ബൂമ്ര വെള്ളിടിയായി, ദക്ഷിണാഫ്രിക്കയുടെ തല തകര്‍ന്നു!

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (16:46 IST)
അത് അപ്രതീക്ഷിതമായിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ടുവിക്കറ്റുകള്‍ പെട്ടെന്നുതന്നെ വീണു. ഓപ്പണര്‍മാരായ ഹാഷിം അം‌ലയ്ക്കും ക്വിന്‍റണ്‍ ഡികോക്കിനും നിലയുറപ്പിക്കാന്‍ അവസരം ലഭിച്ചില്ല. അതിന് മുമ്പ് ഇന്ത്യയുടെ പേസ് മെഷീന്‍ ജസ്പ്രീത് ബൂമ്ര ഒരു വെള്ളിടിയായി മാറി. അം‌ല ആറ് റണ്‍സും ഡികോക്ക് 10 റണ്‍സും എടുത്ത് പുറത്തായി.
 
ബൌളിംഗില്‍ യാതൊരു പരീക്ഷണത്തിനും കോഹ്‌ലിയും ധോണിയും തയ്യാറായില്ല. ഭുവനേശ്വര്‍ കുമാറും ബൂമ്രയും തന്നെ ഓപ്പണ്‍ ചെയ്യട്ടെ എന്നുതന്നെയായിരുന്നു തീരുമാനം. അത് ഫലം ചെയ്തു. ദക്ഷിണാഫ്രിക്കയുടെ തല തകര്‍ക്കാന്‍ ബൂം‌മ്രയ്ക്ക് കഴിഞ്ഞു.
 
മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ബൂമ്ര അം‌ലയെ പുറത്താക്കിയത്. 140 കിലോമീറ്റര്‍ വേഗതയില്‍ മൂളിപ്പറന്ന പന്തില്‍ അം‌ലയ്ക്ക് പിഴച്ചു. ബാറ്റിന്‍റെ ഔട്ട്‌സൈഡ് എഡ്ജില്‍ കൊണ്ട് തെറിച്ച പന്ത് സെക്കന്‍റ് സ്ലിപ്പില്‍ ജാഗ്രതയോടെ നിന്ന സാക്ഷാല്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയുടെ കൈകളില്‍ വിശ്രമിച്ചു. 
 
ഡി കോക്കിനെ വിരാട് കോഹ്‌ലിയാണ് പിടിച്ചത്. 143 കിലോമീറ്ററില്‍ പാഞ്ഞുവന്ന പന്തില്‍ ഷോട്ടിന് ശ്രമിച്ച ഡികോക്കിനെ തേഡ് സ്ലിപ്പില്‍ കോഹ്‌ലി പിടികൂടുകയായിരുന്നു. 
 
അതിമാരകമായാണ് ബൂമ്ര പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. ബൂമ്രയുടെ പത്ത് ഓവറുകളെ നേരിട്ട് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിനെ, അതിജീവിക്കാന്‍ കഴിയുന്നതിനെ ആശ്രയിച്ചായിരിക്കും ദക്ഷിണാഫ്രിക്കയുടെ ഈ കളിയിലെ സാധ്യതകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article