വിന്‍ഡീസ് ടീമില്‍ വീണ്ടും കലാപം; പൊള്ളാര്‍ഡിനെയും നരെയ്‌നയും ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സമിയും ഗെയിലും പൊട്ടിത്തെറിച്ചു, കൂട്ടായി ഡ്വയ്‌ന്‍ ബ്രോവോയും രംഗത്ത്

Webdunia
ശനി, 21 മെയ് 2016 (13:39 IST)
ട്വന്റി-20 ലോകകപ്പ് വിജയത്തിന്റെ നിറവില്‍ നില്‍ക്കുന്ന വെസ്‌റ്റ് ഇന്‍ഡീസ് ടീമീല്‍ വീണ്ടും കലാപം. ടീമിലെ മുതിര്‍ന്ന താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നിരവധി കാരണങ്ങള്‍ പറഞ്ഞ് ലോകകപ്പിലും സൂപ്പര്‍ 50 കപ്പിലോ (ആഭ്യന്തര ഏകദിന ടൂര്‍ണമെന്റ്) കളിക്കാതിരുന്ന കിറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത് നായകന്‍ ഡാരന്‍ സമിയും വെടിക്കെട്ട് ഓപ്പണര്‍ ക്രിസ്‌ ഗെയിലും ഓള്‍റൌണ്ടര്‍ ഡ്വയ്‌ന്‍ ബ്രോവോയുമാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതോടെയാണ് പുതിയ ഭിന്നത പരസ്യമായത്.

സമീപകാലത്തൊന്നും അഭ്യാന്തര, അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിക്കാതിരുന്ന താരമാണ് പൊള്ളാര്‍ഡ്. അദ്ദേഹത്തിന് ടീമില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും ലോകകപ്പില്‍ പരുക്കെന്ന് പറഞ്ഞ് ടീമിനൊപ്പം ചേരാത്ത താരമായിരുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹം ടീമില്‍ ഇടം പിടിച്ചതെന്നും സമി ചോദിക്കുന്നു.

പൊള്ളാര്‍ഡിനും നരെയ്‌നും കളിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ സെലക്ടര്‍മാര്‍ക്ക് ഒരു നിമിഷം കൊണ്ട് ബോധോദയം ഉണ്ടായോ എന്നാണ് ബ്രാവോ ചോദിച്ചത്. ഈ ദിവസത്തെ തമാശയായിട്ടെ സെലക്‍ടര്‍മാരുടെ ഈ തീരുമാനത്തെ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.  

സൂപ്പര്‍ 50 കപ്പില്‍ ബൗളിംഗ് ആക്ഷന്‍ ശരിയല്ലെന്നു പറഞ്ഞ് കളിക്കേണ്ടെന്ന് പറഞ്ഞു മടക്കിയ നരെയ്‌നെ ഇപ്പോള്‍ എങ്ങനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു ഗെയിലിന്റെ ചോദ്യം. ഈ നടപടി എങ്ങനെയാണ് ശരിയാകുന്നതെന്നും വെടിക്കെട്ട് താരം ചോദിക്കുന്നു.
Next Article