Yash Dayal: വീടിനു മുന്നിലൂടെ പോകുന്ന സ്‌കൂള്‍ ബസിലെ കുട്ടികള്‍ 'റിങ്കു സിങ്, അഞ്ച് സിക്‌സ്' എന്നു കളിയാക്കും; വലിയ ഹൃദയവേദനയിലൂടെയാണ് കടന്നുപോയതെന്ന് യാഷ് ദയാലിന്റെ അച്ഛന്‍

രേണുക വേണു

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (11:57 IST)
Yash Dayal

Yash Dayal: 2023 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ് തന്റെ മകന്റെ ഓവറില്‍ അഞ്ച് സിക്‌സ് നേടിയ സംഭവത്തിനു ശേഷം വലിയ മാനസിക പ്രയാസം തോന്നിയിരുന്നെന്ന് വെളിപ്പെടുത്തി യാഷ് ദയാലിന്റെ പിതാവ് ചന്ദര്‍പാല്‍ ദയാല്‍. തന്റെ വീടിനു മുന്നിലൂടെ പോകുന്ന സ്‌കൂള്‍ ബസിലെ കുട്ടികള്‍ പോലും പരിഹസിക്കുകയായിരുന്നെന്ന് ചന്ദര്‍പാല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് യാഷ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് തങ്ങള്‍ കടന്നുപോയ സഹനങ്ങളെ കുറിച്ച് ചന്ദര്‍പാല്‍ മനസുതുറന്നത്. 
 
' ആ സംഭവത്തിനു ശേഷം അലഹാബാദിലെ കര്‍ബാല മസ്ജിദിനു സമീപമുള്ള വീടിനു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഞങ്ങളെ സംബന്ധിച്ചു വലിയൊരു അപകടം സംഭവിച്ച പ്രതീതിയായിരുന്നു. വീടിനു മുന്നിലൂടെ സ്‌കൂള്‍ ബസുകള്‍ കടന്നുപോകുമ്പോള്‍ കുട്ടികള്‍ 'റിങ്കു സിങ്, റിങ്കു സിങ്, അഞ്ച് സിക്‌സ്' എന്നൊക്കെ അലറി വിളിക്കും. വളരെ വേദന നിറഞ്ഞ അനുഭവമായിരുന്നു അത്. ഞങ്ങളുടെ മകന് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്ത് വളരെയധികം വിഷമിച്ചിട്ടുണ്ട്,' പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചന്ദര്‍പാല്‍ വെളിപ്പെടുത്തി. 
 
' ആ സംഭവത്തിനു ശേഷം യാഷിന്റെ അമ്മ രാധ രോഗിയായി. ഭക്ഷണം കഴിക്കാന്‍ അവള്‍ വിസമ്മതിച്ചു. അന്നത്തെ സംഭവത്തിനു ശേഷം യാഷ് ദയാലും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം അവന്‍ ആരോടും സംസാരിച്ചിട്ടില്ല. പക്ഷേ ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് അവന്‍ പോകരുതെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇവന്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനായി ഞങ്ങള്‍ അവനു പിന്തുണ നല്‍കി. അവനു ആത്മവിശ്വാസം പകരാന്‍ ഞങ്ങളുടെ കുടുംബം ഒന്നിച്ചു നിന്നു,' ചന്ദര്‍പാല്‍ പറഞ്ഞു. 
 
2023 ലെ കൊല്‍ക്കത്ത - ഗുജറാത്ത് മത്സരത്തിനിടെയാണ് യാഷ് ദയാല്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്. ഗുജറാത്ത് താരമായിരുന്ന യാഷ് എറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്കു 29 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആ സമയത്താണ് ക്രീസില്‍ ഉണ്ടായിരുന്ന കൊല്‍ക്കത്ത ഫിനിഷര്‍ റിങ്കു സിങ് യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് തവണ അതിര്‍ത്തി കടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍