അഞ്ചാം മന്ത്രി പ്രശ്നത്തില്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നില്ല. ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ആര്യാടനെതിരെ ആഞ്ഞടിക്കുന്ന പ്രതിഷേധക്കാര്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്.
ബുധനാഴ്ച കല്‍പ്പറ്റയില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫ്ലക്സ് ബോര്‍ഡിലെ ചിത്രത്തില്‍ ആര്യാടന്റെ തലയ്ക്ക് പട്ടിയുടെ ഉടലാണ് നല്‍കിയിരിക്കുന്നത്. “മലപ്പുറത്ത് ഈ പട്ടി കുരച്ചാല്‍ മുസ്ലിം ലീഗിന് പുല്ലാണ്...” തുടങ്ങിയ വാചകങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. കല്പറ്റ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ബോര്‍ഡ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. “ആര്യാടന്റെ നാവിന്റെ ചൊറിച്ചില്‍ ഉരച്ച് തീര്‍ക്കേണ്ടത് ലീഗിന്റെ നെഞ്ചത്തല്ല...” എന്നിങ്ങനെയുള്ള വാചകങ്ങളുമായി ഫേസ്ബുക്കിലും മറ്റും അദ്ദേഹത്തിനെതിരെ പ്രതിഷേധം കൊഴുക്കുകയാണ്.
അഞ്ചാം മന്ത്രി പ്രശ്നത്തെച്ചൊല്ലി ആര്യാടന്‍ ഒരു ഘട്ടത്തില്‍ രാജിക്ക് പോലും മുതിര്‍ന്നിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം രാജിവയ്ക്കുമെന്നും സൂചനകളുണ്ട്. ലീഗിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്‍റെ അവസാന മുഖ്യമന്ത്രിയാകുമെന്ന് ആര്യാടന്‍ മുഹമ്മദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ എസ് എസിന്‍റെയും എസ് എന്‍ ഡി പിയുടെയും പ്രതിഷേധം മുന്‍കൂര്‍ കണ്ടറിഞ്ഞാണ് ആര്യാടന്‍ അങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.
കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനാണ് വര്‍ഗീയ പാര്‍ട്ടിയായ ലീഗിന്റെ ശ്രമമെന്നും കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് ആരുടേയും ഔദാര്യമല്ലെന്നും ആര്യാടന്‍ തുറന്നടിച്ചിരുന്നു. മന്ത്രിപ്പണി ശാശ്വതമാണെന്നു കരുതുന്നില്ലെന്ന് പറഞ്ഞ് ആര്യാടന്‍ ഒരുമ്പെട്ടിറങ്ങിയതോടെ അദ്ദേഹം കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.