന്‍ ഫോര്‍ സിവില്‍ ആന്‍ഡ് ഡെമോക്രാറ്റിക് റൈറ്റ്സ് (എസിഡിആര്‍) സെക്രട്ടറി ആന്‍റണി കെ പറയുന്നു.
ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ജസീല - ജസ്റ്റിന്‍ ദമ്പതികള്‍ക്ക് നേരെ അരങ്ങേറുന്ന പൊലീസ് ഭരണകൂട ഭീകരത. മലപ്പുറത്തെ സമുദായ പ്രമാണിയും മുസ്ലീംലീഗിന്‍റെ നേതാവുമായ ഉന്നതന്‍റെ മകളാണ് ജസീല (19). കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പാല്‍ചുരം സ്വദേശിയായ ജസ്റ്റിന്‍ മലപ്പുറത്ത് ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനം നടത്തുന്നതിനിടെയാണ് ജസീലയെ പരിചയപ്പെടുന്നത്. ടിടിസി വിദ്യാര്‍ഥിനിയായ ജസീല, ജസ്റ്റിന്‍റെ സ്ഥാപനത്തില്‍ സ്പോക്കണ്‍ ഇംഗ്ലിഷ് പഠനം നടത്തിയിരുന്നു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരെയും കാണാതാവുകയായിരുന്നു.
ഇക്കാര്യം കാണിച്ച് ജസീലയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ജസീലയെ കണ്ടെത്താന്‍ പൊലീസിനോടു കോടതിയും ഉത്തരവിട്ടു. ഇതിനിടെ ജനുവരി മൂന്നിനു ജസ്റ്റിനും ജസീലയും ഹൈക്കോടതിയില്‍ ഹാജരായി. ഒരാഴ്ച ഉമ്മയ്ക്കൊപ്പം ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ ജസീലയോട് കോടതി നിര്‍ദേശിച്ചു.
ഒരാഴ്ച കഴിഞ്ഞ് ഇരുവരും വീണ്ടും കോടതിയില്‍ ഹാജരായപ്പോഴാണ് താന്‍ ജസ്റ്റിന്‍റെ കൂടെ മാത്രമേ താമസിക്കുകയുള്ളൂവെന്നു ജസീല വ്യക്തമാക്കിയത്. ഇതുപ്രകാരം അതിനുള്ള അനുമതി കൊടുക്കുന്നതോടൊപ്പം പൊലീസ് സംരക്ഷണം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ജനുവരി 10ന് ഇവര്‍ വിവാഹിതരാകുകയും ചെയ്തു.
എന്നാല്‍, ജനുവരി 13ന് മലപ്പുറം നാര്‍കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം മോഷണക്കുറ്റം ആരോപിച്ച് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തു. ജസ്റ്റിനും ജസീലയും ചേര്‍ന്ന് തന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി നൂറിലധികം പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ചുവെന്ന് ജസീലയുടെ സഹോദരന്‍റെ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കോടതില്‍ വെള്ളിയാഴ്ച ഹാജരാക്കിയ ദമ്പതികളില്‍ ജസീലയെ ജാമ്യത്തില്‍ വിടുകയും ജാമ്യം നിഷേധിക്കപ്പെട്ട ജസ്റ്റിനെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ജാമ്യം ലഭിച്ച ജസീലയെ ബാപ്പ കാറില്‍ കയറ്റി കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ജസ്റ്റിന്‍റെ മാതാവ് കത്രീന വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് തനിക്കും കുടുംബത്തിനും ആത്മഹത്യയല്ലാതെ മറ്റുവഴികള്‍ ഒന്നുമില്ലെന്നാണ്. ആഡംബരകാറുകളില്‍ വന്‍ റൌഡി സംഘങ്ങളാണ് മലപ്പുറത്ത് നിന്നും കണ്ണൂരില്‍ ജസ്റ്റിന്‍റെ വീട്ടിലും പരിസരത്തുമെത്തി ഭീഷണിപ്പെടുത്തുന്നത്. ഒരു മന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന റൌഡിസംഘം നാട്ടുകാരെപ്പോലും വെറുതെ വിടുന്നില്ലെന്നാണ് ഭയചകിതരായ ബന്ധുക്കളും നാട്ടുകാരും പരാതിപ്പെടുന്നത്.
പ്രണയത്തിന് മതവും ജാതിയും ഇല്ലെന്നിരിക്കേ, പ്രണയിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ ചില മതങ്ങളുടെ അംഗീകാരം വേണമെന്നത് എന്തൊരു വിചിത്രമായ രീതിയാണ്! ചില മതങ്ങളുടെ കണ്ണില്‍ കരടായാല്‍ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത് താലിബാനിസത്തിന്‍റെ ക്രൂരമുഖമല്ലാതെ എന്താണ്?