‘ഓ ബ്രയന്‍’ ഇതാണ് കളി

വ്യാഴം, 3 മാര്‍ച്ച് 2011 (10:41 IST)
PTI
PTI
'ഓ ബ്രയന്‍' ഇതാണ് കളി. ഇതുമാത്രമാണ് ക്രിക്കറ്റെന്ന് പറഞ്ഞാലും ചിലപ്പോള്‍ അതിശയോക്തിയാകില്ല. അനിശ്ചിതത്വത്തിന്റേയും അട്ടിമറിയുടെയും കളിയാണ് ഏകദിനക്രിക്കറ്റ്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഐറിഷ് പൊരാളികള്‍ കെവിന്‍ ഒബ്രയന്റെ നേതൃത്വത്തില്‍ കെട്ടഴിച്ചതും ഈ കളി തന്നെ.

ലോകകപ്പിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറി കുറിച്ച ഒബ്രയന്റെ പ്രകടനത്തിന്റെ പിന്‍‌ബലത്തില്‍ ഐറിഷ് പട ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. ഇംഗ്ലണ്ട് കുറിച്ച 328 റണ്‍സിന്റെ വിജയലക്‍ഷ്യം അഞ്ചു പന്ത് ബാക്കിനില്‌ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് മറികടന്നു.

ഏകദിനത്തിലെ വേഗമേറിയ ആറാമത്തെ സെഞ്ച്വറിയെന്ന ബഹുമതിക്കും ഒബ്രയാന്‍ ബുധനാഴ്ച അര്‍ഹനായി. 50 പന്തില്‍ സെഞ്ച്വറി തികച്ച ഒബ്രയന്‍ മാത്യു ഹെയ്ഡന്റെ (66 പന്തില്‍ 100) പേരിലുണ്ടായിരുന്ന ലോകകപ്പ് റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. 63 പന്തില്‍ 13 ബൗണ്ടറിയും ആറു സിക്‌സും ഉള്‍പ്പടെ ഒബ്രയന്‍ 113 റണ്‍സാണ് എടുത്തത്. ഒബ്രയനാണ് മാന്‍ ഓഫ് ദ മാച്ച്.

കളിയുടെ ഒരു ഘട്ടത്തില്‍ തോല്‍‌വി മുഖാമുഖം കണ്ടിരുന്ന ഐറിഷ് പടയെ വിജയതീരത്തേക്ക് നയിച്ചത് ഒബ്രയാനും കുസാക്കും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. 111 റണ്‍സെത്തുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങലിലായിരുന്ന ഐറിഷിനെ കരകയറ്റാന്‍ ഇവര്‍ ഒന്നുചേര്‍ന്നത് ആറാംവിക്കറ്റിലാണ്. 17.1 ഓവറില്‍ 162 റണ്‍സാണ് ഇവര്‍ നേടിയത്. 47 റണ്ണടിച്ചാണ് കുസാക്ക് ഐറിഷ് വിജയത്തില്‍ നിര്‍ണ്ണായകമായത്. 33 റണ്ണുമായി പുറത്താകാതെനിന്ന ജോണ്‍ മൂണിയും ലോകകപ്പിലെ റെക്കാഡ് ചെയ്സ് വിജയത്തില്‍ പങ്കാളിയായി.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇംഗ്ലണ്ട്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 327 റണ്‍സ്‌ ആണ് എടുത്തത്. ജൊനാഥാന്‍ ട്രോട്ട്‌(92), ഇയാന്‍ ബെല്‍(81) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. ആന്‍ഡ്രു സ്‌ട്രോസ്‌ 34ഉം കെവിന്‍ പീറ്റേഴ്‌സണ്‍ 59ഉം റണ്‍സ് നേടി

അയര്‍ലന്‍ഡ് ബോളിംഗ് നിരയില്‍ ജോണ്‍ മൂണി തിളങ്ങി. മൂണി ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ട്രെന്റ്‌ ജോണ്‍സ്‌റ്റണ്‍ രണ്ടു വിക്കറ്റുകള്‍ നേടി.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിന് ജോനാഥന്‍ ട്രോട്ട് അര്‍ഹനായി എന്നതും ബുധനാഴ്ചത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.

വെബ്ദുനിയ വായിക്കുക