രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വലുതും ചെറുതുമായ പാര്‍ട്ടികളെല്ലാം കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. ആറ് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ തരംഗമാണ് കണ്ടത്. എന്നാല്‍ രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദവും സാമ്പത്തിക മാന്ദ്യവും ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങുന്ന ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും തന്ത്രത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കുക എന്നത് കോണ്‍ഗ്രസ്സിന് ഏറെ ശ്രമകരമായ ജോലിയാണ്.
കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ മുന്നണിക്കും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്കും പരസ്പരം ഭയമുണ്ടെങ്കിലും ഇരുമുന്നണികള്‍ക്കും ഇത്തവണ വന്‍ ഭീഷണിയുയര്‍ത്താന്‍ പോവുന്നത് ഇടതുകക്ഷികളായിരിക്കാന്‍ സാധ്യതയുണ്ട്. ദേശീയ തലത്തില്‍ ഒരു മൂന്നാം മുന്നണിക്ക് രൂപം കൊടുക്കുകയാണ് ഇടതുകക്ഷികളിലെ പ്രമുഖ പാര്‍ട്ടിയായ സി.പി.ഐ(എം). കഴിഞ്ഞ രണ്ട് മാസക്കാലമായി, മൂന്നാം മുന്നണിയുടെ രൂപീകരണത്തിനായി ഓടിനടക്കുകയാണ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ മൊത്തം നേടിയിരിക്കുന്ന സീറ്റുകള്‍ കണക്കിലാക്കുകയാണെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലെന്ന് തോന്നാമെങ്കിലും ഇന്ത്യയുടെ മനസ്സില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് മായാവതി തൊട്ട് തെലുങ്കുനാട്ടിലെ ചന്ദ്രബാബു നായിഡുവും ദ്രാവിഡപ്പാര്‍ട്ടിയുടെ തലതൊട്ടമ്മയായ ജയലളിതയും ഇടതിന്‍റെ നേതൃത്വത്തെ അംഗീകരിക്കുന്നതും മൂന്നാംമുന്നണിക്ക് സമ്മതം നല്‍കിയിരിക്കുന്നതും.
മായാവതിയും ജയലളിതയും ചന്ദ്രബാബു നായിഡുവും അടങ്ങുന്ന ഒരു മൂന്നാംമുന്നണിയെ പറ്റിയുള്ള ചിന്ത തന്നെ ഒരു അസംബന്ധ നാടകത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ചിലര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അധികാരത്തിന് വേണ്ടി ഒരു യുക്തിയുമില്ലാത്ത കൂട്ടുകെട്ടുകളാണ് കാരാട്ടും കൂട്ടരും ഉണ്ടാക്കുന്നതെന്ന് പാര്‍ട്ടിയിലെ യാഥാസ്ഥിതികര്‍ മുറുമുറുക്കുന്നുമുണ്ട്. തരം കിട്ടിയപ്പോഴൊക്കെ ബി.ജെ.പിയോടൊപ്പം കൂട്ടുകൂടിയവരെയെല്ലാം ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുന്നതിന്‍റെ അനൌചിത്യം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ പുകയുമെന്ന് തീര്‍ച്ച.
പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു പുതു നേതൃനിര വരുന്നത് പുതിയൊരു ഇന്ത്യയുടെ തുടക്കമാകുമെന്ന് ‘പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും’ കടന്നുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ കരുതുന്നു. അധികാരം കിട്ടിയാല്‍ ഇന്ത്യയെ വെട്ടിമുറിച്ച് വില്‍ക്കാനും കാശ് പോക്കറ്റിലാക്കാനും നടക്കുന്ന പരമ്പരാഗത പാര്‍ട്ടികള്‍ക്ക് ഒരു ബദല്‍ വയ്ക്കുകയാണ് പ്രകാശ് കാരാട്ട് ചെയ്യുന്നതെന്നും ഇതിനുവേണ്ടി പാര്‍ട്ടിയുടെ നയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും ഇവര്‍ വാദിക്കുന്നു.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമെതിരെ അണിചേരുന്നവരുടെ സഖ്യത്തിന് രൂപം കൊടുത്ത് വരാന്‍ പോവുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിപുലമായ രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനൊരുങ്ങുകയാണ് ഇടതുമുന്നണിയെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. ‘അധികാരം കൊയ്യണമാദ്യം നാം, അതിന് മേലാവട്ടെ പൊന്നാര്യന്‍’ എന്ന് ഇടശ്ശേരി പാടിയത് ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ‘മായിക ജയ’ മോഹങ്ങള്‍ പൂവണിയുമോ എന്ന് ഒറ്റുനോക്കുകയാണ് രാഷ്ട്രീയഭാരതം.