വിവാദങ്ങളുടെ കളിത്തോഴനാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഏതുമുന്നണിയിലാണെങ്കിലും മുഖം നോക്കാതെ പറയുന്ന അഭിപ്രായങ്ങളാണ് ജോര്‍ജിനെ എന്നും വിവാദത്തിലാക്കുന്നത്. കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ബന്ധം, മാണിയുടെ മുഖ്യമന്ത്രിസ്ഥാനം എന്നിവ മുതല്‍ സിപിഐയിലെ വിവാദം വരെയുള്ള കാര്യങ്ങളെക്കുറിച്ച് പി സി ജോര്‍ജ് വെബ്‌ദുനിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു സംസാരിക്കുന്നു.
കോണ്‍ഗ്രസും കേരളകോണ്‍ഗ്രസുമായി നിലവിലുള്ള ബന്ധം ഇപ്പോള്‍ എങ്ങനെയാണ്?
വളരെ നല്ല ബന്ധമാണ്. എന്നാല്‍ കോണ്‍ഗ്രസ് വലിയേട്ടനാണ്. ചെറിയേട്ടനായി നിന്നോളണമെന്നാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യപാര്‍ട്ടിയല്ലേ രണ്ടും. അതിന്റേതായ തര്‍ക്കങ്ങളുണ്ട്. പ്രാദേശികമായി പ്രശ്നങ്ങള്‍ സാധാരണമാണ്. കേരള കോണ്‍ഗ്രസില്‍നിന്ന് ആളു പോയാല്‍ കോണ്‍ഗ്രസ് വളര്‍ത്താമെന്ന തെറ്റായ ധാരണയാണ് അതിന് കാരണം. പക്ഷേ നമുക്ക് അറിയാം. കേരള കോണ്‍ഗ്രസുകാരന്‍ ഏതെങ്കിലും തര്‍ക്കത്തിന്റെ പേരില്‍ പോയാലും അവന് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല. അവന്‍ പാര്‍ട്ടിയിലേക്ക് തന്നെ വരും. കേരള കോണ്‍ഗ്രസില്‍ നിന്ന് ആള് പിടിച്ച് കോണ്‍ഗ്രസ് ഉണ്ടാക്കാമെന്ന് വല്ല ധാരണയുമുണ്ടെങ്കില്‍ അത് താത്കാലികം മാത്രമാണ്, അതില്‍ വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
മാണിയുടെ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച്?
അതിന് ഞാന്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം. വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. മാണി സാര്‍ മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്ന് കേരളത്തിലെ എല്ലാ പാര്‍ട്ടികളും പറയുന്നു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തന്നെ പറയുന്നു. അത് വേണോ വേണ്ടയോ എന്ന് വ്യക്തമാക്കേണ്ടത് മാണി സാറാണ്. അല്ലാതെ ഇത് വിവാദമാക്കാനോ വാര്‍ത്തയാക്കാനോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് താല്പര്യമില്ല. പുള്ളി അത് വേണോ വേണ്ടയോ എന്ന് പറയട്ടെ. വേണമെന്ന് മാണി സാര്‍ പറഞ്ഞാല്‍ അതിനുള്ള നടപടി സ്വീകരിക്കും. വേണ്ടെന്ന് പറഞ്ഞാല്‍ അങ്ങനെ. അല്ലാതെ അതിനുവേണ്ടി തര്‍ക്കത്തിനോ വഴക്കിനോ കേരള കോണ്‍ഗ്രസില്ല. എന്തു തീരുമാനവും അദ്ദേഹത്തിന് എടുക്കാം. അതിനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്.
അടുത്ത് പേജില്‍ - കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറുമോ?
ഇടതുമുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച നടന്നിട്ടുണ്ടോ?
അങ്ങനെയൊരു ചര്‍ച്ച നടന്നതായി എനിക്കറിയില്ല. കാരണം അങ്ങനെയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. പാര്‍ട്ടി കമ്മിറ്റികളില്‍ അത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇനി അങ്ങനെയൊരു ചര്‍ച്ച ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി തീരുമാനമല്ല. അതെല്ലാം വ്യക്തിപരമാണ്. അങ്ങനെ നടന്നുവെന്നുള്ളതിന് തെളിവൊന്നും വന്നിട്ടില്ല. അത് പാര്‍ട്ടിയില്‍ ചര്‍ച്ച വരാത്തതുകൊണ്ട് എനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ല. അങ്ങനെ അഭിപ്രായം പറയുന്നത് മര്യാദയുമല്ല.
ബിജെപി ക്ഷണം വച്ചു നീട്ടിയിരുന്നല്ലോ?
ആ ക്ഷണത്തിനൊരു പ്രസക്തിയുമില്ല. ജന്മഭൂമി പത്രത്തില്‍ ഒരു ലേഖനം വന്നുവെന്നല്ലാതെ ബിജെപിയിലേക്ക് പോകുന്നുവെന്ന് ഞങ്ങളാരെങ്കിലും പറഞ്ഞാലല്ലേ പ്രസക്തിയുള്ളൂ. ഞങ്ങള്‍ അങ്ങനെ പറയാത്തിടത്തോളം കാലം, ഇല്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ ബിജെപിയില്‍ നേതാക്കന്മാര്‍ തമ്മില്‍ കലഹിക്കേണ്ടെന്നേ എനിക്ക് പറയാനുള്ളൂ.
മന്ത്രിസഭ പുനഃസംഘടന അടുത്തയാഴ്ച ഉണ്ടാകുമെന്ന് വാര്‍ത്തകളുണ്ടല്ലോ, കാര്‍ത്തികേയന്‍ മന്ത്രിയാകുമെന്നും മറ്റും?
ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കെപിസിസി പ്രസിഡന്റുമായി പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. കാര്‍ത്തികേയന്‍ മന്ത്രിയാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാര്‍ത്തികേയന്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നേ. വെറുതെ കാര്‍ത്തികേയനെ പോലെ ഒരു വ്യക്തിയെ അപമാനിക്കുന്നത് ശരിയല്ല. സ്പീക്കര്‍ സ്ഥാനം രാജി വെക്കാന്‍ അനുവാദം ചോദിച്ചുവെന്നല്ലാതെ ഒരിക്കലും മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല. മന്ത്രിയാകാനുള്ള സാധ്യത ഞാന്‍ കാണുന്നുമില്ല.
പട്ടയപ്രശ്നത്തില്‍ പ്രത്യേകിച്ച് ചെറുനെല്ലി എസ്റ്റേറ്റ് സംബന്ധിച്ച് നിലപാട് എന്താണ്?
ചെറുനെല്ലി എസ്റ്റേറ്റ് ഒന്നുമല്ല പ്രശ്നം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് 1-7-1977നു മുമ്പ് കൃഷിഭൂമിയായിരുന്ന മുഴുവന്‍ സ്ഥലവും പട്ടയം നല്‍കി കാര്‍ഷിക മേഖലയാക്കണമെന്നാണ്. അതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമൊന്നുമില്ല. ചെറുനെല്ലി മേഖലയില്‍ പട്ടയഭൂമിയുണ്ട്. റവന്യൂ പട്ടയമാ. ഫോറസ്റ്റ് പട്ടയമല്ല. ആ കൃഷിഭൂമിയെല്ലാം കൂടി വനമാണെന്ന് പറഞ്ഞ് ആ അംഗീകരിക്കില്ല, ഇഎഫ്‌എല്‍ നിയമം പൊളിച്ചെഴുതണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി വളരെ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ ചെറുനെല്ലി എസ്റ്റേറ്റ് എന്നല്ല -7-1977നു മുമ്പ് മുഴുവന്‍ എസ്റ്റേറ്റുകള്‍ക്കും പട്ടയം നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം.
അടുത്ത പേജില്‍ - ഗണേഷുമായുള്ള പ്രശ്നം വ്യക്തിപരമല്ല
ഗണേഷ് കുമാറുമായുള്ള പ്രശ്നം ചെറുനെല്ലി എസ്റ്റേറ്റിന്റെ പേരിലായിരുന്നോ അതോ വ്യക്തിപരമായിരുന്നോ?
അല്ല. അത് വ്യക്തിപരമായിരുന്നില്ല. അതില്‍ ഗണേഷ് കാണിച്ചതെന്താ? മന്ത്രി തെറ്റ് കാണിച്ചാല്‍ തെറ്റാണെന്ന് പറയണ്ടേ? അവിടെ 80 വര്‍ഷമായി മൂന്നു പ്രാവശ്യം റബര്‍ വെട്ടി റീപ്ലാന്റ് ചെയ്ത സ്ഥലം ഗണേഷ് വനഭൂമിയാണെന്ന് പറഞ്ഞാല്‍. ഞാന്‍ അവിടെ പോയി കണ്ടു, വനഭൂമി ജണ്ട കെട്ടിത്തിരിച്ചിട്ടുണ്ട്. ജണ്ടയ്ക്ക് പുറത്തുള്ളതെല്ലാം കൃഷിഭൂമിയല്ലേ? ഭൂമിക്ക് പട്ടയം കൊടുക്കുന്നതിന് പകരം വനഭൂമിയാണെന്ന് പറഞ്ഞ് കൃഷിയൊക്കെ കളഞ്ഞാല്‍ അത് ഞാന്‍ സമ്മതിക്കില്ല. കാരണം അവിടെ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് ഒരാള്‍ക്ക് 13 ഏക്കറാണ്.
അത് കള്ളപട്ടയം ചമച്ച് സ്വന്തമാക്കിയതാണെന്ന് ഒരാരോപണം നിലനില്‍ക്കുന്നുണ്ട്?
ആ ആരോപണം പറയുന്നവന്റെ തന്തയ്ക്ക് വിളിക്കുക തന്നെ ചെയ്യും. കാരണമെന്താണെന്ന് വെച്ചാല്‍ ആ ഭൂമി ആരുടേതാണെന്ന് എനിയ്ക്ക് നല്ലപോലെ അറിയാം. ഞാന്‍ അറിയുന്ന ഒരു മുസ്ലിം കുടുംബമാണ്. ഞാന്‍ പറഞ്ഞ ഭൂമി. അവിടെ ഒരു അപ്പനുണ്ടായിരുന്നു. അപ്പന് ചേട്ടനനിയന്മാര്‍ നാലു പേര്‍ ഉണ്ടായിരുന്നു. അവരുടെ വല്യപ്പന്റെ കാലത്തുള്ള ഭൂമിയാണ്. അത് പിന്നെ അപ്പന്റെ കൈയില്‍ വന്നു. അതെല്ലാം കൂടി വനമാണ്, വേലിയിട്ടതാണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കുമോ? എനിക്ക് നേരിട്ടറിയാം. അതാണ് നമ്മുടെ തര്‍ക്കം.
ഗണേഷിനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്നാല്‍ എന്തായിരിക്കും നിലപാട്?
അതെല്ലാം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരിക്കുവാ. നമ്മള്‍ അതില്‍ അഭിപ്രായമൊന്നും പറയുന്നില്ല. കാരണം യുഡിഎഫില്‍ ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചതാണ്, മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളത് ചെയ്യാം. അതില്‍ ഞാനൊന്നും പറയുന്നില്ല.
മുഖ്യമന്ത്രി എന്ത് തീരുമാനമെടുത്താലും അത് കേരള കോണ്‍ഗ്രസിന് സ്വീകാര്യമാണ്?
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മാണി സാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുന്നാണ് തീരുമാനമെടുത്തത്. അതിന് അപ്പുറത്ത് ഒരു കാര്യം പറയാന്‍ എനിക്ക് എന്ത് അവകാശം? മാണി സാര്‍ അങ്ങനെ വൃത്തികേട് കാണിക്കുമോ? അപ്പോള്‍ മുഖ്യമന്ത്രി ഇല്ലായെന്ന് പറഞ്ഞാല്‍ ഇല്ല. ഉണ്ട് എന്ന് പറഞ്ഞാല്‍ അങ്ങനെ. അല്ലാതെ വ്യക്തിപരമായ അഭിപ്രായത്തില്‍ കാര്യമില്ല.
അടുത്ത പേജില്‍ - സി പി ഐയെ അഭിനന്ദിക്കുന്നു!
സിപിഐയിലെ വിവാദവും അച്ചടക്കനടപടിയും?
സിപിഐ പോലൊരു രാഷ്ടീയപാര്‍ട്ടിക്ക് ഇത്തരമൊരു നടപടിയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന് കഴിയാത്ത, എന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് കഴിയാത്ത മഹത്തരമായ, ധീരമായ തീരുമാനമെടുത്ത സിപിഐയെ അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഇപ്പോഴത്തെ മുന്നണി സംവിധാനത്തില്‍ കേരള കോണ്‍ഗ്രസ് തൃപ്തരാണോ?
ഈ മുന്നണി സംവിധാനത്തില്‍ ആരും തൃപ്തരല്ല. എന്നാല്‍ എല്ലാം തൃപ്തരാണ്. അതാണ് മുന്നണിയുടെ പ്രത്യേകത. പറയുന്ന എല്ലാ കാര്യങ്ങളും കിട്ടിയില്ലെങ്കില്‍ ആ ആള്‍ക്കാര്‍ക്ക് അതൃപ്തി. പിന്നെ എല്ലാ കാര്യങ്ങളും കിട്ടിയാല്‍ തൃപ്തി. വ്യത്യസ്തമായ രാഷ്ട്രീയകക്ഷിയില്‍ പെട്ടവര്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിയാണ്. അതില്‍ വലിയേട്ടന്‍, ചെറിയേട്ടന്‍ നിലയൊക്കെയുണ്ട്. പരസ്പരം ആലോചിക്കാതെ ചില കാര്യങ്ങള്‍ എടുക്കുമ്പോള്‍ ചില ബുദ്ധിമുട്ട് തോന്നും. സന്തോഷം തോന്നും. അങ്ങനെ എല്ലാ ചിന്താഗതിക്കാര്‍ക്കും സുഖവും ദുഃഖവുമുള്ള മുന്നണിയാണ് എന്നാണ് യുഡിഎഫിനെക്കുറിച്ച് എന്റെ അഭിപ്രായം.