യുവരാജിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പിതാവ്, ഭാവിമരുമകളെക്കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്
തിങ്കള്‍, 28 നവംബര്‍ 2016 (15:57 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് യുവിയുടെ അച്ഛന്‍ യോഗ്‍രാജ് സിംഗ്. വിവാഹത്തിൽ പങ്കെടുക്കില്ലെങ്കിലും തലേദിവസം ലളിത് ഹോട്ടലിൽ വച്ചുനടക്കുന്ന മെഹന്ദി ആഘോഷ പരിപാടിയിൽ താൻ പങ്കെടുക്കും. മകന്റെ വിവാഹ ആഘോഷത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനം നിർഭാഗ്യകരം തന്നെയാണെന്നും അദ്ദേഹം പറയുന്നു.
മതപരമായ ആചാരങ്ങൾക്കനുസരിച്ചു നടത്തുന്നതിനാലാണ് താൻ വിവാഹത്തിൽ പങ്കെടുക്കാത്തത്. ഞാൻ ദൈവത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളു അല്ലാതെ മതപുരോഹിതന്മാരില്‍ എനിക്കു വിശ്വാസമില്ല. മതപുരോഹിതന്മാര്‍ നടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവരാജിന്റെ പിതാവ് പറഞ്ഞു.
വിവാഹ ആഘോഷങ്ങള്‍ ലളിതമായിട്ടാണ് നടത്തേണ്ടത്. ഇതിനായി പണം അനാവശ്യമായി ചെലവഴിക്കരുത്. കോടികള്‍ ചെലവാക്കി വിവാഹം നടത്തുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും യോഗ്‍രാജ് സിംഗ് പറഞ്ഞു.
ഭാവിമരുമകളായ നടിയും മോഡലുമായ ഹസൽ കീച്ചിനെക്കുറിച്ചും യോഗ്‍രാജ് സിംഗിന് നല്ല അഭിപ്രായമാണുള്ളത്. ഹസൽ ഒരു മാലാഖയാണ്. കുടുംബത്തിൽ അവൾ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരും. പാശ്ചാത്യ സംസ്കാരത്തിൽ വളര്‍ന്ന ആളായിട്ടുകൂടി ഹസൽ ഇന്ത്യൻ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന പെൺകുട്ടിയാണെന്നും യോഗ്‍രാജ് പറഞ്ഞു.
നവംബർ 30നാണ് യുവരാജും ഹസൽ കീച്ചും തമ്മിലുള്ള വിവാഹം. ഫത്തേഗർ സാഹിബിലെ ഗുരുദ്വാരയിൽ വച്ചാണു വിവാഹം നടക്കുന്നത്.