സ്ലോ പിച്ചും വലിയ ബൗണ്ടറികളും സൂര്യയ്ക്ക് പ്രശ്നമാകും, ലോകകപ്പിന് മുൻപ് സൂര്യയുടെ ദൗർബല്യങ്ങൾ പറഞ്ഞ് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ

ചൊവ്വ, 14 മെയ് 2024 (18:46 IST)
ടി20 ക്രിക്കറ്റില്‍ ലോകം കണ്ട പുതിയ പ്രതിഭാസമാണ് സൂര്യകുമാര്‍ യാദവ്. ടി20 ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷം എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം നടത്തി ബൗളര്‍മാരെ തച്ചുടച്ച് ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററെന്ന നേട്ടം സൂര്യ സ്വന്തമാക്കിയത് വളരെ വേഗത്തിലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന താരം ഐപിഎല്ലിലാണ് തിരിച്ചെത്തിയത്. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ പ്രധാനമായും സൂര്യകുമാറിന്റെ ഫോമിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
 
 ഈ സാഹചര്യത്തില്‍ സൂര്യകുമാറിന്റെ ബാറ്റിംഗിലെ ദൗര്‍ബല്യത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായുഡു. സൂര്യകുമാര്‍ യാദവിനെ പ്രതിരോധിക്കാനായി ബൗളര്‍മാര്‍ പുതിയ മാര്‍ഗം കണ്ടെത്തിയിട്ടുള്ളതായാണ് റായുഡു പറയുന്നത്. സൂര്യക്കെതിരെ വൈഡായി സ്ലോ ബോള്‍ എറിയുക എന്നതാണ് ബൗളര്‍മാര്‍ ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ ലോകകപ്പിലും നമ്മളത് കണ്ടതാണ്. പിച്ച് സ്ലോവാണ്. ബൗണ്ടറി വലുതാണ് എന്ന സാഹചര്യമാണെങ്കില്‍ സൂര്യക്കെതിരെ എതിര്‍ ടീമിന് പദ്ധതിയുണ്ട്. അത് പലപ്പോഴും വിജയമാകാറുമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ അമ്പാട്ടി റായുഡു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍