രണ്ട് സൂപ്പര്‍ ഓവറുകളിലുമായി മൂന്ന് സിക്‌സും ഒരു ഫോറുമാണ് ഇന്ത്യ നേടിയത്. ഇതെല്ലാം പിറന്നത് രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും. ആദ്യ സൂപ്പര്‍ ഓവറില്‍ പുറത്തായ താരത്തിനു പിന്നീടുള്ള സൂപ്പര്‍ ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന നിയമം നിലനില്‍ക്കെ രോഹിത്തിനു വീണ്ടും അവസരം നല്‍കിയത് ഇന്ത്യയെ ജയിപ്പിക്കാനുള്ള അംപയര്‍മാരുടെ നീക്കമാണെന്ന് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ആദ്യ സൂപ്പര്‍ ഓവറിലെ അഞ്ചാം പന്തിന് ശേഷമാണ് രോഹിത് റിട്ടയേര്‍ഡ് ആയത്. അവസാന ബോളില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു. യഷസ്വി ജയ്‌സ്വാള്‍ ആയിരുന്നു ക്രീസില്‍. അഞ്ചാം പന്തില്‍ സിംഗിള്‍ ഓടി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്തിയ രോഹിത് ഓണ്‍ ഫീല്‍ഡ് അംപയര്‍മാരുമായി സംസാരിച്ചാണ് റിട്ടയേര്‍ഡ് ആയത്. പിന്നീട് റിങ്കു സിങ് ഇറങ്ങി. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കേണ്ട സാഹചര്യം ഉള്ളതുകൊണ്ടാണ് രോഹിത് റിട്ടയേര്‍ഡ് ആയത്. വിക്കറ്റിനു ഇടയിലൂടെ ഓടുന്നതില്‍ രോഹിത് അല്‍പ്പം പിന്നിലാണ്. അതുകൊണ്ട് നന്നായി ഓടാന്‍ കഴിവുള്ള റിങ്കു സിങ്ങിനെ തനിക്ക് പകരം ഇറക്കാന്‍ രോഹിത് തീരുമാനിച്ചു. ഇതിനെ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഇബ്രാഹിം സദ്രാന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിയമപരമായി നോക്കിയാല്‍ രോഹിത് ചെയ്തതില്‍ ഒരു തെറ്റുമില്ല !
ബോള്‍ ഡെഡ് ആയ ശേഷം അടുത്ത ബോള്‍ എറിയുന്നതിനു മുന്‍പ് ഏതൊരു താരത്തിനും റിട്ടയേര്‍ഡ് ആകാനുള്ള സാധ്യത നിയമം അനുവദിക്കുന്നുണ്ട്. അംപയര്‍മാരെ കാര്യം അറിയിച്ച ശേഷമായിരിക്കണം ബാറ്റര്‍ റിട്ടയേര്‍ഡ് ആകുന്നത്. പരുക്ക്, ശാരീരിക ബുദ്ധിമുട്ട്, ഒഴിവാക്കാന്‍ സാധിക്കാത്ത എന്തെങ്കിലും സാഹചര്യം എന്നിവയെ തുടര്‍ന്നാണ് റിട്ടയേര്‍ഡ് ആകുന്നതെങ്കില്‍ ആ താരത്തിനു വീണ്ടും ബാറ്റ് ചെയ്യാന്‍ അവസരമുണ്ട്. റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നാണ് ഇത് അറിയപ്പെടുക. മറിച്ച് മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ഇല്ലാതെയാണ് ബാറ്റര്‍ ക്രീസ് വിടുന്നതെങ്കില്‍ അത് 'റിട്ടയേര്‍ഡ് ഔട്ട്' എന്ന നിലയിലാണ് രേഖപ്പെടുത്തുക. റിട്ടയേര്‍ഡ് ഔട്ട് ആയ താരത്തിനു പിന്നീട് ബാറ്റ് ചെയ്യാന്‍ സാധിക്കില്ല.
രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആണോ റിട്ടയേര്‍ഡ് ഔട്ട് ആണോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. രോഹിത്തിനു പരുക്കോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ രോഹിത് 'റിട്ടയേര്‍ഡ് ഔട്ട്' ആയാണ് ക്രീസ് വിട്ടത്. നിയമപ്രകാരം റിട്ടയേര്‍ഡ് ഔട്ടായതിനാല്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. പക്ഷേ വീണ്ടും ഇറങ്ങാന്‍ അംപയര്‍മാര്‍ രോഹിത്തിനെ അനുവദിച്ചു. ആദ്യ സൂപ്പര്‍ ഓവറില്‍ ഔട്ട് ആകാത്തതിനാലാണ് രോഹിത്തിനെ വീണ്ടും ഇറക്കിയതെന്നാണ് അംപയര്‍മാരായ വിരേന്ദര്‍ ശര്‍മയുടെയും ജയരാമന്‍ മദനഗോപാലിന്റെയും വിശദീകരണം.
അതേസമയം അംപയര്‍മാരുടെ തീരുമാനത്തില്‍ പൂര്‍ണമായി പിഴവുണ്ട് എന്നുപറയാന്‍ സാധിക്കില്ല. കാരണം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആണോ റിട്ടയേര്‍ഡ് ഔട്ട് ആണോ എന്ന് ഔദ്യോഗികമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. റിട്ടയേര്‍ഡ് നോട്ട് ഔട്ട് എന്നൊരു സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും പരുക്ക്, ശാരീരിക ബുദ്ധിമുട്ട്, മറ്റ് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ ഒന്നുമില്ലാതെ കയറിപ്പോയ ബാറ്റര്‍ക്ക് പിന്നീട് ബാറ്റ് ചെയ്യണമെങ്കില്‍ എതിര്‍ ടീം നായകന്റെ അനുവാദം ആവശ്യമാണ്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രോഹിത്തിനെ രണ്ടാം സൂപ്പര്‍ ഓവറിലും ഇറക്കാന്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ അനുവദിക്കാനുള്ള സാധ്യതയും കുറവാണ്.