സഞ്ജുവിൻ്റെ ബാക്കപ്പായി രാജസ്ഥാൻ വളർത്തുന്ന താരം, ആരാണ് ഇമ്പാക്ട് പ്ലെയറായി തിളങ്ങിയ ദ്രുവ് ജുറൽ

വ്യാഴം, 6 ഏപ്രില്‍ 2023 (17:20 IST)
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായിരുന്നു ഇമ്പാക്ട് പ്ലെയർ എന്ന പുതിയ നിയമം. ഇതോടെ ടീമുകൾക്ക് പന്ത്രണ്ടാമനായി ഒരു താരത്തെ ടീമിനായി ഉൾപ്പെടുത്താൻ സാധിക്കും. ഐപിഎല്ലിലെ കഴിഞ്ഞ മത്സരങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഇമ്പാക്ട് പ്ലെയറായി വന്ന് ഏറ്റവും ഇമ്പാക്ട് ഉണ്ടാക്കിയ താരം രാജസ്ഥാൻ്റെ യുവതാരം ദ്രുവ് ജുറലായിരുന്നു.
 
പഞ്ചാബിനെതിരെ വലിയ തോൽവി മുന്നിൽ കണ്ട രാജസ്ഥാന് അവസാന ഓവർ വരെ വിജയപ്രതീക്ഷ തന്നത് 15 പന്തിൽ നിന്ന് 32* റൺസുമായി തകർത്തടിച്ച ജുവലായിരുന്നു. ഭാവിയിൽ രാജസ്ഥാനെ ഒട്ടേറെ മത്സരങ്ങളിൽ വിജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള താരമെന്നാണ് ജുറലിനെ മത്സരശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വിശേഷിപ്പിച്ചത്. വെറും 22 വയസ് പ്രായമാണ് താരത്തിനുള്ളത്.
 
2001 ജനുവരി 21ന് ജനിച്ച താരം ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായാണ് കളിക്കുന്നത്. 2020ൽ ഐസിസി അണ്ടർ 19 ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നു താരം. വിക്കറ്റ് കീപ്പർ ബാറ്ററായ ദ്രുവിനെ സഞ്ജുവിന് ബാക്കപ്പായി വളർത്തികൊണ്ടിരിക്കുകയാണ് രാജസ്ഥാൻ ടീം മാനേജ്മെൻ്റ്. കഴിഞ്ഞ 2 വർഷമായി ദ്രുവ് രാജസ്ഥാനോടൊപ്പമുണ്ട്. കഴിഞ്ഞ മത്സരത്തിൽ യുവതാരമെന്ന ലേബലിൽ അരങ്ങേറി പഞ്ചാബിനെ വിറപ്പിച്ചാണ് ദ്രുവ് മടങ്ങിയത്.പ്ലേയിംഗ് ഇലവനിൽ ദേവ്ദത്ത് പടിക്കൽ മോശം പ്രകടനം നടത്തുമ്പോൾ ദ്രുവിനെ ഫസ്റ്റ് ഇലവനിൽ കൊണ്ട് വരണമെന്ന് കഴിഞ്ഞ മത്സരത്തോടെ ആരാധകർ പറയുന്നു.
 
 നിലയുറപ്പിക്കാൻ ഒരുപാട് പന്തുകൾ വേണ്ട എന്നതാണ് ദ്രുവിൻ്റെ പ്രത്യേകത. ദുർബലമായ രാജസ്ഥാൻ മധ്യനിരയിൽ ദ്രുവിൻ്റെ സാന്നിധ്യം രാജസ്ഥാന് കൂടുതൽ കരുത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍