ദളിത് യുവതിയെ പ്രണയിച്ചു; അനുജനെ സഹോദരന്‍ വെട്ടിക്കൊന്നു - പെണ്‍കുട്ടി ആശുപത്രിയില്‍
വ്യാഴം, 27 ജൂണ്‍ 2019 (14:24 IST)
അന്യജാതിയിലെ യുവതിക്കൊപ്പം താമസം ആരംഭിച്ച അനുജനെ സഹോദരന്‍ വെട്ടിക്കൊന്നു.
മേട്ടുപ്പാളയം ശിരുമുഖ റോഡില്‍ സീരംഗരായന്‍ ഓടയ്ക്കടുത്തുള്ള കറുപ്പസ്വാമിയുടെ മകന്‍ ഇളയമകന്‍ കനകരാജ് (22) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ വിനോദ്കുമാര്‍ (25) പൊലീസില്‍ കീഴടങ്ങി.
ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ദളിത് വിഭാഗത്തിലെ പതിനേഴുകാരിയുമായി കനകരാജ് രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് പെണ്‍കുട്ടി കനകരാജിന്റെ വീട്ടിലെത്തി പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെ കുറച്ച് ദിവസം മുമ്പ് മുതല്‍ സീരംഗരായന്‍ പ്രദേശത്ത് ഒരുവീട്ടില്‍ കനകരാജും യുവതിയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ വിനോദ്കുമാര്‍ ചൊവ്വാഴ്ച വൈകീട്ടെത്തി വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. കനകരാജ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
യുവതിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഇവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിനോദ്കുമാര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.