‘പരീക്കേറ്റ ബഷീറിനെ എടുത്ത് നിൽക്കുന്ന ശ്രീറാം, ആംബുലൻസ് വിളിച്ചു, ആരുമില്ലാത്ത ഒരാളെ കൊണ്ടുവരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞു’; അപകടം നടന്ന സമയത്തെ കാര്യങ്ങൾ വിശദീകരിച്ച് ദൃക്‌സാക്ഷികൾ

ശനി, 3 ഓഗസ്റ്റ് 2019 (15:09 IST)
മാധ്യമപ്രവർത്തകനായ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം തന്നെയാണെന്ന് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് കൂടെയുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിനു മൊഴി നൽകി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
 
അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. ഇന്ന് വെളുപ്പിനെ മൂന്ന് മണിക്കായിരുന്നു സംഭവം. 
 
അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ആംബുലൻസ് വിളിച്ച് വരുത്താൻ ആവശ്യപ്പെട്ടതും ബഷീറിനെ ആംബുലൻസിലേക്ക് കയറ്റിയതുമെല്ലാം ശ്രീറാം തന്നെയാണ്. 
 
കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍