ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിഷേധം ശക്തമാക്കി ബന്ധുക്കള്‍ - ഏഴു പേര്‍ അറസ്‌റ്റില്‍
ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക ആക്രമണം. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് പ്രതിഷേധം ശക്തമായത്.
അക്രമികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തിയതോടെയാണ് കുട്ടിയുടെ ബന്ധുക്കളും സമീപവാസികളും പൊലീസിനെതിരെ തിരിഞ്ഞത്. പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തടയുകയും ചെയ്‌തതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധം തുടരുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
സാധാനം വാങ്ങാൻ പുറത്ത് പോയ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വന പ്രദേശത്തു നിന്നും കണ്ടെത്തിയത്. പരിശോധനയില്‍ കൂട്ട ബലാത്സംഗം നടന്നതായി വ്യക്തമായി. ഇതേ തുടർന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്.
അതേസമയം, സംഭവത്തില്‍ ഏഴ് പേര്‍ അറസ്‌റ്റിലായെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ തങ്ങൾ ശ്രമിക്കുകയാണെന്നും അസൻസോളിലെ അഡീഷണൽ കമ്മീഷണര്‍ ലക്ഷ്മി നാരായൺ മീണ പറഞ്ഞു.