ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയോടെ പ്രതിരോധത്തിലായി ഇന്ത്യൻ നായകൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്‌ത്രിയും. ടെസ്റ്റിൽ ഒന്നാം നമ്പർ ടീം എന്ന സ്ഥാനം നേടാൻ സാധിച്ചെങ്കിലും 2013 മുതൽ ഐസിസിയുടെ പ്രധാന ടൂർണമെന്റുകളിലൊന്നും തന്നെ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യക്കായിട്ടില്ല.ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് ശേഷം ഒക്‌ടോബർ മാസത്തിൽ ടി20 ലോകകപ്പ് കൂടെ വരാനിരിക്കുന്ന സാഹചര്യത്തിൽ ക്യാപ്‌റ്റനെയും കോച്ചിനെയും മാറ്റണമെന്നുള്ള വാദം ശക്തമായിരിക്കുകയാണ് ഇപ്പോൾ.
ഒക്‌ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ദേശീയ ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും. 60 ആണ് സപ്പോർട്ട് സ്റ്റാഫിന്റെ പ്രായപരിധി എന്നതും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് കൈവിട്ടു എന്നതും ശാസ്‌ത്രിയെ കോച്ചായി ഇന്ത്യ നിലനിർത്താൻ സാധ്യതകളെ ഇല്ലാതാക്കുന്നു. ഇംഗ്ലണ്ടും ഓസീസും വെസ്റ്റിൻഡീസുമടങ്ങുന്ന ശക്തമായ ടീമുകളാണ് ടി20 ലോകകപ്പിൽ ഉണ്ടാവുക എന്നതിനാൽ ലോകകപ്പ് നേടാൻ ഇന്ത്യയുടെ നിലവിലെ കളി പര്യാപ്‌തമാവില്ല.
പ്രധാനപ്പെട്ട കിരീടനേട്ടങ്ങൾ കോച്ചെന്ന നിലയിൽ നേടാനായില്ല എന്നതും അടുത്തിടെ ഉണ്ടായ ലോക ടെസ്റ്റ് ഫൈനൽ തോൽവിയുമാണ് കോച്ചിനെതിരെയുള്ള വികാരം ശക്തമാക്കിയിരിക്കുന്നത്. ടി20യിൽ നായകൻ എന്ന നിലയിൽ കോലിക്ക് പകരം രോഹിത്തിനെ പരിഗണിക്കണമെന്ന് ആവശ്യവും ശക്തമാണ്. ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ടീമിൽ ഘടനാപരമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.