മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ശനി, 3 ഓഗസ്റ്റ് 2019 (16:42 IST)
മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ വെടിവച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ മോഗ ജില്ലയിലെ ബാഘ പുരാന എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. സന്ദീപ് സിംഗ് (28) എന്ന യുവാവാണ് കൂട്ടക്കൊല നടത്തിയ ശേഷം ജീവനൊടുക്കിയത്.
പിതാവ് മഞ്ചീത് സിംഗ് (55), അമ്മ ബിന്ദര്‍ കൌര്‍ (50) , സഹോദരി അമന്‍ജോത് കൌര്‍ (33),
സഹോദരിയുടെ മകള്‍ മനീത് കൌര്‍ (3), മുത്തശ്ശി ഗുര്‍ദീപ് കൌര്‍ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മുത്തച്ഛന്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.
സന്ദീപ് കുടുംബവുമായി അടുപ്പത്തിലായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പിതാവുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പ്രതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ചാണ് സന്ദീപ് വെടിയുതിര്‍ത്തത്. കൊല നടത്താന്‍ ഇയാള്‍ തീരുമാനിച്ചിരുന്നുവെന്നും അതിനായാണ് തോക്ക് കൈവശം സൂക്ഷിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.