ആകാശവാണി...തിരുവനന്തപുരം

FILEFILE
പ്രാദേശിക വാര്‍ത്തകള്‍, വായിക്കുന്നത്...ആരുമാവട്ടെ, പക്ഷേ കേരളത്തിലെ വാര്‍ത്താ ശ്രോതാക്കള്‍ ഈ വായനയ്ക്ക് ചെവി കൊടുക്കാന്‍ തുടങ്ങിയിട്ട് അമ്പത് വര്‍ഷം തികഞ്ഞു. ആകാശവാണിയുടെ പ്രാദേശിക വാര്‍ത്ത സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ് ഇപ്പോള്‍.

1957 ഓഗസ്റ്റ് 15 ന് ആണ് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്ന് ആദ്യത്തെ പ്രാദേശിക വാര്‍ത്ത പ്രക്ഷേപണം നടത്തുന്നത്. അതേ സമയം ഡല്‍ഹി നിലയം 1949 ല്‍ തന്നെ മലയാള വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയിരുന്നു.

1943ല്‍ തിരുവനന്തപുരം ആകാശവാണി നിലയം പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും ഇവിടെ പ്രത്യേക വാര്‍ത്താ യൂണിറ്റ് ഇല്ലായിരുന്നതാണ് പ്രാദേശിക വാര്‍ത്താ പ്രക്ഷേപണം വൈകാന്‍ കാരണമായത്.

രാവിലെ ചായ മലയാളിക്ക് നിര്‍ബന്ധമാണെന്ന് പറയുന്നത് പോലെ അവശ്യ പരിപാടി ആയി മാറാന്‍ പ്രാദേശികവാര്‍ത്തയ്ക്കും കഴിഞ്ഞു. രാവിലെ തന്നെ പുറം ലോകത്തിലേക്ക് ജാലകം മലര്‍ക്കെ തുറന്നിടുന്ന ഈ വാര്‍ത്താ പരിപാടിയിലൂടെ ഒരു കൂട്ടം വാര്‍ത്താ വായനക്കാരും മലയാള മനസ്സില്‍ സ്ഥാനമുറപ്പിച്ചത് സ്വാഭാവികം മാത്രമാണ്.

സ്വന്തം വായനാ ശൈലിയിലൂടെ മലയാളികളെ കീഴടക്കിയവരില്‍ പ്രമുഖരാണ് രാമചന്ദ്രന്‍, പ്രതാപന്‍, ഗോപന്‍ തുടങ്ങിയവര്‍. ഡല്‍ഹിയില്‍ നിന്ന് ആദ്യ മലയാള വാര്‍ത്ത വായിച്ചത് കെ പദ്മനാഭന്‍ നായരായിരുന്നു.

ഇപ്പോള്‍ മലയാള വാര്‍ത്താ വിഭാഗം മൂന്ന് ബുള്ളറ്റിനുകളും വാര്‍ത്താ തരംഗിണി, വാര്‍ത്താ വീക്ഷണം തുടങ്ങിയ പരിപാടികളുമായി മുന്നേറുകയാണ്. ഇപ്പോള്‍ കെ ബീന, റോയ് ചാക്കോ, കെ പി രാജീവന്‍, ജേക്കബ് ഏബ്രഹാം, വി എം അഹമ്മദ് , എന്‍ ദേവന്‍ തുടങ്ങിയ പുതു തലമുറയുടെ പ്രതിനിധികളാണ് വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്നത്.

സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഓഗസ്റ്റ് 15 മുതല്‍ 22 വരെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രി സഭാംഗങ്ങള്‍ ശ്രോതാക്കളുമായി പ്രത്യേക പരിപാടികളിലൂടെ സംവദിക്കും. 22 ന് മാധ്യ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ‘റേഡിയോ പ്രക്ഷേപണ രംഗത്തെ വെല്ലുവിളികള്‍‘ എന്ന സെമിനാര്‍ നടക്കും.

22 ന് ആഘോഷ പരിപാടികളുടെ സമാപന ചടങ്ങില്‍ മാധ്യമരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങില്‍, ആദ്യ പ്രാദേശിക വാര്‍ത്താ സംഘത്തിലുള്ളവരെ അനുസ്മരിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക